Section

malabari-logo-mobile

എമേര്‍ജിംഗ് കേരള ഇന്നത്തെയും നാളത്തെയും കേരളത്തിനുവേണ്ടി മുഖ്യമന്ത്രി

HIGHLIGHTS : എമേര്‍ജിംഗ് കേരളയെക്കുറിച്ച് ന്യായമായ

”നീണ്ട ഇരുപതു വര്‍ഷം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയ എനിക്ക് കുടുംബത്തോടൊപ്പം താമസിക്കാനായത് വെറും രണ്ടര വര്‍ഷം. അടുത്ത തലമുറയെ ഈ ദുര്‍ഗതിയില്‍ നിന്നു രക്ഷിക്കുമോ?” പ്രവാസി സംഗമത്തില്‍ പങ്കെടുത്ത എന്നോടായിരുന്നു ചോദ്യം. ”ഒറ്റപ്പുത്രനാണ്. പ്രായമായ മാതാപിതാക്കള്‍ നാട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ ജോലിചെയ്യുന്ന എനിക്ക് കേരളത്തില്‍ എന്തെങ്കിലുമൊരു ജോലി കിട്ടുമോ?” ഇത്തരം നൂറായിരം ചോദ്യങ്ങളാണ് നമുക്കു ചുറ്റും ഉയരുന്നത്.

കേരളത്തിന് സാധ്യതകളൊന്നും ഇല്ലായിരുന്നെങ്കില്‍ അതു പറഞ്ഞ് തടിതപ്പാമായിരുന്നു. എന്നാല്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളും അനുകൂല സാഹചര്യങ്ങളും ഇത്രമാത്രമുള്ള മറ്റൊരു സ്ഥലവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. കേരളത്തില്‍ ഒരു പദ്ധതി വന്നിട്ട് എത്രനാളായി? വിവാദങ്ങള്‍ മാത്രമാണു സംഭവിക്കുന്നത്. വിവാദം ഉയരുമ്പോള്‍ ബന്ധപ്പെട്ടവര്‍ ഓടിമാറുന്നു. അല്ലെങ്കില്‍ വിവാദം ഭയന്ന് ഒന്നുംചെയ്യാതിരിക്കുന്നു.

sameeksha-malabarinews

എമേര്‍ജിംഗ് കേരളയോട് അനുബന്ധിച്ചും വിവാദങ്ങള്‍ ഉറഞ്ഞുതുള്ളി. കരിക്കുവില്പന മുതല്‍ നിശാനൃത്തശാലവരെ അതില്‍ ഇടംപിടിച്ചു. വിവിഐപികള്‍ സഞ്ചരിക്കുന്ന റൂട്ടില്‍ ഒരിടത്തും, ഒരിക്കലും വഴിയോരത്ത് കരിക്കുവില്ക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി വരുന്നതിനോട് അനുബന്ധിച്ച് എസ്പിജിയുടെ നിര്‍ദേശ പ്രകാരം കൊച്ചി വഴിയോരത്ത് ഏതാനും ദിവസത്തേക്ക് വഴിയോര കരിക്കുവില്പന നിരോധിച്ചു. അതും എമേര്‍ജിംഗ് കേരളയുമായി ബന്ധപ്പെടുത്തി. ഇങ്ങനെയാണ് ഓരോരോ വിവാദങ്ങള്‍.

