സന്തോഷ് ട്രോഫി ജയം: ഔദ്യോഗിക ആഘോഷം ആറിന്  സ്വീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളം 72 ാമത് സന്തോഷ്‌ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതിന്റെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഏപ്രില്‍ ആറിന് കായിക യുവജനകാര്യ വകുപ്പ് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്നു. ടീമിന് ഏപ്രില്‍ ആറിന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്വീകരണം നല്‍കും.
മ്യൂസിയത്തില്‍ നിന്നാരംഭിക്കുന്ന വര്‍ണാഭ ഘോഷയാത്രയില്‍ തുറന്ന വാഹനത്തില്‍ ട്രോഫി സഹിതം ടീമിനെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കു ആനയിക്കും. ഘോഷയാത്രയില്‍ പോലീസ് അശ്വാരൂഢ സേന, പോലീസ് ബാന്‍ഡ് മേളം, പോലീസ് ട്രെയിനിംഗ് കോളേജ് അംഗങ്ങള്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, യുവജനക്ഷേമ ബോര്‍ഡ് വോളന്റിയര്‍മാര്‍, നെഹ്‌റു യുവകേന്ദ്ര അംഗങ്ങള്‍, എന്‍.എസ്.എസ് കേഡറ്റുകള്‍, സി.ആര്‍.പി.എഫ് സേന, റോളര്‍ സ്‌കേറ്റിംഗ് പ്രകടനം, വിവിധ ക്ലബുകളിലെയും സ്‌കൂള്‍ ഹോസ്റ്റലുകളിലെയും ഫുട്‌ബോള്‍ ടീമുകള്‍, എല്‍.എന്‍.സി.പി.ഇ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, പഞ്ചവാദ്യമേളം തുടങ്ങിയവ ഉണ്ടായിരിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, വിശിഷ്ടവ്യക്തികള്‍, പ്രമുഖ കായികതാരങ്ങള്‍, മുന്‍കാല സന്തോഷ് ട്രോഫി താരങ്ങള്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലയിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിജയിച്ച ടീമംഗങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ നല്‍കും.
ഇത് സംബന്ധിച്ച് നിയമസഭ സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആലോചനായോഗത്തില്‍ കായിക യുവജനകാര്യ മന്ത്രി എ.സി. മൊയ്തീന്‍, സഹകരണവും വിനോദസഞ്ചാരവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കളക്ടര്‍, മേയര്‍, കൗണ്‍സിലര്‍, കായിക സെക്രട്ടറി, കായിക ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, പോലീസ് ഐ.ജി, ഡി.പി.ഐ., ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles