ഇറാനില്‍ തടവിലായ മത്സ്യതൊഴിലാളികളെ വിട്ടയച്ചു.

 മോചിതരായവരില്‍ പരപ്പനങ്ങാടി താനൂര സ്വദേശികളും

പരപ്പനങ്ങാടി : സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒമ്പതു മാസമായി ഇറാന്‍ ജയിലില്‍ കഴിയുന്ന മലയാളികളടക്കം 19 ഇന്ത്യന്‍ മത്സ്യത്തൊഴിളിലാളികളുടെ മോചനം ഉറപ്പായി. യാത്രാരേഖയും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും ഇറാന് സമര്‍പ്പിച്ചാല്‍ ഇവരെ 24 മണിക്കൂറിനകം മോചിപ്പിക്കുമെന്ന് ഇറാന്‍ അധികൃതര്‍ അറിയിച്ചു. ഇവരുടെ മോചന ശ്രമവുമായി ഞായറാഴ്ച തെഹ്‌റാനിലെത്തിയ ഖത്തറിലെ പ്രമുഖ അഭിഭാഷകനും സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രട്ടേണിറ്റി ഫോറം (സാഫ്) ഗള്‍ഫ് മേഖലാ കോ-ഓര്‍ഡിനേറ്ററുമായ അഡ്വ. നിസാര്‍ കോച്ചേരിയാണ് ഇക്കാര്യം അറിയിച്ചത്.

ഇറാന്‍ അധികൃതരുമായി ഇന്ത്യന്‍ എംബസി മുഖേന കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ ചര്‍ച്ചയിലാണ് മോചനം സാധ്യമായത്. ദൗത്യം പൂര്‍ത്തിയാക്കിയ നിസാര്‍ കൊച്ചേരി ഇന്നലെ രാത്രി ഇറാനില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ടു. ഇറാനില്‍ വിദേശ പൗരന്മാരുടെ കാര്യങ്ങള്‍ നോക്കുന്ന എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡപ്യൂട്ടി ഡയറക്ടറുമായി അഡ്വ. നിസാര്‍ കോച്ചേരി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
ഇറാന്‍ എമിഗ്രേഷന്‍ ആന്റ് പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ 19 പേരുടെയും യാത്രാരേഖയും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവും. 19ല്‍ 13 പേരുടെ യാത്രാരേഖകളും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും ശരിയായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ ആറുപേരുടെ രേഖകളാണ് ശരിയാവാനുള്ളത്. ഇതിനായി ചെന്നൈയിലും ഇവര്‍ ജോലി ചെയ്തിരുന്ന റിയാദിലും ബന്ധപ്പെട്ടിട്ടുണ്ട്.
മല്‍സ്യത്തൊഴിലാളികളായ 19 പേരെയും ജയിലില്‍ സന്ദര്‍ശിക്കുകയും ഇവരുടെ ചെലവിലേക്കായി 100 ഡോളര്‍ അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തതായി നിസാര്‍ കോച്ചേരി അറിയിച്ചു. ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി ശ്രീവാസ്തവ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
എംബസിയുടെ ഭാഗത്തു നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുന്നതായും അഡ്വ. നിസാര്‍ കോച്ചേരി വ്യക്തമാക്കി.
2012 ഡിസംബര്‍ മധ്യത്തില്‍ സൗദി അറേബ്യയിലെ ജുബൈല്‍ തീരത്തു നിന്നും മത്സ്യബന്ധനത്തിനു പോയ 19 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളാണ് അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ഇറാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലാവുന്നത്.
താനൂര്‍ എടക്കടപ്പുറം കുട്ടിയാമുവിന്റെ പുരക്കല്‍ ഖാലിദ് കുട്ടിയുടെ മകന്‍ കോയ (23), പുതിയറ കടപ്പുറം ചക്കാച്ചിന്റെ പുരക്കല്‍ കുഞ്ഞിമരക്കാരുടെ മകന്‍ മുഹമ്മദ് ഖാസിം (45), പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ വളപ്പില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ അബ്ദുല്ലക്കോയ (45) എന്നീ മലയാളികളും 16 തമിഴ്‌നാട് കന്യാകുമാരി സ്വദേശികളുമാണ് ഇറാന്‍ ജയിലില്‍ കഴിയുന്നത്.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top