റഫറിമാര്‍ തന്നെ ഗോളടിക്കുമ്പോള്‍:ഈ അധ്യാപകര്‍ എന്ത് മൂല്യബോധമാണ് മുന്നോട്ട് വെക്കുന്നത്?

പ്രോഫി.പി എസ്സ്‌
കേരളത്തിലെ മിക്ക പൊതു ഇടങ്ങളിലും ഓരോ അധ്യാപകനും മുക്കം സ്‌കൂളിലെ പരീക്ഷാ ചുമതലയുള്ള അധ്യാപകരുടെ ദുഷ് ചെയ്തികളുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ നേരിടേണ്ട സഹചര്യം നിലവിലുണ്ട്. പ്രസ്തുത സ്‌കൂളിലെഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരങ്ങള്‍ എഴുതിക്കൊടുത്ത ചില അധ്യാപകര്‍ അധ്യാപകലോകത്തിനു തന്നെ വലിയ അപമാനമുണ്ടാക്കി.

മത്സരഫലത്തിന് ആളുകള്‍ വില കല്‍പ്പിക്കുന്നത് മത്സരം നിയമങ്ങള്‍ ശരിയായി പാലിച്ചുകൊണ്ട് നടത്തുമ്പോഴാണ് . റഫറിമാര്‍തന്നെ ഗോളടിക്കുന്ന സഹചര്യം കാണികളൊഴിഞ്ഞ മൈതാനങ്ങളുണ്ടാക്കാനേ ഉപകരിക്കൂ.ഇത്തരം അനഭിലഷണീയവും കുറ്റകരവുമായ പ്രവണതകള്‍ ആവര്‍ത്തിച്ചാല്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഏറെ അവമതിപ്പുണ്ടാകാനിടയുണ്ട്. കേരളത്തിന് പുറത്ത് ഈ സംഭവം നമ്മുടെ വിദ്യാഭ്യാസ വകുപ്പിന് ഉണ്ടാക്കാനിടയുള്ള അപമാനത്തിന് മാനങ്ങളില്ല.

ഇത്ര വലിയ ചീത്തപ്പേര് കേരളത്തിലെ അധ്യാപകര്‍ക്ക് ചാര്‍ത്തിക്കൊടുക്കാമോ?

കേരളത്തില്‍ ഓരോ വിഷയത്തിനും 20% മുതല്‍ 40% വരെ തുടര്‍മൂല്യനിര്‍ണയത്തിനും പ്രായോഗിക പരീക്ഷകള്‍ക്കുമായി സ്‌കൂളില്‍ നിന്നു തന്നെ നല്‍കാറുണ്ട്. വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ നിര്‍ണായകമായേക്കാവുന്ന ഈ മാര്‍ക്കില്‍ അധ്യാപകര്‍ക്ക് വലിയ സ്വാധീനം ചെലുത്താമെന്നിരിക്കെ ഇതുവരെ അതുമായി ബന്ധപ്പെട്ട് ഗൗരവമേറിയ ഒരു ആരോപണം പോലും കേരളം കേട്ടിട്ടില്ല. പൊതുവായി പറഞ്ഞാല്‍ അഴിമതിയുടെ ദൂഷ്യ വലയത്തില്‍ നിന്നും നല്ലൊരു പരിധി വരെ അധ്യാപക ലോകം മുക്തമാണെന്നു പറയാനാകും. അതേ പോലെത്തന്നെ സമൂഹത്തിനെ നല്ലൊരു പരിധി വരെ ബാധിച്ചിട്ടുള്ള മൂല്യച്യുതി അധ്യാപക സമൂഹത്തെ വലുതായൊന്നും ബാധിച്ചിട്ടില്ലെന്നും ഉറപ്പിച്ചു പറയാനാകും. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി അധ്യാപക സമൂഹത്തെയാകെ ഇകഴ്ത്തി കാണിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഫലം വിളിച്ചു വരുത്തലാകും

ഒറ്റപ്പെട്ടതെങ്കിലും എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്?

