മരിച്ചിട്ടും അനീഷ്‌മാഷിന്‌ നീതി നിഷേധം

aneesh mash news photoമലപ്പുറം: മൂന്നിയൂര്‍ ഹൈസ്‌ക്കുളിലെ അധ്യാപകന്‍ കെകെ അനീഷ്‌ മരിച്ചിട്ടും വിദ്യഭ്യാസവകുപ്പ്‌ അദ്ദേഹത്തോടും കുടുംബത്തോടുമുള്ള നീതി നിഷേധം തുടരുന്നു. തന്നെ പിരിച്ചുവിട്ടതിനെതിരെ കെകെ അനീഷ്‌ പൊതുവിദ്യഭ്യസ ഡയറക്‌ടര്‍ക്ക്‌ നല്‍കിയ പരാതിയിലുള്ള അന്വേഷണത്തില്‍ അധ്യാപകനെ പിരിച്ചുവിട്ട നടപടി തെറ്റാണെന്ന്‌ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ സ്‌കൂള്‍ മാനേജരും അനീഷിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്‌ത അന്നത്തെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടറും, സ്‌കൂളിലെ പ്രധാനാധ്യാപികയും കുറ്റക്കാരണൊണ്‌ കണ്ടെത്തിയിട്ടുണ്ട്‌.
ഡിസംബറില്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ടാണ്‌ യാതൊരു നടപടിയുമെടുക്കാതെ വിദ്യഭ്യാസവകുപ്പ്‌ പുഴ്‌ത്തിവെച്ചത്‌. ഇപ്പോള്‍ അനീഷിന്റെ ഭാര്യ ഷൈനി വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ്‌ മാര്‍ച്ച്‌ മാസത്തില്‍്‌ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവന്നത്‌. ഇതേ തുടര്‍ന്ന്‌ ഇപ്പോള്‍ സ്‌കൂള്‍ മാനേജര്‍ കുഞ്ഞാപ്പുവിനും പ്രധാനാധ്യാപിക സുധ പി നായര്‍ക്കും ചാര്‍ജ്ജ്‌ മെമ്മോ നല്‍കുക മാത്രമാണ്‌ ഇതുവരെ ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ റിപ്പോര്‍ട്ടില്‍ അനീഷിനെ പിരിച്ചുവിടാനുള്ള മാനേജരുടെ ശുപാര്‍ശ ശരിവെച്ച്‌ റിപ്പോര്‍ട്ട്‌ എഴുതിയ അന്നത്തെ മലപ്പുറം ഡിഡിഇ ഗോപിയെ പ്രോസിക്യൂട്ട്‌ ചെയ്യാവുന്നതാണെന്ന കണ്ടത്തിലില്‍ യാതൊരു നടപടിയും വകുപ്പ്‌ സ്വീകരിച്ചിട്ടില്ല. അനീഷ്‌ ജീവിച്ചരിക്കുമ്പോള്‍ തന്നെ ഈ പരാതിയില്‍ അന്വേഷണം നടത്താന്‍ കാലതാമസ്സം വരുത്തിയെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്‌.

ഇതിന്‌ പുറമെ അനീഷിന്റെ കുടുംബത്തിന്‌ അദ്ദേഹത്തിന്റെ മരണാനന്തരം ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അനീഷിനെ സസ്‌പെന്റ്‌ ചെയ്‌ത കാലയളവില്‍ ലഭിക്കേണ്ട ഉപജീവനബത്ത പോലും തടഞ്ഞുവെക്കുയും കാലതാമസ്സം വരുത്തകയും ചെയ്‌ത വിദ്യഭ്യാസവകുപ്പ്‌ ഇപ്പോല്‍ അദ്ദേഹത്തിന്റെ പേരിലുള്ള പ്രൊവിഡന്റ്‌ ഫണ്ട്‌ എസ്‌എല്‍ഐ പോലുള്ള നിക്ഷേപതുകകള്‍ പോലും നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.

