Section

malabari-logo-mobile

അധ്യാപകന്റെ ആത്മഹത്യ: വേട്ടക്കാരനും ‘വ്യക്തി’യും

HIGHLIGHTS : നമ്മുടെ തൊഴിൽ സാഹചര്യങ്ങൾ അങ്ങേയറ്റം മർദ്ദനപരമാണെന്ന ആക്ഷേപം പൊതുസമൂഹത്തിൽ നിന്ന് തന്നെ ഉയർന്നു കേൾക്കുന്നുണ്ട്. അസംഘടിത മേഖലയിലെ കൊടിയ ചൂഷണങ്ങൾക...

1-Teacherനമ്മുടെ തൊഴിൽ സാഹചര്യങ്ങൾ അങ്ങേയറ്റം മർദ്ദനപരമാണെന്ന ആക്ഷേപം
പൊതുസമൂഹത്തിൽ നിന്ന് തന്നെ ഉയർന്നു കേൾക്കുന്നുണ്ട്. അസംഘടിത മേഖലയിലെ
കൊടിയ ചൂഷണങ്ങൾക്കെതിരെ മുഖ്യധാരാമാധ്യമങ്ങൾ വരെ ഇന്ന് കേരളത്തിൽ രോഷം
കൊള്ളുന്നത് കാണാം.പക്ഷെ ഈ രോഷം സംഘടിതമേഖലയിലെ
‘സുരക്ഷിത’ത്വത്തിനെതിരെയുള്ള സമർത്ഥമായ ഒരു ആയുധം എന്ന നിലക്കാണ്
ഉപയോഗിക്കപ്പെടുന്നത് എന്നു കാണാം. സ്വന്തം സ്ഥാപനങ്ങളിൽ പോലും
‘സംഘടിത’വർഗം സുരക്ഷിതമല്ലെന്ന കാര്യം മറച്ചു പിടിച്ചാണ് അവരുടെ
അതിസുരക്ഷയെ പറ്റി നിരന്തരം പൊതുബോധനിർമ്മിതി നടത്തുന്നത്.
എയിഡഡ് സ്കൂളുകളിലെ തൊഴിൽ,പഠനസാഹചര്യത്തെകുറിച്ച് വല്ലാതെയൊന്നും
അന്വേഷണാത്മക റിപ്പോർട്ട് പടച്ചു വിടാൻ ഇവർ തയ്യാറാവാത്തതിന്റെ കാരണം
സ്ഥാപനപരമായ ‘സംഘടിത’വിരോധം മാത്രമല്ല.സർക്കുലേഷനുമായി ബന്ധപ്പെട്ട
ബിസ്നസ് താല്പര്യം കൂടിയാണ്.ജനമൈത്രി പോലീസ് അവരുടെ വർദ്ധിച്ച
സ്പോൺസർഷിപ്പ് ആവശ്യാർത്ഥവും മറ്റും ലോക്കൽ മുതലാളിമാരുമായി ഒരു
‘സഹപ്രവർത്തനം’ തന്നെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. അത്പോലെ പോലിസ്
ഭാഷ്യങ്ങളുടെ പകർപ്പെഴുത്തുകാരായ പത്രമാധ്യമങ്ങളും സർക്കുലേഷനുവേണ്ടി
സ്കൂളുകളെ വല്ലാതെ ആശ്രയിക്കുന്നുണ്ട് ഇന്ന്. വിദ്യാലയങ്ങൾ
കേന്ദ്രീകരിച്ചുള്ള സർക്കുലേഷൻ പദ്ധതികളും പഠനാധിഷ്ടിത,സാമൂഹിക
പ്രവർത്തനങ്ങളും ഒരു ‘വിദ്യാലയ-പത്ര സഹപ്രവർത്തന’ത്തെ
സ്ഥാപിച്ചെടുത്തിട്ടുണ്ട്.വിദ്യാലയങ്ങൾക്ക് പ്രാദേശിക വാർത്തകളിൽ
ലഭിക്കുന്ന പ്രാധാന്യം സർക്കുലേഷനുമായി ബന്ധപ്പെട്ടതു തന്നെ.സ്കൂളിലെ
നിലവിലുള്ള ‘അച്ചടക്ക’ത്തെ ലൈഗികപീഢന’കഥ’ കിട്ടുമ്പോഴല്ലാതെ മറ്റൊരു
സാഹചര്യത്തിലും പരിക്കേൽപ്പിക്കാൻ അവർക്ക് താല്പര്യമുണ്ടാവില്ല.