എമേര്‍ജിംഗ് കേരളയെക്കുറിച്ച് ന്യായമായ സംശയങ്ങള്‍ ഉന്നയിച്ചവരുണ്ട്. കൃത്യമായ മറുപടി നല്കാന്‍ സര്‍ക്കാരിനു ബാധ്യതയുമുണ്ട്. ഒരിഞ്ചുഭൂമി പോലും വില്ക്കില്ല. അനുയോജ്യമായ പദ്ധതിക്ക് അനിവാര്യമെങ്കില്‍ ഭൂമി പാട്ടത്തിനു ന്‌ലകും. അതും വ്യവസ്ഥകള്‍ക്കു വിധേയമായി. പരിസ്ഥിതിക്കു കോട്ടം തട്ടുന്ന പദ്ധതി ഏറ്റെടുക്കില്ല. എല്ലാ പദ്ധതിയുടെയും തുടക്കം മുതല്‍ വെബ്‌സൈറ്റിലുണ്ടാകും. പദ്ധതികള്‍ക്കു പച്ചക്കൊടി കാട്ടാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡും പരിസ്ഥിതി ആഘാത പഠനവും ഉണ്ടാകും… ഇങ്ങനെ സംശയങ്ങള്‍ ദൂരീകരിച്ചപ്പോള്‍ അവര്‍ എമേര്‍ജിംഗ് കേരളയെ സ്വാഗതം ചെയ്തു.

എന്നിട്ടം എമേര്‍ജിംഗ് കേരള പദ്ധതി തന്നെ ഉപേക്ഷിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയാണു ചെയ്തത്. മുഖത്തോടു മുഖം നോക്കി സംസാരിച്ചാല്‍ തീരുന്ന സംശങ്ങളേ ഉള്ളു. പക്ഷേ, എമേര്‍ജിംഗ് കേരളയെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. ഒരുപാട് അട്ടിമറികള്‍ കണ്ട നാടാണു നമ്മുടേത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സംഗമം നടക്കുന്നത്. വിദേശരാജ്യങ്ങളുടെ പ്രതിനിധികള്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ബുദ്ധിജീവികള്‍, സിഇഒകള്‍, ഉന്നതഉദ്യോഗസ്ഥര്‍. രാജ്യത്തെ പ്രമുഖ വാണിജ്യവ്യവസായഐടി സംഘടനകള്‍ തുടങ്ങിയവരെല്ലാം മാസങ്ങള്‍ നീണ്ട കഠിനയത്‌നത്തിന്റെ ഫലമായി കൊച്ചിയിലേക്ക് വരുകയാണ്. എമേര്‍ജിംഗ് കേരള റദ്ദാക്കിയിരുന്നെങ്കില്‍ ലോകത്തിനുമുന്നില്‍ കേരളം തലകുമ്പിട്ടുനിന്നേനെ.

ജിമ്മിന്റെ തുടര്‍ച്ച

2003ല്‍ ആഗോള നിക്ഷേപ സംഗമം (ജിം) നടത്തിയിട്ട് കേരളം എന്തുനേടി എന്ന ചോദ്യവുമായാണു മറ്റു ചിലര്‍ എമേര്‍ജിംഗ് കേരളയെ എതിര്‍ക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നിക്ഷേപകരെ സംഘടിപ്പിക്കാനുള്ള ശ്രമം അന്നു നടത്തിയത്. 2005 അടിസ്ഥാന വര്‍ഷമാക്കി 2009ല്‍ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തായിരുന്നു. കര്‍ണാടകം ഒന്നാം സ്ഥാനത്തും. (വേേു://ംംംംറ.െംീൃഹറയമിസ.ീൃഴ/ലഃലേൃിമഹ/റലളമൗഹ/േണഉടഇീിലേിടേലൃ്‌ലൃ/ണഉടജ/കആ/2009/01/12/000158349ബ20090112151008/ഞലിറലൃലറ/ജഉഎ/ണജട4817.ുറള). കേരളത്തിന്റെ മാതൃക പിന്തുടര്‍ന്നാണ് ഗുജറാത്തും കര്‍ണാടകയുമൊക്കെ നിക്ഷേപസംഗമങ്ങള്‍ നടത്തി വലിയ നേട്ടം കൈവരിച്ചത്. സ്മാര്‍ട്ടി സിറ്റിപോലും ജിമ്മിന്റെ ഉല്പന്നമാണ്. പിന്നീടു വന്ന ഇടതുസര്‍ക്കാര്‍ ഈ അനുകൂല സാഹചര്യം മുതലാക്കിയില്ല.

