തേഞ്ഞിപ്പാലത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു

തേഞ്ഞിപ്പലം: തേഞ്ഞിപ്പാലത്ത് ദേശീയപാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് പാണമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാറില്‍ നിന്നും അസധാരണമായി പുക ഉയരുന്നത് കണ്ടതോടെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായിപ്പോയത്. ചേലേമ്പ്ര പാറയില്‍ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗന്‍ കാറാണ് കത്തി നശിച്ചത്. ഷോര്‍ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കാര്‍ പൂര്‍ണമായും കത്തി അമര്‍ന്നു. കോഴിക്കോട് മീഞ്ചന്തയില്‍ നിന്നും ലീഡിംഗ് ഫയര്‍മാന്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയപ്പോഴെക്കും കാര്‍ പൂര്‍ണമായുമ കത്തിയമര്‍ന്നിരുന്നു.ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയായിട്ടുകൂടി ആര്‍ക്കും കാറിന് സമീപത്തേക്ക് പോകാന്‍ സാധിച്ചില്ല. ഇതോടെ ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടപ്പെടുകയും ചെയ്തു.

ചേളാരിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു സുബൈറും കുടുംബവും.