moonniyr 2മൂന്നിയൂർ ഹയർസെക്കന്ററി സ്കൂളിലെ അനീഷ്മാസ്റ്ററുടെ
ആത്മഹത്യയിലേക്കെത്തിച്ച ആ സ്കൂളിലെ തൊഴിൽ,പഠനസാഹചര്യത്തെ കുറിച്ച്
അന്വേഷിക്കാൻ ഒരു മുഖ്യധാരാമാധ്യമവും തയ്യാറാവുമെന്ന് തോന്നുന്നില്ല.
‘സംഘടിത’രെക്കുറിച്ചുള്ള മുൻവിധിയും നിലപാടുകളും അവരെ അതിൽനിന്ന്
തടയുന്നു. ഈ ആത്മഹത്യയെ റിപ്പോർട്ട് ചെയ്ത ‘മുത്തശ്ശി’മാരുടെ
മാധ്യമപരിചരണം തന്നെ മതി അവരുടെ മനോഭാവത്തെ വെളിപ്പെടുത്താൻ. ഏത്
ദാരുണമരണത്തെ തുടർന്നും പരമ്പര പ്രതീക്ഷിക്കാമെങ്കിൽ ഇതിൽ അങ്ങനെയൊന്ന്
ഉണ്ടാകാൻ പോകുന്നില്ല. എങ്കിലും മൂന്നിയൂർ സ്കൂളിലേക്ക് മാധ്യമങ്ങളുടെ
അന്വേഷണാത്മക വിദഗ്ധരെ ക്ഷണിക്കട്ടേ. ഒന്നവിടെ വരെ പോയി അരിച്ചു
പെറുക്കൂ.
2007ൽ (മുണ്ടശ്ശേരിമാസ്റ്ററുടെ) കെ ഇ ആറിന്റെ 50-ആം വാർഷികത്തിന്റെ
പോസ്റ്റർ ഒട്ടിച്ചതാണ് അനീഷ് മാസ്റ്റർ ആ സ്കൂളിൽ മാനേജ്മെന്റിനെതിരെ
ചെയ്ത ആദ്യത്തെ പ്രകോപനരമായ പ്രവൃത്തി എന്നത് ഒരു ദുരന്തരകഥയുടെ
പ്രതീകാത്മകതുടക്കം പോലെ ഇപ്പോൾ തോന്നുന്നു. .മുണ്ടശ്ശേരി പോയിട്ട്
ചാക്കീരി പോലും സ്കൂൾ വളപ്പിനകത്ത് വേണ്ടെന്ന കണിശതയുള്ള പ്രി
മുണ്ടശ്ശേരിയൻ ആഡ്ഢ്യവാശികളുടെ തമ്പുരാനാണീ മാനേജർ. ഒരർത്ഥത്തിൽ ഈ മാനേജർ
പറയുന്നത് ശരിയാണ്.ഒരു പ്രി മുണ്ടശ്ശേറിയൻ പുരാവസ്തു
മ്യൂസിയത്തിലെന്തിനാണ് ‘ഇന്നത്തെ പരിപാടി’കൾ. അനീഷ് മാസ്റ്റർ ഏതായാലും ഈ
മ്യൂസിയത്തെ സമകാലികതയുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന്റെ ശിക്ഷ
മ്യൂസിയം സൂക്ഷിപ്പുകാരായ ചോരകുടിയന്മാർ അദ്ദേഹത്തിനു നൽകി. നിലവിലുള്ള
കെ ഇ ആർ മാനേജർമാർക്ക് നൽകുന്ന അമിതാധികാരം എടുത്തുകളയാത്തിടത്തോളം കാലം
ഇത്തരം മനുഷ്യത്വവിരുദ്ധ നടപടികൾക്ക് പരിഹാരമില്ല.എങ്കിലും ഇത്രത്തോളം
അതിലൊക്കെ കടിച്ചു തൂങ്ങുന്നവർ ഇപ്പോഴും ഉണ്ടല്ലോ.അതും കേരളത്തിൽ.

