Section

malabari-logo-mobile

ഖത്തറിന്റെ സുഹൈല്‍ 1 ഉപഗ്രഹം പുതിയ നിക്ഷേപ സാധ്യതകള്‍ ലഭ്യമാക്കും

HIGHLIGHTS : ദോഹ: വാര്‍ത്താ വിനിമയ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനു

ദോഹ: വാര്‍ത്താ വിനിമയ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനു തന്നെ തുടക്കം കുറിച്ചേക്കാവുന്ന ഖത്തറിന്റെ കൃത്രിമോപഗ്രഹമായ ‘സുഹൈല്‍ 1’ ന്റെ വിക്ഷേപണം തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതോടൊപ്പം നിക്ഷേപത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന് ഖത്തര്‍ സാറ്റ്‌ലൈറ്റ് കമ്പനി (സുഹൈല്‍ സാറ്റ്) എക്‌സിക്യുടീവ് ഡയറക്ടര്‍ അവി അഹ്മദ് ആല്‍കുവാരി.  ഒരു അറബ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ആറു ടണ്‍ ഭാരം വരുന്ന ഈ ഉപഗ്രഹത്തില്‍ ടെലിവിഷന്‍ സംപ്രേഷണത്തിനുള്ള 170 ട്രാന്‍സ്‌പോണ്ടറുകളാണുള്ളത്. ഇതില്‍ 130 എണ്ണം എസ് ഡി  ടെലിവിഷന്‍ സംപ്രേഷണത്തിനും 30 എണ്ണം ഉയര്‍ന്ന ഗുണനിലവാരമുള്ള ഹൈ ഡെഫിഷ്യന്‍സി (എച്ച് ഡി) ടെലിവിഷന്‍ സംപ്രേഷണത്തിനും ഉള്ളതാണ്. ഖത്തര്‍ ടെലിവിഷന്‍, അല്‍ജസീറ, അല്‍റയാന്‍, അല്‍കാസ് എന്നീ ടെലിവിഷന്‍ ചാനലുകളുമായി സുഹൈല്‍ സാറ്റ് ഇപ്പോള്‍ തന്നെ കരാറായിക്കഴിഞ്ഞു. മറ്റു ചാനലുകള്‍ക്കും ഈ ഉപഗ്രഹത്തിലൂടെ സംപ്രേഷണം ചെയ്യാന്‍ കഴിയും. 2022 ലെ ലോകകപ്പ്  സുഹൈല്‍ 1 ലെ എച്ച് ഡി ട്രാന്‍സ്‌പോണ്ടറുകള്‍ വഴി ലോകം മുഴുവന്‍ സംപ്രേഷണം ചെയ്യാന്‍ ഫിഫയുമായി കരാറിലെത്തിയിട്ടുണ്ട്. ഈ ഉപഗ്രഹം പ്രവര്‍ത്തനം ആരംഭിക്കുന്നതാടെ രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം തടസ്സം കൂടാതെ ലഭ്യമാക്കാന്‍ കഴിയും. വാര്‍ത്താ വിനിമയത്തിനും ത്രിമാന ടെലിവിഷന്‍ സംപ്രേഷണത്തിനും റേഡിയോ പ്രക്ഷേപണത്തിനും ഈ  ഉപഗ്രഹത്തില്‍ ട്രാന്‍സ്‌പോണ്ടറുകളുണ്ട്. രാജ്യത്തിന്റെ വര്‍ധിച്ചു വരുന്ന ടെലികമ്മ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ക്കാണ് സ്വന്തം ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഹാക്കര്‍മാരുടെ ആക്രമണത്തില്‍ നിന്ന് സുരക്ഷിതമായ സുഹൈല്‍ 1 ഉപഗ്രഹത്തെ ആരെങ്കിലും ഹാക്കു ചെയ്യാന്‍ 99ശ്രമിക്കുകയാണെങ്കില്‍ ഒരു മിനുട്ടിനകം തന്നെ അക്കാര്യം സെന്‍ട്രല്‍ കണ്‍ട്രോള്‍ സ്‌റ്റേഷനില്‍ അറിയാനും അത് തടയാനും കഴിയും.
