പൊന്നാനിയിലെ കടല്‍ക്ഷോഭം: വാസയോഗ്യമായ വീടുകളിലേക്ക്‌ മാറ്റിതാമസിപ്പിക്കുന്നത്‌ പരിശോധിക്കും

Tanur-Sea-3-copy1പൊന്നാനി:പൊന്നാനിയില്‍ കടലാക്രമണമുണ്ടായ പ്രദേശങ്ങള്‍ ജില്ലാ കലക്‌ടര്‍ എന്‍. പ്രശാന്ത്‌ സന്ദര്‍ശിച്ചു. മൈലാഞ്ചിക്കാട്‌, മുറിഞ്ഞഴി, പുതുപൊന്നാനി, ഹിളര്‍പ്പള്ളി എന്നിവിടങ്ങള്‍ കലക്‌ടര്‍ സന്ദര്‍ശിച്ചു. വീട്‌ നഷ്‌ടപ്പെട്ടവരെ ഇന്റഗ്രേറ്റഡ്‌ ഹൗസിങ്‌ ആന്‍ഡ്‌ സ്ലം ഡെവലപ്‌മെന്റ്‌ പ്രോഗ്രാം (ഐ.എച്ച്‌.എസ്‌.ഡി.പി) പദ്ധതി പ്രകാരം മുന്‍ നഗരസഭയുടെ കാലത്ത്‌ നിര്‍മിച്ച 120 വീടുകളില്‍ മാറ്റിതാമസിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന്‌ വീടുകള്‍ സന്ദര്‍ശിച്ചതിന്‌ ശേഷം കലക്‌ടര്‍ അറിയിച്ചു. ഈ വീടുകള്‍ വാസയോഗ്യമല്ലെങ്കില്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇത്‌ സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ ഉടന്‍ നല്‍കാന്‍ നഗരസഭാ അധികൃതരോടും വില്ലേജ്‌ ഓഫീസറോടും കലക്‌ടര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി പെയ്‌ത ശക്തമായ മഴയിലും കാറ്റിലും കടലോരത്ത്‌ വീടുകള്‍ തകരുകയും വൃക്ഷങ്ങള്‍ കടപുഴകി നാശനഷ്‌ടങ്ങളുണ്ടാവുകയും ചെയ്‌തിരുന്നു. വൈദ്യുതി പോസ്റ്റുകളും തകര്‍ന്ന്‌ വീണിരുന്നു. കാപ്പിനിക്കാട്‌, പാലപ്പെട്ടി, അജിനീര്‍ നഗര്‍, പുതിയിരുത്തി, വെളിയങ്കോട്‌, പുതുപൊന്നാനി, മുറിഞ്ഞഴി, മരക്കടവ്‌, ഹിളര്‍പള്ളി എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ നാശനഷ്‌ടമുണ്ടായത്‌. ഇതേതുടര്‍ന്ന്‌ പി. ശ്രീരാമകൃഷ്‌ണന്‍ എം.എല്‍.എ മുഖ്യമന്ത്രിക്കും ജലസേചന വകുപ്പ്‌ മന്ത്രിക്കും വകുപ്പ്‌ സെക്രട്ടറിക്കും അടിയന്തര ഫാക്‌സ്‌ സന്ദേശമയച്ചിരുന്നു. എം.എല്‍.എ അരുവിക്കരയിലായതിനാല്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ജില്ലാ കലക്‌ടര്‍ സ്ഥലം സന്ദര്‍ശിച്ചത്‌. തീരദേശത്ത്‌ കടല്‍ഭിത്തി നിര്‍മിക്കാനും നിലവില്‍ കടല്‍ഭിത്തി തകര്‍ന്ന സ്ഥലങ്ങളില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്താനും തീരദേശ വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഫാക്‌സ്‌ അയച്ചത്‌. ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രി ജില്ലയ്‌ക്കായി പ്രഖ്യാപിച്ച 17 പദ്ധതികളിലൊന്ന്‌ തീരദേശത്ത്‌ കടല്‍ഭിത്തി നിര്‍മിക്കുമെന്നായിരുന്നു. തിരൂര്‍ സബ്‌ കലക്‌ടര്‍ അദീല അബ്‌ദുള്ള, പൊന്നാനി തഹസില്‍ദാര്‍, നഗരസഭാ-റവന്യൂ ഉദ്യോഗസ്ഥര്‍ കലക്‌ടര്‍ക്കൊപ്പമുണ്ടായിരുന്നു.