mooniyoorഒരു വിദ്യാലയത്തെ എങ്ങനെയൊക്കെ ഫാസിസ്റ്റാക്കാം എന്നതിന്റെ പരീക്ഷണ
ശാലയാണ് ഈ സ്കൂൾ. അത്തരം ലക്ഷ്യങ്ങളുള്ളവർക്ക് ഇവിടെ വന്ന് ഗവേഷണം തന്നെ
നടത്താവുന്നതാണ്.കുട്ടികളും അധ്യാപകരും തമ്മിൽ ക്രിയാത്മകവും
വൈകാരികവുമായ അടുപ്പം ഉണ്ടാകാതിരിക്കാൻ മാനേജ്മെന്റിന്റെ ജാഗ്രത
കണിശമാണ്.ഒരു വർഷം പഠിപ്പിച്ച അധ്യാപകൻ വീണ്ടും ഒരു വർഷം കൂടി ആ
കുട്ടിയെയോ ക്ലാസിനെയോ പഠിപ്പിക്കാതിരിക്കാൻ തക്ക വിധം ക്ലാസ്
ചുമതലാമാറ്റം കൃത്യമാണിവിടെ.ക്ലാസ്മുറി ജനാധിപത്യ വൽക്കരണമെന്ന പുതിയ
ബോധനശാസ്ത്ര കാഴ്ചപ്പാട് പോട്ടേ, അധ്യാപകരുടെ സ്റ്റാഫ് റൂമിലെ ഇരിപ്പിടം
പോലും മുഖാമുഖമാകാതെ, ഒന്നിനു പിറകെ ഒന്നായി, അതും ഒരു പഴയ ക്ലാസ് റൂം
തന്നെ ആയാൽ മതിയെന്ന വാശിയാണ് മാനേജർക്ക് .അധ്യാപകർ തമ്മിലുള്ള
ആശയവിന്മയം പോലും സ്കൂളിൽ നടക്കരുതെന്ന് മാനേജ്മെന്റിന് നിർബന്ധമുണ്ട്.