സുഹെല്‍ 1 ന് ശേഷം 2016 അവസാനമോ 2017 ആദ്യമോ സുഹൈല്‍ 2 വിക്ഷേപിക്കും. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. വിക്ഷേപണത്തിനായി സുഹൈല്‍ 1 തെക്കന്‍ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറു ദ്വീപിലെത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് 29 ന് വൈകീട്ട് 5:30 നും 6:39 നും ഇടയ്ക്കായിരിക്കും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ‘അരിയാന്‍ 5’ റോക്കറ്റുപയോഗിച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണം. അര മണിക്കൂറിനകം വിക്ഷേപണം കഴിയുകയും ഉപഗ്രഹത്തെ പ്രഥമ ഭ്രമണപഥ (ജി ടി ഒ)ത്തിലെത്തിക്കാനും കഴിയും. ഖത്തറിന്റെ പ്രഥമ ഉപഗ്രഹം വിക്ഷേപിക്കുന്നതിന് ദൃക്‌സാക്ഷിയാവാന്‍ രാജ്യത്തിന്റെ ഉന്നത നേതാക്കളും ഖത്തറില്‍ നിന്നുള്ള 47 പേരും കൗറു ദ്വീപിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വിക്ഷേപണത്തിനു ശേഷം ബൂസ്റ്റര്‍ റോക്കറ്റുകളുപയോഗിച്ച് ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റര്‍ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കുന്ന ഉപഗ്രഹം മൂന്നു മാസം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച ശേഷം ഡിസംബറിലായിരിക്കും വാണിജ്യപരമായി പ്രവര്‍ത്തനം ആരംഭിക്കുക. ഉപഗ്രഹ നിര്‍മ്മാണത്തിനു പേരു കേട്ട സ്‌പേസ് സിസ്റ്റംസ്, ലോറല്‍ ആണ് സുഹൈല്‍ 1 നിര്‍മ്മിച്ചത്. സുഹൈല്‍ സാറ്റിലെ നാലു എഞ്ചിനീയര്‍മാര്‍ക്ക് സ്‌പേസ് സിസ്റ്റംസ് ലോറല്‍ പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ 3 ഖത്തറി എഞ്ചിനീയര്‍മാര്‍ ബ്രിട്ടണില്‍ സ്‌പേസ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ പരിശീലനം നേടി വരികയാണ്.
സുഹൈല്‍ 1 ഉപഗ്രഹം വിക്ഷേപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഫ്രഞ്ചു സ്ഥാപനമായ യൂടെല്‍സാറ്റ് കമ്മ്യൂണിക്കേഷന്‍സു (യൂറോനെക്സ്റ്റ് പാരിസ്) മായി ഖത്തര്‍ കരാര്‍ ഒപ്പു വച്ചിട്ടുണ്ട്. 300 ദശലക്ഷം ഡോളറിലധികം ചിലവുവരുന്നതാണ് കരാര്‍. ഇതില്‍ 54.5 ശതമാനം തുക ഖത്തറാണ് നല്‍കുന്നത്. ഉപഗ്രഹ പ്ലാറ്റ്‌ഫോം യൂടെല്‍ സാറ്റുമായി ഖത്തര്‍ പങ്കുവയ്ക്കും. യൂടെല്‍സാറ്റിന്റെ യൂറോബേര്‍ഡ് 2 ഉപഗ്രഹം സ്ഥിതി ചെയ്യുന്ന 25.5 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലായിരിക്കും സുഹൈല്‍ സ്ഥാപിക്കുന്നത്. മധ്യ പൗരസ്ത്യ ദേശങ്ങളിലും മധ്യേഷ്യയിലും ഉത്തര ആഫ്രിക്കയിലും ഈ ഉപഗ്രഹത്തിന്റെ സിഗ്നലുകള്‍ വ്യക്തമായി ലഭിക്കും. പുതിയ ഉപഗ്രഹം ടെലിവിഷന്‍ സംപ്രേഷണത്തിന് ഏറ്റവും അനുയോജ്യമായ കൂടുതല്‍ കെ യു ബാന്റ് ട്രാന്‍സ്‌പോണ്ടറുകള്‍ ലഭ്യമാക്കും. കൂടാതെ കെ എ ബാന്റ് ട്രാന്‍സ്‌പോണ്ടറുകളും ഈ ഉപഗ്രഹത്തിലുണ്ടാവും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!