പാര്‍ശ്വക്കാഴ്ചകള്‍ നിഷേധിക്കപ്പെട്ട പന്തയക്കുതിരയുടെ മത്സരോത്സുകതയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളും അധ്യാപകരുമുള്‍പ്പെടുന്ന
പൊതുസമൂഹം പലപ്പോഴും ആവശ്യപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് മൂല്യങ്ങളും സാമൂഹ്യ ഗുണങ്ങളുമാണ്.
സഹപാഠികളെ പിന്നിലാക്കാന്‍ വിദ്യാര്‍ത്ഥികളും മറ്റു സ്‌കൂളുകളേക്കാള്‍ വിജയശതമാനത്തിനായി അധ്യാപകരും മുന്‍ സര്‍ക്കാരുകളുടെ വിജയശതമാനത്തെ കവച്ചു വക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തന്ത്രങ്ങളൊരുക്കുമ്പോള്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയം തന്നെ വിസ്മരിക്കപ്പെടുന്നു. അനഭിലഷണീയമായ രീതികളെ തഴഞ്ഞും മാതൃകാപരമായ രീതികളെ നെഞ്ചോടു ചേര്‍ത്തും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്.

മുക്കം സ്‌കൂള്‍ സംഭവം വിലയിരുത്തപ്പെടേണ്ടത് മേല്‍ വിവരിച്ച സാമൂഹ്യ പശ്ചാത്തലത്തിലാണ്. ഇവിടെ കുറ്റക്കാരായ അധ്യാപകര്‍ കുട്ടികളില്‍ നിന്നും കൈക്കൂലി വാങ്ങി കുറ്റകൃത്യത്തിലേര്‍പ്പെടുമെന്നത് അതിവിദൂര സാധ്യത മാത്രമാണ്. യഥാര്‍ത്ഥ കാരണം സ്‌കൂളിന്റെ മെച്ചപ്പെട്ട വിജയമോ, വിദ്യാര്‍ത്ഥികളില്‍ നിന്നും അനര്‍ഹമായ കൈയ്യടി നേടാനുള്ള അതിയായ ത്വരയോ ആവാനാണ് സാധ്യത.

മത്സരമാണ് നമ്മുടെ സ്വഭാവ സവിശേഷതകളെ ചിട്ടപ്പെടുത്തുന്നതെന്ന മുതലാളിത്ത വ്യവസ്ഥയുടെ തത്വശാസ്ത്രം പൊതു സമൂഹത്തെയെന്ന പോലെ അധ്യാപക സമൂഹത്തേയും സ്വാധീനിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ മാറ്റങ്ങള്‍ സര്‍ക്കാരും മറ്റു സംവിധാനങ്ങളും ഇപ്പോഴും ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമായേ കരുതുന്നുള്ളൂവെങ്കില്‍ കാര്യങ്ങള്‍ അതിവേഗം കൈവിട്ടു പോയേക്കാം.
മത്സരത്തിന്റെ ലോകത്ത് സമൂഹത്തില്‍ തിരുത്തല്‍ നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട അധ്യാപകരും ഈ അനാരോഗ്യകരമായ മത്സരതൃഷ്ണയുടെ വക്താക്കളായി പോകുന്നുണ്ട്. ഒരു ഗവണ്‍മെന്റ് സ്‌കൂളിലെ ഗസറ്റഡ് ഓഫീസര്‍ പദവിയുള്ള അധ്യാപകരാണ് ഈ ദുഷ്‌ചെയ്തി നടത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