പൊതുവിദ്യഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‌ പിന്നാലെ മനുഷ്യാവകാശ കമ്മീഷന്റെ കണ്ടത്തലുകള്‍ കൂടി പുറത്തുവന്നതോടെ അനീഷ്‌ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായ പിരിച്ചുവിടലിനും ക്രിമിനല്‍കേസിനും പിന്നീല്‍ വന്‍ ഗൂഡാലോചനകള്‍ നടന്നുവെന്ന ആക്ഷേപം ശരിയാണെന്ന്‌ തെളിയുകയാണ്‌.
അനീഷ്‌മാസ്റ്റര്‍ സ്‌കൂളിലെ അറ്റന്‍ഡറായ അഷറഫി്‌നെ ഡസ്‌ക്കിന്റെ കാലുകൊണ്ട്‌ അടിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ തിരൂരങ്ങാടി പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസിന്‌ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ്‌ വ്യാജമാണെന്ന്‌ മനുഷ്യാവകാശകമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഷറഫിനെ ചികിത്സിച്ച്‌ വ്യാജ വൂണ്ട്‌ സര്‍ട്ടിഫിക്കേറ്റ്‌ നല്‍കിയ കോഴിക്കോട്‌ ചെറുവണ്ണൂര്‍ കോയാസ്‌ ഹോസ്‌പിറ്റലിന്റെ ഉടമയായെ ഡോ എംഎ കോയയെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. വിദ്യഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിലും അഷറഫിന്റെ മൊഴിയിലെ വൈരുദ്ധം തുറന്നുകാണിക്കുന്നുണ്ട്‌ ഡസ്‌ക്കിന്റെ കാലുകൊണ്ട്‌ അഷറഫിനെ സ്‌കൂള്‍ ലാബില്‍ വെച്ച്‌ അനീഷ്‌ തലക്കടിച്ചുവെന്ന്‌ പറയുന്ന സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ ഇല്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കേസിന്റെ എഫ്‌ഐആറില്‍ ഇരുമ്പുവടികൊണ്ടാണ്‌ അടിച്ചതെന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. അഷറഫ്‌ ഹാജരാക്കിയ വുണ്ട്‌ സര്‍ട്ടിഫിക്കേറ്റില്‍ മരണംവരെ സംഭിവിച്ചേക്കാവുന്ന മാരകപരിക്കാണ്‌ തലക്കേറ്റതെന്ന്‌ പറയുന്നുണ്ട്‌. എന്നാല്‍ മനുഷ്യാവകാശകമ്മീഷന്‍ നടത്തിയ സ്‌കാനിങ്ങ്‌ അടക്കമുള്ള പരിശോധനയില്‍ അത്തരമൊരു മുറിവ്‌ തലക്കുണ്ടായിട്ടില്ലെന്ന്‌ കണ്ടെത്തിയിരുന്നു.

ഈ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റിന്റെ പിന്‍ബലത്തിലാണ്‌ പോലീസ്‌ അനീഷിനെതിരെ കേസെടുത്തതും ഈ കേസിന്റെ പേരില്‍ അനീഷിനെ പിരിച്ചുവിട്ടതും. അനീഷ്‌ സഹപ്രവര്‍ത്തകനെ മാരകമാംവിധം ശാരീരകമായി കയ്യേറ്റം ചെയ്‌തുവെന്നും ഇത്തരം ഹീനമായ പ്രവര്‍ത്തിയല്‍ ഏര്‍പ്പെട്ട അനീഷിന്‌ അധ്യാപകനായി ജോലിയില്‍ തുടരുന്നതിന്‌ അര്‍ഹതയില്ലെന്നാണ്‌ വിദ്യഭ്യാസഡയറക്ടര്‍ക്കു മുന്നില്‍ സ്‌കൂള്‍ മനേജര്‍ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യാന്‍ കാരണമായി പറയുന്നത്‌.

നിസ്സാര കാരണത്തിന്റെ പേരില്‍ ഒരാളെ പിരിച്ചുവിടാന്‍ മനേജര്‍ ചെയ്‌ത ശുപാര്‍ശ ഡിഡിഇ നീക്കം ചെയ്യല്‍ നടപടിയെടുത്തത്‌ യുക്തിക്ക്‌ നിരക്കാവുന്നതല്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശനപരിഹാരത്തിന്‌ ശ്രമിക്കാതെ പ്രധാനഅധ്യാപിക അതീവഗുരുതരമായ ക്രിത്യവിലോപം കാണി്‌ച്ചുവെന്നും ഡിപിഐ കണ്ടെത്തയിട്ടുണ്ട്‌, ഇതിന്‌ പുറമെ ഇവര്‍ ഹാജര്‍പട്ടികയില്‍ കൃത്രിമംകാണിച്ചത്‌ ക്രിമനല്‍കുറ്റമായാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ഈ സംഭവങ്ങളുടമായി ബന്ധപ്പെട്ട്‌ മൂന്ന്‌ കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. അനീഷ്‌ മാസ്‌റ്ററുടെ മരണം സംഭവിച്ച മലമ്പുഴയിലെ പോലീസ്‌ സ്റ്റേഷനിലും മറ്റൊന്ന്‌ ,മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നല്ലളം സ്‌റ്റേഷനലുമാണ്‌. തിരൂരങ്ങാടി സ്‌റ്റേഷനില്‍ നേരത്തെയുള്ള കേസ്‌ പുനരന്വേഷിക്കാന്‍ മലപ്പുറം പോലീസ്‌ ചീഫ്‌ ഉത്തരവിട്ടിട്ടുണ്ട്‌. അന്വേഷണം സത്യസന്ധമായി മുന്നോട്ട്‌ പോകുകയാണെങ്ങില്‍ അനീഷിന്റെ കുടുംബത്തിനെങ്കിലും നീതി ലഭിക്കുമെന്ന്‌ പ്രതീക്ഷയിലാണ്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും.

റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍

aneesh photo copyaneesh photo 1 copy