HIGHLIGHTS : കൊല്ലം: കെ.ബി ഗണേഷ് കുമാറിനെ മുഖ്യമന്ത്രി പുറത്താക്കിയതാണെന്നും ഗണേഷ് രാജിവെച്ചതല്
കൊല്ലം: കെ.ബി ഗണേഷ് കുമാറിനെ മുഖ്യമന്ത്രി പുറത്താക്കിയതാണെന്നും ഗണേഷ് രാജിവെച്ചതല്ലെന്നു കേരളാകോണ്‍ഗ്രസ്(ബി) നേതാവ് ബാലകൃഷ്ണപിള്ള. പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം ഗണേഷ് കുമാര്‍ 5 രൂപ മെമ്പര്‍ മാത്രമാണെന്നും സമനില തെറ്റി പാര്‍ട്ടി താനാണെന്ന് പറയുകയാണെന്നും ഇതു തുടര്‍ന്നാല്‍ ഒരു പക്ഷേ പത്തനാപുരത്ത് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നും അതിനുവേണ്ടി ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി കണ്ടു വെച്ചിട്ടുണ്ടെന്നും ഇനിയും പാര്‍ട്ടിയോട് പൊരുതാനാണ് തീരുമാനമെങ്കില്‍ എംഎല്‍എ സ്ഥാനം കൂടി നഷ്ടമാകുമെന്നും അദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലെക്ക് താനില്ലെന്നും ബാലകൃഷ്ടണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ഗണേഷ്‌കമാറിന്റെ വകുപ്പുകള്‍ കോണ്‍ഗ്രസ്സ് ഏടെറ്റുക്കണമെന്നും ഘടകകക്ഷികള്‍ക്ക് വകുപ്പുകള്‍ വീതം വെച്ച് നല്‍കരുതെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഘടകകഷി അംഗങ്ങള്‍ തന്റെ പാര്‍ട്ടിയോട് കാണിച്ച നടപടികള്‍ അത്രക്ക് മോശമായിരുന്നെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിക്കുന്നതെന്നും പിള്ള വ്യക്തമാക്കി.
ചലചിത്ര വികസന കോര്‍പ്പറേഷനില്‍ നിരവധി അഴിമതിക്കാരെ തിരുകികയറ്റിയിട്ടുണ്ടെന്നും അവരെ പുറത്താക്കി വകുപ്പ് അഴിമതിരഹിതമാക്കണമെന്നും ഇക്കാര്യങ്ങളില്‍ എന്‍എസ്എസിനും കൂടി അനുയോജ്യമായ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും പിള്ള പറഞ്ഞു.
ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയില്‍ ബാഹ്യ പ്രേരണ യുണ്ടെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലും തന്നെ പുറത്താക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന ഗണേഷിന്റെ പ്രസ്താവനയും അനേ്വഷിക്കണമെന്ന് പിള്ള പറഞ്ഞു. പിസി ജോര്‍ജ്ജിന് ഗണേഷിനെതിരെ ഗൂഢാലോചന നടത്തേണ്ടതില്ലെന്നും കയ്യിലിരിപ്പു കൊണ്ടാണ് ഇങ്ങനെസംഭവിച്ചതെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കാന്‍ താന്‍ ആളല്ല. തിരുവഞ്ചൂരിന്റെ പോലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും പിള്ള പറഞ്ഞു.