കരിപ്പൂരില്‍ സ്വര്‍ണ്ണത്തില്‍ വിഷം പുരട്ടി ഉദേ്യാഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമം

Untitled-1 copyകൊണ്ടോട്ടി: കോഴിക്കോട്‌ വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണ്ണത്തില്‍ മാരകമായ അളവില്‍ മെര്‍ക്കുറി പുരട്ടിയതായി കണ്ടെത്തി. മെര്‍ക്കുറി പുരട്ടിയത്‌ കസ്റ്റംസ്‌ ഉദേ്യാഗസ്ഥരെ അപായപ്പെടുത്താനാണെന്ന്‌ സൂചന. ഇന്നലെ എമറേറ്റ്‌സ്‌ വിമാനത്തില്‍ സുല്‍ത്താന്‍ബത്തേരി സ്വദേശിയായ സുലൈമാന്‍ (41) കടത്താന്‍ ശ്രമിച്ച 100 പവന്‍ സ്വര്‍ണ്ണത്തിലാണ്‌ മാരകമായ വിഷം കണ്ടെത്തിയത്‌.
ഈ സ്വര്‍ണ്ണം കസ്റ്റംസ്‌ ഉദേ്യാഗസ്ഥര്‍ അലക്ഷ്യമായി കൈകാര്യം ചെയ്‌തിരുന്നെങ്കില്‍ മരണത്തിന്‌ തന്നെ കാരണമായേനെ. മെര്‍ക്കുറി ശരീരത്തിലെത്തിയാല്‍ അത്‌ ആന്തരിക രക്തസ്രാവത്തിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മെര്‍ക്കുറിയുണ്ടെന്ന്‌ തിരിച്ചറിഞ്ഞതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷമാത്രമാണ്‌ കസ്റ്റംസ്‌ സ്വര്‍ണ്ണം കസ്റ്റഡിയിലെടുത്തത്‌. കരിപ്പൂരിന്റെ ചരിത്രത്തിലാദ്യമായാണ്‌ ഇത്തരമൊരു സംഭവം. കോഴിക്കോട്‌ കൊടുവള്ളിയിലെ ചില സ്വര്‍ണ്ണക്കടത്ത്‌ സംഘങ്ങളുടെ സ്വര്‍ണ്ണം ഇവിടെ നിരന്തരം പിടിക്കപ്പെട്ടതിന്റെ വൈരാഗ്യമാണ്‌ ഈ അപായപ്പെടുത്താനുള്ള ശ്രമത്തിന്‌ പിന്നിലെന്ന്‌ കരുതുന്നു.

സ്വര്‍ണ്ണക്കടത്തിന്‌ പുറമെ സുലൈമാനെതിരെ വധശ്രമത്തിന്റെ വകുപ്പുകൂടി ചേര്‍ത്താണ്‌ കേസെടുത്തിരിക്കുന്നത്‌.