HIGHLIGHTS : ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്ക്കത്തിലൂടെയാ...
ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കഴിഞ്ഞ ദിവസം വിചാരണ കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു കോടതിയില്‍ ഹാജരാകാതിരുന്നതിന് കാരണമായി ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്. അതെസമയം ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയല്ലെന്ന രേഖകള്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.
കേസ് വീണ്ടും ഓഗസ്റ്റ് 13 ന് പരിഗണിക്കാനിരിക്കെയാണ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചത്.