24 വർഷമായി ഒരേ ആളാണ് ഇവിടത്തെ പി ടി എ പ്രസിഡണ്ട്. ക്ലാസ് പി ടി എക്ക്
വരുന്നവരെ കൊണ്ട് ഒപ്പിടിച്ച് പിടിഎ ജനറൽ ബോഡിയുടെ മിനിട്സ്
ഉണ്ടാക്കൽ,പിടിഎ.ഉച്ചക്കഞ്ഞി തുടങ്ങിയ ഫണ്ടുകളുടെയും സാമ്പത്തിക
ക്രയവിക്രയങ്ങളുടെയും അതാര്യത,കമ്മിറ്റികൾ ഒന്നും യോഗം ചേരാതിരിക്കൽ,പൊതു
ഫങ്ഷനുകൾ വല്ലതും ഉണ്ടെങ്കിൽ രക്ഷാകർത്താക്കളെ ഒഴിവാക്കി പേരിനു മാത്രം
നടത്തുക,വാർഷികാഘോഷം എന്ന പരിപാടി തന്നെ പൂർണ്ണമായും ഇല്ലാത്ത
അവസ്ഥ,ക്ലബ്ബുകളുടെയും മേളകളുടെയും പ്രവർത്തനത്തിലെ അമിതനിയത്രണം,സ്കൂൾ
പാർലമെന്റ് തിരഞ്ഞെടുപ്പ് പേരിന് തട്ടിക്കൂട്ടൽ,സ്കൂൾ പ്രവൃത്തിസമയം
പാലിക്കാതെയുള്ള നിർബന്ധിത അധികജോലിസമയം(9.30-5),നിർബന്ധിത അധികപ്രവൃത്തി
ദിവസങ്ങൾ തുടങ്ങി ജനാധിപത്യപരവും സൗഹൃദപരവുമായ ഒരു തൊഴിൽ, പഠന
അന്തരീക്ഷമോ നടത്തിപ്പ് രീതിയോ ഇവിടെ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
അധികജോലിയൊക്കെ അനീഷ് മാസ്റ്ററെ പോലുള്ള വിരോധികളുടെ തലയിൽ
ആയിരിക്കും.ഇഷ്ടക്കാർക്ക് ആനുകൂല്യങ്ങൾഏറെ. ഈ തൊഴിൽ വിഭജനവും
ഭിന്നിപ്പിച്ച് ഭരിക്കലും വളരെ കാര്യക്ഷമമായും വിജയകരമായും
നടത്തിവരുന്നതിന്റെ തെളിവാണ് അനീഷ്മാസ്റ്ററുടെ ദുരന്തം.’വല്യേട്ട’ന്റെ
ചെവികളിൽ എല്ലാം എത്തും. അധ്യാപകരുടെ അധികജോലിക്ക് ഇന്ന് മഹത്വം
ഏറെയാണ്.അത് അർപ്പണ ബോധത്തിന്റെയും ആത്മാർത്ഥതയുടെയും പ്രകടനമാണ്. അത്
കൊണ്ട് തന്നെ അതിനെ അധ്യാപകരെ ഒന്നിരുത്താനും ഒതുക്കാനുമൊക്കെയുള്ള
മർദ്ദനോപാധിയാക്കാൻ എളുപ്പമാണ്. അതിവിടെ വിദഗ്ധമായി നടപ്പാക്കുന്നു.

പണത്തോടും അധികാരത്തോടുമുള്ള ആർത്തിയുടെ മൂർത്തീമദ്ഭാവങ്ങളാണ് നമ്മുടെ
സ്വകാര്യ വിദ്യാഭ്യാസ മാനേജ്മെന്റുകൾ എന്നത് ഒരു അംഗീകൃതസത്യം
മാത്രം.എന്നാൽ അവർക്കൊക്കെ എന്തെങ്കിലും പുറം നാട്യങ്ങളെങ്കിലും കാണും.
അത്തരം ഒരു കപടമാന്യത പോലും ഇല്ലാത്ത പച്ചയായ കച്ചവടവും
അമിതാധികാരവാഞ്ഛയുമാണ് ഈ മാനേജ്മെന്റിന്റെ കൈമുതൽ. ഈ ‘സത്യസന്ധത’
കാരണമാണ് 11 അധ്യാപകർ ശമ്പളമില്ലാതെ അവിടെ ജോലി ചെയ്യുന്നത്.അതിൽ ഒമ്പതും
1 Gateപത്തും വർഷമായി ശമ്പളമില്ലാതെ പണിയെടുക്കുന്നവരുണ്ട്.ഇവരിൽ പലരും
പ്രതീക്ഷിക്കുന്നത് പിരിയുന്നതിന് മുമ്പ് എങ്ങനെയെങ്കിലും അംഗീകാരം
കിട്ടിയാൽ പെൻഷനെങ്കിലും വാങ്ങാമല്ലോ എന്നാണ്.

