ഗ്ലോബല്‍ സാലറി ചലഞ്ച്;ആദ്യ പ്രതികരണമായി സൗദിയില്‍ നിന്ന് ആറ് ലക്ഷം

കേരള പുനര്‍ നിര്‍മ്മാണത്തിനായുള്ള ഗ്ലോബല്‍ സാലറി ചലഞ്ചിലേക്കു ആദ്യ പ്രതികരണമായി സൗദി അറേബ്യയില്‍ നിന്ന് ആറ് ലക്ഷം രൂപ. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷ്ടല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സൗദി അറേബ്യയിലെ മുന്നൂറോളം സ്റ്റാഫ് അംഗങ്ങളാണ് നവകേരള നിര്‍മ്മിതിക്കായി തങ്ങളുടെ ശമ്പത്തിന്റെ വിഹിതം മാറ്റിവെച്ചത്. പി. അനൂപ്, എം.സി. മുസാഫര്‍, സലാം ഇബ്രാഹീം കുഞ്ഞ്, ഷാഹിന്‍ പൂളക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാരില്‍ നിന്നും തുക സമാഹരിച്ചത്.
മലപ്പുറം വളാഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ 611,313 രൂപയുടെ ചെക്ക് സ്റ്റാഫ് പ്രതിനിധികളായ ജുനീര്‍ മണക്കടവന്‍, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീലിന് കൈമാറി. ചടങ്ങില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ കരീം, നിസാര്‍ കാടേരി എന്നിവര്‍ പങ്കെടുത്തു.
ആഷ്ടല്‍ ഗ്രൂപ്പിന്റെ റീടെയില്‍ വിഭാഗമായ ഈസി സ്റ്റോര്‍ കൊച്ചി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ ആഗസ്റ്റ് 23 ന് എറണാകുളം ജില്ലാ കലക്ടര്‍ക്ക് കൈമാറിയിരുന്നു. ഇതിനു പുറമെയാണ് ജീവനക്കാര്‍ സാലറി ചലഞ്ചിന്റെ ഭാഗമായി സംഭാവന നല്‍കിയത്.

Related Articles