Section

malabari-logo-mobile

ആളെ കൊല്ലി ATA

HIGHLIGHTS : താനൂര്‍: എണ്ണിയാലൊടുങ്ങാത്ത അപകടങ്ങള്‍….. ഇരുപതോളം മരണങ്ങള്‍. ഭ്രാന്തു പിടിച്ചുള്ള മരണപാച്ചില്‍

താനൂര്‍: എണ്ണിയാലൊടുങ്ങാത്ത അപകടങ്ങള്‍….. ഇരുപതോളം മരണങ്ങള്‍. ഭ്രാന്തു പിടിച്ചുള്ള മരണപാച്ചില്‍ കണ്ട് ഭയന്നോടുന്ന കാല്‍നടയാത്രക്കാരും ചെറു വണ്ടികളും. പത്തു വര്‍ഷത്തിലധികമായി ചേളാരി തിരൂര്‍ റോഡിലെ സ്ഥിരം കാഴ്ച.

ഇതൊരു മദയാനയെ കുറിച്ചുള്ള വിവരണമല്ല. കോഴിക്കോടിനും തിരൂരിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന എടിഎ എന്ന ബസ്സിനെ കുറിച്ചുള്ള നാട്ടുകാരുടെ എറ്റു പറച്ചിലാണ്. ഇന്നലെ എട്ടുപേരുടെ ജീവനെടുത്ത ഈ ബസ്സ് അവസാനം നാട്ടുകാരുടെ പ്രതിഷേധാഗ്നിയുടെ ആളികത്തലില്‍ കത്തിയമര്‍ന്നു.

sameeksha-malabarinews

ഇക്കാലമത്രയും നിരവധി നിയമ ലംഘനങ്ങളാണ് ഈ ബസ്സ് നടത്തിയിട്ടുള്ളത്. കടലുണ്ടി ട്രെയിന്‍ ദുരന്തമുണ്ടായപ്പോള്‍ രാവിലെയും രാത്രിയിലും കൂടുതല്‍ സര്‍വ്വീസ് നടത്തുന്നതിനായി ആര്‍ടിഒ അനുവദിച്ച ഉത്തരവിന്റെ മറവില്‍ പിന്നീട് താനൂര്‍ സ്റ്റാന്‍ഡില്‍ കയറാതെ പോവുക പതിവാക്കുകയും തിരൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്താനുള്ള സമയദൈര്‍ഘ്യം ഒന്നര മണിക്കൂറാക്കി ക്രമീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് ഈ ബസ്സ് മരണപാച്ചില്‍ നടത്തി വന്നത്. താനൂര്‍ പൊതു ഗതാഗത സമിതി ഇതിനെതിരെ ഹൈക്കോടതിയില്‍ പോവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്‌തെങ്കിലും ഇതു നടപ്പിലാക്കാന്‍ അധികാരികള്‍ തയ്യാറായില്ല. ഈ ബസിലെ ജീവനക്കാരുടെ യാത്രക്കാരോടുള്ള മോശം പെരുമാറ്റം ഏറെ കുപ്രസിദ്ധമാണ്.

 

ഈ ബസ്സ് ഇതുവരെ നടത്തിയ നിയമ ലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത മോട്ടോര്‍ വാഹന വകുപ്പും പോലീസും ഈ അപകടത്തിന് ഉത്തരം പറഞ്ഞേ മതിയാകൂ. ബസ്സുടമകള്‍ക്ക് അധികാര കേന്ദ്രങ്ങളുമായുള്ള അടുത്ത ബന്ധം അങ്ങാടിപാട്ടാണ്. നേരത്തെ ആനപ്പടി കുപ്പിവളവ് സ്റ്റേഷനില്‍ ബസ് നിര്‍ത്താത്തതുമായി ബന്ധപെട്ടുള്ള തര്‍ക്കത്തില്‍ പോലീസ് നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ റൂട്ടില്‍ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാന്‍ ബസുടമകള്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഇറക്കുന്നതും പതിവാണ്.

21 മിനിറ്റ് കൊണ്ട് പരപ്പനങ്ങാടിയില്‍ നിന്ന് തിരൂരിലെത്തുന്ന ഈ ബസ്സില്‍ മാത്രം കയറാന്‍ കാത്തു നില്‍ക്കുന്ന സ്ഥിരം യാത്രക്കാരും കുറവല്ല. ഇതിനിടെ ഈ ബസ്സിന്റെ പേര് മാറ്റിയിരുന്നെങ്കിലും കളക്ഷന്‍ കുറഞ്ഞതിനാല്‍ എടിഎ എന്നു തന്നെയാക്കുകയായിരുന്നു. കോഴിക്കോട് തിരൂര്‍ റൂട്ടില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ഓടിയെത്താന്‍ അനുവദിച്ച ഈ പെര്‍മിറ്റ് ആദ്യമേ റദ്ദ് ചെയ്തിരുന്നെങ്കില്‍ ഒരു കുടുംബബത്തിന്റെയും ഒരു നാടിന്റെയും കണ്ണുനീര്‍ ഈ മണ്ണില്‍ വീഴില്ലായിരുന്നു.
നിരവധി പരാതികള്‍ ബസ്സിനെതിരെ പോലീസ് സ്റ്റേഷനിലും ആര്‍ടി ഓഫീസിലും ലഭിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ പോലീസോ ബന്ധപ്പെട്ട അധീകാരികളോ സ്വീകരിച്ചിട്ടില്ല.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!