പങ്കാളിത്തപെൻഷനെതിരെയുള്ള അധ്യാപകരുടെ അനിശ്ചിതകാല പണിമുടക്കിൽ ഈ
വിദ്യാലയത്തിൽ നിന്ന് മുപ്പതിൽ പരം അധ്യാപകർ പങ്കെടുത്തു. ഇതിൽ അനീഷ്
മാസ്റ്ററുടെ മുൻ കൈ മാനേജറുടെ ശത്രുതക്ക് വളമായി എന്ന് പറയുന്നു.
സംഘടിതരുടെ സ്ഥിതി പല സ്കൂളുകളിലും ഇതാണെന്ന് മാധ്യമമേധാവിത്തം
മനസിലാക്കുന്നില്ല. അനീഷിന്റെ മരണത്തിന് ഉത്തരവാദികൾ അനീഷിന്റെ അധ്യാപക
സംഘടനയും രാഷ്ട്രീയനേതൃത്വവുമാണെന്ന പ്രചരണത്തിന് മറുപടി കൊടുത്തവർ
മാനേജരുടെ രാഷ്ട്രീയ പക്ഷത്ത് നിൽക്കുന്ന സംഘടനകൾ തന്നെയാണെന്നത് വളരെ
ശ്രദ്ധേയമാണ്.

അധ്യാപകജോലിയെ വളരെ ഗൗരവത്തോടെയും ആവേശത്തോടെയും തിരഞ്ഞെടുത്ത ഒരു
അധ്യാപകനായിരുന്നു അനീഷ് മാസ്റ്റർ.അത്തരം ഒരാൾക്ക് താല്പര്യപൂർവം നല്ല
അധ്യാപകനായി പ്രവർത്തിച്ച് ആത്മസംതൃപ്തി നേടാൻ പറ്റിയ സാഹചര്യമല്ല പല
സ്കൂളുകളിലും നിലനിക്കുന്നത്. തന്റെ ജോലി നന്നായി ചെയ്യാൻ പറ്റിയ
സാഹചര്യം സ്കൂളിൽ ഉണ്ടാവുക എന്നത് ഒരു അധ്യാപകന്റെ അവകാശമാണ്. അതുപോലെ
സ്വതന്ത്രവും നീതിപൂർവകവും ജനാധിപത്യപരവുമായ അന്തരീക്ഷത്തിൽ പഠിക്കുക
എന്നത് ഓരോ കുട്ടിയുടെയും അവകാശമാണ്.ജനപ്രതിനിധികൾ ഈ അവകാശനിയമത്തെ
ജനങ്ങളിലെത്തിക്കാനും പ്രാവർത്തികമാക്കാനും ചുമതലപ്പെട്ടവരുമാണ്. എന്നാൽ
വേലി തന്നെ വിളവ് തിന്നാൽ എൻതാ സ്ഥിതി?

അധികാരത്തെ താഴെക്കിടയിലുള്ള ജനങ്ങളിലേക്കെത്തിക്കുവാൻ രൂപീകരിക്കപ്പെട്ട
ഭരണഘടനാസ്ഥാപനമായ പ്രാദേശികഭരണ കൂടങ്ങൾ ഭരിക്കുന്ന ഭരണാധികാരികളുടെ
ജനാധിപത്യബോധവും മന:സ്ഥിതിയും ആണിത്. ഈ അധികാരപ്രമത്തതയെ കുരുക്കാൻ
ജനാധിപത്യത്തിൽ നിരവധി ആയുധങ്ങളുണ്ട്.ഈ സ്കൂളിൽ തന്നെ ഫലപ്രദമായ ഒരു പി
ടി എ ഉണ്ടായിരുന്നെങ്കിൽ ഇവിടെ നടക്കുന്ന താതോന്നിത്തം ഒന്നും
നടക്കില്ലായിരുന്നു.രക്ഷാകർത്താക്കൾക്ക് ഇനിയും അതിനെ
ഉപയോഗിക്കാവുന്നതാണ്.വിദ്യാർത്ഥികൾക്കാണെങ്കിൽ ചെയ്യാൻ കഴിയുന്ന
കാര്യങ്ങൾ നിരവധിയാണ്.രക്ഷാകർത്താക്കളും വിദ്യാർത്ഥികളും ചേർന്ന്
വിദ്യാലയത്തെ ജനാധിപത്യപരമാക്കാൻ ഒന്ന് ഒരുമ്പെട്ടിറങ്ങിയാൽ നിയമത്തെയും
സർക്കാർ സംവിധാനങ്ങളെയും കൂടെ നിർത്താൻ കഴിയും.