ജിമ്മിന്റെ തുടര്‍ച്ചയാണ് എമേര്‍ജിംഗ് കേരള. എന്നാല്‍ പതിവു ബിസിനസ് മീറ്റില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ധാരണാപത്രം ഒപ്പിടലോ കരാര്‍ വയ്ക്കലോ ഉണ്ടാകില്ല. മാറുന്ന കേരളത്തെ ലോകവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം. കേരളത്തിലെ അവസരങ്ങളും സാധ്യതകളും ഷോകേസ് ചെയ്യുക. കേരളത്തിന്റെ ആവശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക. ഇതൊക്കെയാണു ലക്ഷ്യം. ആര്‍ക്കാണിതിനെ കണ്ണടച്ച് എതിര്‍ക്കാനാകുക?

മുന്‍ഗണനാ മേഖകലകള്‍

കൃഷി, ഊര്‍ജം, മാലിന്യനിര്‍മാര്‍ജനം എന്നിവ കേരളത്തിന്റെ അടിന്തരാവശ്യങ്ങളാണ്. മൂല്യവര്‍ധിത ഉലപ്ന്നങ്ങളാണ് കൃഷിയെ ആദായകരമാക്കാനുള്ള വഴി. ശ്രീലങ്കയ്ക്ക് നൂറോളം നാളികേരോല്പന്നങ്ങളുണ്ട്. പുതിയ ജലവൈദ്യുതനിലയങ്ങള്‍ക്ക് കേന്ദ്രാനുമതി കിട്ടുന്നില്ല. വായുമലിനീകരണം മൂലം താപനിലയം അഭിലഷണീയമല്ല. സൗരോര്‍ജം, കാറ്റാടി വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയാണു നമ്മുടെ മുമ്പിലുള്ള ബദല്‍മാര്‍ഗങ്ങള്‍. മാലിന്യനിര്‍മാര്‍ജനത്തിനു ശരിയായ മാതൃക കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവ മൂന്നിലും വലിയ തോതിലുള്ള മുതല്‍ മുടക്ക് ആവശ്യമാണ്.
അതേസമയം, സംസ്ഥാനത്തിന് കരുത്തുള്ള മേഖലകളായ തീരദേശഗതാഗതം, ഉള്‍നാടന്‍ ജലഗതാഗതം, ആയുര്‍വേദം, ടൂറിസം, ഐടി, വിദ്യാഭ്യാസം തുടങ്ങിയവ ഉള്‍പ്പെടെ ഏതാണ്ട് 23 മേഖലകള്‍ കേരളം കണ്ടെത്തിയിട്ടുണ്ട്.
അതിശയിപ്പിക്കുന്ന പങ്കാളിത്തം
ലോകമെമ്പാടും സാമ്പത്തികമാന്ദ്യം തുടരുകുയം സംരഭകരുടെ ആത്മവിശ്വാസം താഴ്ന്നനിലയില്‍ ആയിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍പോലും എമേര്‍ജിംഗ് കേരളയ്ക്കു ലഭിച്ച വരവേല്പ് അതിശയിപ്പിക്കുന്നതാണ്. 52 രാജ്യങ്ങള്‍. ലോകമെമ്പാടുമുള്ള 2500 പ്രതിനിധികള്‍. പ്രധാനമന്ത്രിയുള്‍പ്പെടെ പത്തിലധികം കേന്ദ്രമന്ത്രിമാര്‍. 21 അറബ് രാജ്യങ്ങളില്‍നിന്നും, 16 ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളില്‍നിന്നും അമേരിക്ക, പോളണ്ട്, ടര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍നിന്നുമുള്ള അംബാസിഡര്‍മാര്‍, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ബ്രൂണെ, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹൈക്കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ കൊച്ചിയിലെത്തും. കാനഡയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും 45 വീതവും ചൈനയില്‍ നിന്നു 23 ഉം ഡെലിഗേറ്റുകളെത്തും. ലോകത്തെ പതിനാറും രാജ്യത്തെ പത്തൊന്‍പതും പ്രമുഖ കമ്പനികളുടെ മേധാവികളുണ്ട്. പ്രമുഖ വാണിജ്യ, വ്യാപാര, ഐടി സംഘടനകളെത്തുന്നു. ഡല്‍ഹി, മുംബൈ, ബംഗളരു, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ റോഡ് ഷോകള്‍ മികച്ച പ്രതികരണം ഉണ്ടാക്കി. തിരക്കേറിയപ്പോള്‍ എമേര്‍ജിംഗ് കേരളയുടെ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ നിര്‍ത്തലാക്കേണ്ടി വന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തലകള്‍ ഒന്നിച്ചുകൂടുമ്പോള്‍, കേരളത്തിനു പ്രയോജനം ചെയ്യുന്ന പലതും ഉയര്‍ന്നുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. എമേര്‍ജിംഗ് കേരളയുടെ രണ്ടു ദിവസത്തെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മൂന്നാം ദിവസം കൊച്ചിയില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. സുതാര്യമായ പദ്ധതികള്‍ക്ക് നടപടിക്രമം പാലിച്ച് 90 ദിവസത്തിനുള്ളില്‍ അനുമതി നല്കാമെന്നാണു പ്രതീക്ഷിക്കുന്നത്. എല്ലാ രണ്ടു വര്‍ഷവും ചേരുന്ന തുടര്‍ പ്രക്രിയയായിരിക്കും എമേര്‍ജിംഗ് കേരള.

