Section

malabari-logo-mobile

ജീവനക്കാരെത്താത്തത് തുടര്‍ക്കഥ; താനൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ സംഘര്‍ഷം

HIGHLIGHTS : താനൂര്‍: താനൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍

താനൂര്‍: താനൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ ജീവനക്കാരെത്താത്തത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയ സ്ത്രീകളടക്കമുള്ളവര്‍ വലഞ്ഞു. ഇന്നലെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരാണ് ബഹളം വെച്ചത്. ഓഫീസില്‍ ആകെ എത്തിയത് എല്‍ ഡി ക്ലര്‍ക്കും ഒരു പ്യൂണും മാത്രമാണ്. രജിസ്ട്രാര്‍, ഒരു ഹെഡ്ക്ലാര്‍ക്ക്, ഒരു യുഡി ക്ലര്‍ക്ക്, ഒരു എല്‍ ഡി ക്ലര്‍ക്ക്, പ്യൂണ്‍ എന്നിവര്‍ മാത്രമാണ് ഓഫീസിലുള്ളത്. ഇതില്‍ രജിസ്ട്രാര്‍ അടക്കമുള്ളവര്‍ ഇന്നലെ ജോലിക്കെത്തിയിരുന്നില്ല. 11.30 ആയിട്ടും നടപടികള്‍ ആരംഭിക്കാതെ വന്നതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ബഹളം വെച്ചവര്‍ ഓഫീസിലേക്ക് ഇരച്ചു കയറി. ജീവനക്കാര്‍ എത്താത്തതിന് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ ആവശ്യക്കാര്‍ ക്ഷുഭിതരായി. തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ ഇടപെട്ട് 12.30ഓടെ മറ്റൊരു യു ഡി ക്ലര്‍ക്കിനെ എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
ദിവസേന 40ലധികം ആധാരങ്ങള്‍ രജ്‌സ്‌ട്രേഷന്‍ നടക്കുന്ന ഓഫീസില്‍ ജീവനക്കാരുടെ കുറവ് ആധാരമെഴുത്തുകാരെയടക്കം നിരവധി പേരെ ദുരിതത്തിലാക്കുന്നുണ്ട്. ആധാരത്തിന്റെ രജിസ്‌ട്രേഷന് പുറമെ കുടിക്കടം, അടിയാധാരത്തിന്റെ പകര്‍പ്പുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എത്തുന്ന സാധാരണക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. വീട് നിര്‍മാണത്തിനുള്ള വായ്പ ആവശ്യാര്‍ത്ഥവും മക്കളുടെ വിവാഹത്തിനും ബാങ്കുകളിലും മറ്റും ഹാജരാക്കാനുള്ള പകര്‍പ്പുകളും കുടിക്കടങ്ങളും യഥാസമയം ലഭിക്കാത്തതുമൂലമാണ് സാധാരണക്കാര്‍ പ്രതിസന്ധിയിലായത്. രജിസ്‌ട്രേഷന്‍ കഴിഞ്ഞ ആധാരങ്ങള്‍ കൈപ്പറ്റേണ്ട സമയം ഓഫീസിലെത്തുന്നവര്‍ക്ക് നിരവധി തവണ ആവശ്യം നടക്കാതെ തിരികെ പോകേണ്ട അവസ്ഥയും ഉണ്ടാകുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ രജിസ്‌ട്രേഷന്‍ വകുപ്പിനും മറ്റു ബന്ധപ്പെട്ടവര്‍ക്കും നല്‍കിയിട്ടുണ്ടെങ്കിലും ഫലം കാണാത്തതിന്റെ അമര്‍ഷത്തിലാണ് ആധാരമെഴുത്തുകാരും പൊതുജനങ്ങളും.
ഇത്തരം സംഭവങ്ങള്‍ താനൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ നിത്യസംഭവമാണെന്ന് കെ എല്‍ സി എ എ ഭാരവാഹികള്‍ ആരോപിച്ചു. വിവിധ സര്‍ട്ടിഫിക്കറ്റഉഖള്‍ക്കും മറ്റും എത്തുന്ന വൃദ്ധരടക്കമുള്ളവര്‍ ജീവനക്കാരുടെ അനാസ്ഥമൂലം വലയുകയാണ്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ തന്നെ വലിയതോതില്‍ രജിസ്‌ട്രേഷന്‍ നടക്കുന്ന ഓഫീസുകളിലൊന്നാണ് താനൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസ്. ഇവിടത്തെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാര്യക്ഷമതയില്ലായ്മയും നേരത്തെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!