അനീഷിന്റെ ദാരുണാന്ത്യത്തിന് ഈ മാനേജ്മെന്റും അതിന്റെ ഫാസിസ്റ്റ് രീതിയും
ശിക്ഷാനടപടികളും പുറം തള്ളലും ഒക്കെ തന്നെയാണ് കാരണക്കാർ.
ആത്മാഭിമാനമുള്ള ഒരു വ്യക്തി ആത്മഹത്യ ചെയ്യാൻ ഇവിടെ ഒരു വർഷം ജോലി
ചെയ്താൽ മതിയാകും. ഈ സ്കൂളിനെ അടുത്തറിയാൻ ശ്രമിച്ചാൽ അത് ബോധ്യമാകും.
അനീഷ് സംഘടിത ശക്തിയുടെ ഊർജ്ജത്തിൽ ഇത്രയെങ്കിലും പിടിച്ചു നിന്നു.
വ്യക്തിത്വവും ആത്മാഭിമാനവുംഉള്ള ഒരാൾ അതിനൊക്കെ മുറിവേറ്റാൽ ഒന്നുകിൽ
വിജയത്തിനായി ധീരതയോടെ പൊരുതും. അല്ലെങ്കിൽ സ്വയം ഒടുങ്ങും.അത്രമാത്രം
വ്യക്തിയെ ഞെരുക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ആത്മാഭിമാനത്തെ
വളർത്തുന്ന ഒന്നാണല്ലോ വിദ്യാഭ്യാസം. അതു പകർന്നു നൽകുന്ന സ്ഥാപനം
അതനുവദിക്കുന്നില്ലെങ്കിൽ ആ ശ്വാസം മുട്ടൽ അസഹ്യമായിരിക്കും. ഈ
വിദ്യാലയത്തിലെ അനീഷിനെപോലെ ആത്മാഭിമാനമുള്ളവർ
അനുഭവിക്കുന്നതാണത്.അതിജീവനത്തിന്റെ നെല്ലിപ്പടിയിലാണവർ.
 അനീഷ് മാസ്റ്ററുടെ പ്രിയകൂട്ടുകാരായ മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂളിലെ
സഹപ്രവർത്തകർക്ക് ഈ അധ്യാപകദിനം താങ്ങാനാവാത്ത ദു:ഖത്തിന്റെയും
രോഷപ്രകടനത്തിന്റെയും ദിനമായിരുന്നു .മാനേജ്മെന്റിനുവേണ്ടി ശിങ്കിടിപ്പണി
ചെയ്യുന്ന ആത്മഞ്ചകരായ ചില  സഹപ്രവർത്തകരോട് എതിരിട്ട് അനീഷ്
മാസ്റ്റർക്കൊപ്പം  എന്നും ഉറച്ചു നിന്ന ഇവർക്ക് സംഘടനാഭേദമില്ല. അതിജീവനം
ഇവർക്കിനി ഒരു ജീവൻ മരണപോരാട്ടമാണ്. ഇവർ  ഉദ്ബുദ്ധ,ജനാധിപത്യകേരളത്തിനു
മുമ്പിൽ ഒരു ചോദ്യചിഹ്നമാവേണ്ടതാണ്. കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി
പ്രകടനം നടത്തിയാണ് ഈ അധ്യാപക ദിനത്തെ അവർ വരവേറ്റത്.ഈ ദിനത്തിലും
മാനേജ്മെന്റിന്റെ ഭീഷണി ശബ്ദം സ്കൂളിനകത്ത് മുഴങ്ങി എന്നതാണ്
ഞെട്ടിപ്പിക്കുന്ന കാര്യം.ജീവനെടുത്തിട്ടും തീരാത്ത പകയും വാശിയുമായി ഒരു
മാനേജ്മെന്റു മുമ്പോട്ട് തന്നെ പോകുമ്പോൾ കേരള മനസാക്ഷി ഞെട്ടേണ്ടതാണ്.
