ഒന്നരവയസ്സുകാരി വീട്ടുവരാന്തയിലെ കമ്പി അഴിയില്‍ തല കുടുങ്ങി മരിച്ചു

Untitled-1 copyവള്ളിക്കുന്ന് : പിഞ്ചുബാലിക വീട്ടുവരാന്തയിലെ ഗ്രില്ലില്‍ തല കുടുങ്ങി മരിച്ചു. പളളിക്കല്‍ ബസാര്‍ കൊടികുത്തിപറമ്പ് പയിക്കാരതൊടി ബീരാന്റെ മകള്‍ ജുസൈനയുടെയും മൂസകോയയുടെയും ഏകമകള്‍ ഹുസ്‌നഫാത്തിമ (ഒന്നര) യാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ കുട്ടിയുടെ വല്ല്യുപ്പ പയിക്കാരതൊടി ബീരാന്റെ വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടസമയത്ത് കുട്ടിയുടെ ഉമ്മ ജുസൈനയും, സഹോദരന്റെ ഭാര്യ മുബീനയുമാണ് ഇവിടെ ഉണ്ടായിരുന്നത്. വല്ല്യുമ്മ സമീപത്തെ മില്ലിലേക്ക് പോയതായിരുന്നു. കുട്ടി വല്ല്യുമ്മയുടെ കൂടെ പോയതാണെന്ന് കരുതി കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് വീട്ടിലെ സിറ്റൗട്ടിലെ സ്റ്റീല്‍ ഗ്രില്ലില്‍ തലകുരുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗ്രില്ലില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ തെന്നി വീണ് തൊണ്ട ഗ്രില്ലില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. വീട്ടുകാരെത്തി നോക്കുമ്പോള്‍ വായില്‍ നിന്നും ചോര ഒലിച്ച നിലയിലായിരുന്നു കുഞ്ഞ്. ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് മൂസകോയ നിര്‍മ്മാണ തൊഴിലാളിയാണ്.