കൂട്ടായ്മയാണു ശക്തി

വലിയ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്ന പരിപാടിയാണിത്. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികളും നാടിന് ആവശ്യമുള്ള പദ്ധതികളുമായി മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകുകയുള്ളു. എമേര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് ആരുമായും തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഏതു സംശയവും ദൂരീകരിക്കാം. വിവാദമല്ല, കൂട്ടായ്മയാണു നമുക്കു വേണ്ടത്. എല്ലാവരും ചേരുമ്പോഴാണ് സമൂഹത്തിന്റെ ശക്തി. പലരും പലവഴി പോകുമ്പോള്‍ ആ ശക്തിയാണു ചോരുന്നത്.

ഇന്നത്തെയും നാളത്തെയും കേരളത്തിനുവേണ്ടി നമുക്ക് എമേര്‍ജിംഗ് കേരളയെ വരവേല്ക്കാം. ഭൂമി വില്ക്കാതെയും പരിസ്ഥിതിയെ സംരക്ഷിച്ചും സുതാര്യമായും മാത്രമേ പദ്ധതികളുമായി മുന്നോട്ടുപോകുകയുള്ളുവെന്ന് ഞാന്‍ ഉറപ്പുനല്കുന്നു. ഇതുവരെ പിന്നോട്ട് ഓടിയതുകൊണ്ടാണ് നമ്മുടെ പത്തുശതമാനം ആളുകള്‍ നാടിനു പുറത്തുകഴിയുന്നത്. ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായത്. സാമ്പത്തികവളര്‍ച്ച മുരടിച്ചത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടന്തുന്നത്. പുറത്തുപോയവര്‍ തിരിച്ചുവരുകയും ഇവിടെയുള്ളവര്‍ ഇനി പുറത്തുപോയി അലയാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം.

ഇപ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു നമുക്കു മറുപടിയില്ല. കൂടുതല്‍ തീക്ഷ്ണമായ ചോദ്യങ്ങളോടെ പുതിയ തലമുറ രംഗത്തുവരുകയാണ്. എത്രനാള്‍ നമുക്കവരെ കണ്ടില്ലെന്നു നടിക്കാനാകും?

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!