വിദ്യാര്‍ത്ഥി സൗഹൃദ അന്തരീക്ഷത്തിന്റെ വക്താക്കളാകാന്‍ അധ്യാപകരോട് പൊതുവിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടപ്പോള്‍ ഇത്രക്ക് തീവ്ര സൗഹൃദം സ്ഥാപിക്കപ്പെടുമെന്ന് വിദ്യാഭ്യാസ വകുപ്പ് കരുതിക്കാണില്ല. മുക്കം സംഭവം വിദ്യാഭ്യാസ വകുപ്പിനുണ്ടാക്കിയ കളങ്കം അത്ര എളുപ്പം തൂത്തുകളയാനാവില്ല. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല മാര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ തീവയത്‌നത്തിലേര്‍പ്പെടുമ്പോള്‍ത്തന്നെ അവരില്‍ ശരിയായ സ്വഭാവരൂപീകരണം നടത്താനുള്ള ചുമതലയും തങ്ങള്‍ കണ്ടെന്ന് കുറ്റാരോപിതരായ അധ്യാപകരെന്തേ മനസ്സിലാക്കുന്നില്ല? പൗരധര്‍മ്മവും മൂല്യങ്ങളും മറ്റെന്തിനേക്കാളും പരമപ്രധാനമാണെന്ന തിരിച്ചറിവ് ഇവര്‍ക്ക് നഷ്ടപ്പെട്ടുവോ? അധ്യാപകര്‍ മാതൃകാപരമായ സ്വഭാവരീതികളുടെ ഉടമയും വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനാകേയും മാതൃക ആവണമെന്ന് കേരള വിദ്യാഭ്യാസ നിയമങ്ങള്‍(ഗഋഞ) വ്യവസ്ഥ ചെയ്യുന്നത് ഇവര്‍ മറന്നു പോയോ? അവസാനം ഭിന്ന വിദ്യാര്‍ത്ഥികളെ സഹായിച്ചതാണെന്ന മുട്ടാപ്പോക്ക് ന്യായവും പറഞ്ഞ് സഹതാപം നേടി രക്ഷപ്പെടാനുള്ള ശ്രമവും പ്രതിയില്‍ നിന്നുണ്ടായി . എന്നാല്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അധിക സമയവും പലപ്പോഴും 25% അധിക മാര്‍ക്കും ,എഴുതാന്‍ സഹായിയുടെ സേവനവും സര്‍ക്കാര്‍ നല്‍കാറുണ്ടെന്ന യാഥാര്‍ത്ഥ്യം എത്ര പേര്‍ക്കറിയാം?

കോപ്പിയടിക്കും ക്രമക്കേടുകള്‍ക്കും ഒത്താശ ചെയ്യുന്ന അധ്യാപകര്‍ സ്വന്തം കൈയ്യില്‍ നിന്നും ഒരു പൈസ പോലും പോകുന്നില്ല എന്നതുകൊണ്ടാണ് അതിനു മുതിരുന്നത്. അന്നദാതാവായ സര്‍ക്കാരിനേയും പൊതു സമൂഹത്തേയും വഞ്ചിക്കുന്ന ഇവരുടെ മാനസികാവസ്ഥയെ വിശേഷിപ്പിക്കാന്‍ ലഭ്യമായതില്‍ ഏറ്റവും മോശം വാക്കു തന്നെ ഉപയോഗിക്കാം.

കള്ളന് കഞ്ഞി വച്ചവന്റെ മേലങ്കി ഭൂഷണമായി കരുതുന്ന ഇവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുക എന്നത് ഒരു പരിധി വരെ ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനം തടയാന്‍ സഹായിക്കും. അതോടൊപ്പം പരീക്ഷാ ഹാളുകളില്‍ ക്യാമറകള്‍ സ്ഥാപിക്കല്‍, ശക്തമായ മേല്‍നോട്ടം മുതലായ നടപടികളും വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയേ പറ്റൂ. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ഊര്‍ജിത ശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ നിര്‍ഭാഗ്യവശാലുണ്ടാകുന്ന ഇത്തരം തിരിച്ചടികളെ ഗൗരവത്തോടെയെടുത്തേ പറ്റൂ. തൊലിപ്പുറത്തുള്ള ചികിത്സ ഒഴിവാക്കി ആഴത്തിലുള്ള വിശകലനങ്ങളും ദീര്‍ഘവീക്ഷണത്തിലുള്ള പരിഹാരങ്ങളും ആരംഭിക്കണം. പരീക്ഷ നടത്തിപ്പിന് പ്രിന്‍സിപ്പല്‍ ഒഴികെ മറ്റെല്ലാവരും മറ്റു സ്‌കൂളില്‍ നിന്നുള്ളവരാവണം എന്ന നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. എന്തു വില കൊടുത്തും നമ്മുടെ മൂല്യനിര്‍ണയ സംവിധാനങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിനൊപ്പം ഓരോ അധ്യാപകനും അണിചേരണം.

Related Articles