താനൂര്‍ മോര്യാ കാപ്പ്‌ കൃഷിയോഗ്യമാക്കല്‍:  ഉന്നതതല യോഗം ഉടനെന്ന്‌ കൃഷിമന്ത്രി

താനൂര്‍: ജില്ലയിലെ രണ്ട്‌ താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന മോര്യാകാപ്പ്‌ പാടശേഖരം കൃഷിയോഗ്യമാക്കുന്നതിന്‌ ഉന്നതതല യോഗം ഉടന്‍ വിളിക്കുമെന്ന്‌ കൃഷി വകുപ്പ്‌ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍. നിയമസഭയില്‍ വി. അബ്‌ദുറഹിമാന്‍ എം.എല്‍.എയുടെ സബ്‌മിഷന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

പാറയില്‍ മുതല്‍ കാപ്പുവരെ പ്രധാന തോട്‌ ആഴവും വീതിയും കൂട്ടി ട്രാക്‌ടര്‍ പാലത്തോട്‌ കൂടിയ വി.സി.ബികള്‍ നിര്‍മ്മിക്കുകയും മോര്യാ കാപ്പിലേക്ക്‌ ജലമെത്തിക്കുന്ന വട്ടച്ചിറയില്‍ സ്ഥിരം ഷട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്‌താല്‍ നിലവില്‍ പാടശേഖരത്തിന്റെ 10 ശതമാനം വിസ്‌തൃതിയില്‍ മാത്രമുള്ള കൃഷി 100 ശതമാനത്തിലേക്ക്‌ എത്തിക്കുന്നതിന്‌ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്‌ പുറമെ നന്നമ്പ്ര, വെള്ളിയാംപുറം, തിരുത്തി ഭാഗങ്ങളില്‍ വേനലില്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണാനാകും. സമഗ്ര നെല്‍കൃഷി പദ്ധതിയില്‍ അടുത്ത വര്‍ഷം മോര്യാ കാപ്പിനെ ഉള്‍പ്പെടുത്തുന്നത്‌ സര്‍ക്കാര്‍ സജീവമായി പരിഗണിക്കും.

ജലസേചന-കൃഷി വകുപ്പ്‌ മന്ത്രിമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി എം.എല്‍.എയെ അറിയിച്ചു.

Related Articles