ലോകസഭാ തിരഞ്ഞെടുപ്പ്; 20 മണ്ഡലങ്ങളിലേക്ക് എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മേധാപട്കര്‍ മല്‍സരിക്കും

Medha-Patkar2ദില്ലി : 20 ലോകസഭാമണ്ഡലങ്ങളിലേക്ക് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സാമൂഹ്യ പ്രവര്‍ത്തകയും, പരിസ്ഥിതി പ്രവര്‍ത്തകയുമായ മേധാപട്കര്‍ മല്‍സരിക്കും. മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്നായിരിക്കും മേധാപട്കര്‍ ജനവിധി തേടുക.

രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ എല്ലാം തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഇറക്കി കരുത്ത് തെളിയിക്കാനാണ് ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ യോഗ തീരുമാനം. കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ അമേഠിയില്‍ കുമാര്‍ വിശ്വാസ് മല്‍സരിക്കും. നേരത്തെ തന്നെ കുമാര്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ പ്രചാരണം ആരംഭിച്ചിരുന്നു. ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം കെജ്‌രിവാള്‍ ലോകസഭയിലേക്ക് മത്സരിക്കുമോ എന്ന് തീരുമാനമായിട്ടില്ല.

എഎപി നേതാവ് അഷുതോഷ് ഡല്‍ഹിയിലെ ചാന്ദ്‌നി ചൗകില്‍, കേന്ദ്രമന്ത്രി കപില്‍ സിബിലിനെയും നേരിടും. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ ഫറൂഖാബാദില്‍ മുകുള്‍ ത്രിപാഠി മത്സരിക്കും. സമാജ് വാദി പാര്‍ട്ടി മുലായന്‍ സിങ്ങ് യാദവിനെതിരെ ഉത്തര്‍പ്രദേശിലെ മെയിന്‍പുരി മണ്ഡലത്തില്‍ ബാബ. ഹര്‍ദേവുവാണ് മത്സരിക്കുകയെന്നും എഎപി നേതാക്കള്‍ വ്യക്തമാക്കി.