DSC08108
 അധ്യാപകന്റെ സുഗമമായ തൊഴിലിന് സുരക്ഷയും പിന്തുണയും നൽകേണ്ട
ഡിപ്പാർട്ട്മെന്റിലെ മേലുദ്യോഗസ്ഥന്മാർ അധ്യാപകന്റെ കഴുത്തിൽ
കത്തിവെക്കുന്നവരാകുന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് അനീഷ് മാസ്റ്റർ
നേരിട്ട തിക്തയാഥാർത്ഥ്യം.നമ്മുടെ വിദ്യാഭ്യാസത്തിന്റെ
തലപ്പത്തിരിക്കുന്നവർ പ്രസംഗിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ
എന്നാണ് ആത്മാർത്ഥമായി ശ്രമിക്കുക? മെച്ചപ്പെട്ട നിയമം ഉണ്ടായിട്ടും
വിദ്യാർത്ഥിയും അധ്യാപകനും ഇരയാക്കപ്പെടുന്ന മർദ്ദകയന്ത്രമായി
വിദ്യാഭ്യാസവ്യവസ്ഥ തുടരുന്നതിന് എന്നാണ് ഒരറുതി വരിക? ഈ ചോദ്യമാണ് ഈ
അധ്യാപകദിനത്തിൽ മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂൾ നമ്മുടെ മുന്നിൽ
ഉയർത്തിയത്.
അധ്യാപകർക്കും അധ്യാപകസംഘടനകൾക്കും രാഷ്ട്രീയപാർട്ടികൾക്കും ഇത്തരം
സംഭവങ്ങൾ നൽകുന്നൊരു പാഠമുണ്ട്. പരമ്പരാഗത സമര ശൈലിയിൽ മാറ്റം വരണം.
വിവരാവകാശത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും സാധ്യതകളെ തക്കസമയത്ത്
അവർ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടോ? വ്യക്തിക്ക് വേണ്ടിയാണ് സമരമെങ്കിലും
ഇത് വ്യക്തിയിലൊതുങ്ങുന്നതല്ല. അത് ഒരു ജനാധിപത്യ,പൗരാവകാശ ഇടത്തിനു
വേണ്ടിയാണ്. വ്യക്തി ഇന്ന് പഴയ വ്യക്തിയല്ല. ഓരോ വ്യക്തിയും കൂടുതൽ
തീവ്രമായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണിന്ന്. നിലവിൽ എല്ലാതരം
രാഷ്ട്രീയ,സ്ർവീസാദി സംഘടനകളും ആവിഷ്കരിക്കുന്ന സമര രീതിയിൽ ഈ മാറിയ
‘വ്യക്തി’യെ എത്ര മാത്രം ഉൾക്കൊള്ളൂന്നുണ്ട് എന്ന് ആത്മ പരിശോധന
നടത്തണം.പറ്റബോധത്തിൽ നിന്ന് ഒറ്റബോധം കൂടിക്കൊണ്ടിരിക്കുന്ന കാലമാണ്.
കാലഹരണം വന്ന പറ്റബോധം കൊണ്ട് ഈ ഒറ്റബോധത്തെ മനസ്സിലാക്കാൻ ശ്രമിക്കരുത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!