ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ ജസീറയുടെ സമരം തുടങ്ങി

jaseeraകൊച്ചി : പ്രഖ്യാപിച്ച പാരിതോഷിക തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ വ്യവസായി കൊച്ചഔസേപ്പ് ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ ജസിറയുടെ സമരം തുടങ്ങി. കടല്‍ മണല്‍ ഖനന മാഫിയക്കെതിരെ ദില്ലിയില്‍ മാസങ്ങളായി നടത്തി വന്ന സമരം ഒത്തുതീര്‍പ്പുകള്‍ക്കനുസൃതമായി അവസാനിപ്പിച്ച് ഇന്നലെ കൊച്ചിയിലെത്തിയ ജസീറ പാലാരിവട്ടത്തുള്ള ചിറ്റിലപ്പള്ളിയുടെ വീട്ടിന് മുന്നില്‍ കുട്ടികളോടൊത്ത് കുത്തിയിരിപ്പ് സമരം തുടങ്ങുകയായിരുന്നു.

സിപിഐഎംമ്മിന്റെ ക്ലിഫ്ഹൗസ് ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യ എന്ന വീട്ടമ്മക്ക് കൊച്ചഔസേപ്പ് ചിറ്റിലപ്പള്ളി 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ സമയത്ത് പ്രകൃതിക്കും മണ്ണിനും വേണ്ടി പോരാട്ടം നടത്തികൊണ്ടിരുന്ന ജസീറയെ പോലെയുള്ളവരെ ചിറ്റിലപ്പള്ളി കാണുന്നില്ലെന്ന അരൊപണം സോഷ്യല്‍ മീഡിയകളിലും മറ്റു മധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ചിറ്റിലപ്പള്ളി ജസീറക്കും 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് ഏറ്റു വാങ്ങാന്‍ ജനുവരി 27 ന് കൊച്ചിയിലെത്തണമെന്ന് ചിറ്റിലപ്പള്ളിയുടെ ഓഫീസ് ജസീറയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ സമ്മാനത്തുക വാങ്ങുന്നതിന് മാത്രമായി സമരം അവസാനിപ്പിച്ച് കൊച്ചിയിലെത്തുന്നതനോട് ജസീറക്ക് യോജിപ്പില്ലായിരുന്നു. കൂടാതെ സമരത്തിനെതിരെ പ്രതികരിച്ചതിന് പാരിതോഷികം ലഭിച്ച സന്ധ്യയോടൊപ്പം വേദി പങ്കിടുവാനും ജസീറ വിമുഖത പ്രകടിപ്പിച്ചിരുന്നു.

ഇതോടെ ജസീറ ചടങ്ങിനെത്തിയില്ലെങ്കില്‍ തുക നല്‍കാനാവില്ലെന്ന് ചിറ്റിലപ്പള്ളി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാഗ്്ദാനം ചെയ്ത തുക നല്‍കിയില്ലെങ്കില്‍ ദില്ലിയിലെ സമരം കഴിഞ്ഞാല്‍ ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ തുക പിന്‍വലിച്ചിട്ടില്ലെന്നും അത് കുട്ടികളുടെ പേരില്‍ ബാങ്കിലിടാന്‍ തയ്യാറാണെന്നും ചിറ്റീലപ്പള്ളി വ്യക്തമാക്കിയിരുന്നു. പിന്നെ എന്തിനാണ് സമരം ചെയ്യുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് ചിറ്റിലപ്പള്ളി പ്രതികരിച്ചിരുന്നു.