ഖത്തറില്‍ അടുത്തമാസം മദ്യവില്‍പ്പനക്ക്‌ നിരോധനം

Untitled-1 copyദോഹ: ഖത്തറില്‍ ബലി പെരുന്നാളിനു മുന്നോടിയായി മദ്യവില്‍പ്പനയ്‌ക്ക്‌ വിലക്കേര്‍പ്പെടുത്താനൊരുങ്ങുന്നു. അടുത്തമാസം രണ്ടു മുതല്‍ പതിനൊന്നുവരെ പത്തു ദിവസത്തേക്കായിരിക്കും ഈ നിരോധനം ഏര്‍പ്പെടുത്തുക. ഇക്കാര്യത്തിലുള്ള അറിയിപ്പ്‌ ഖത്തര്‍ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി (ക്യു.ഡി.സി) ലൈസന്‍സുള്ള മദ്യ ഉപഭോക്താക്കള്‍ക്ക്‌ ടെക്‌സ്‌റ്റ്‌ സന്ദേശമായി അയച്ചുകഴിഞ്ഞു.

സെപ്‌റ്റംബര്‍ രണ്ട്‌ വെള്ളിയാഴ്‌ച മുതല്‍ അബൂഹമൂറിലെ ഔട്ട്‌ലറ്റ്‌ പെരുന്നാള്‍ അവധിവരെ അടച്ചിടുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്‌. പെരുന്നാള്‍ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്‌റ്റംബര്‍ പതിനൊന്നിനാകുമെന്നാണ്‌ സൂചന. അതെസമയം രാജ്യത്തെ എല്ലാ ഹോട്ടലുകളിലും സെപ്‌റ്റംബര്‍ ആരംഭത്തോടെ മദ്യം വിളമ്പുന്നത്‌ നിര്‍ത്തല്‍ ചെയ്യും.

കഴിഞ്ഞവര്‍ഷം ഖത്തര്‍ ടൂറിസം അതോറിറ്റി ഇറക്കിയ ഉത്തരവ്‌ പ്രകാരമാണ്‌ ഈ നടപടി. ഇതിനുപുറമെ ഈദുല്‍ അദ്‌ഹ ദിനങ്ങളിലും ഹോട്ടലുകള്‍, ബാറുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മദ്യം വില്‍ക്കുന്നത്‌ നിരോധിച്ചുകൊണ്ടുള്ള അറിയിപ്പും മന്ത്രാലയത്തില്‍ നിന്ന്‌ കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. റമദാന്‍ മാസത്തിലും, മുഹമ്മദ്‌ നബിയുടെ ജന്മദിനത്തിലും ഈ വര്‍ഷം രാജ്യത്ത്‌ മദ്യവില്‍പ്പന നിരോധിച്ചിരുന്നു.

അതെസമയം ഖത്തറിലെ ഫൈവ്‌ സ്‌്‌റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ മന്ത്രാലയത്തിന്റെ ഈ അറിയിപ്പ്‌ ലഭിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഉത്തരവ്‌ പ്രകാരം ഇത്തവണയും പത്ത്‌ ദിവസം നിരോധനം ഏര്‍പ്പെടുത്താന്‍ തന്നെയാണ്‌ ഇവരുടെയും തീരുമാനം.