മഞ്ചേരി: മഞ്ചേരി നഗരത്തില്‍ ഒരാഴ്ചയ്ക്കകം പുതിയ ഗതാഗത പരിഷ്‌ക്കാരം നടപ്പാക്കുമെന്ന് ജില്ലാ കലക്റ്റര്‍ കെ. ബിജു അറിയിച്ചു. അത് വരെ നിലവിലുള്ള സ്ഥിതി തുടരും. ബസ് ഉടമകളുമായും വ്യാപാരികളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കലക്റ്റര്‍. എം. ഉമ്മര്‍ എം.എല്‍.എ യുടെ യും നഗരസഭാ ചെയര്‍മാന്റെയും നേതൃത്വത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
പുതിയ പരിഷ്‌ക്കാരമനുസരിച്ച് മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ (ഐജിബിറ്റി) കേന്ദ്രീകരിച്ചും കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ സീതി ഹാജി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചും സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് നഗരത്തിലെത്തുന്നതിന് പഴയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സിറ്റി ബസുകള്‍ സര്‍വീസ് നടത്തും. സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് ആര്‍.റ്റി.ഒ യുടെ നേതൃത്വത്തില്‍ തീരുമാനമെടുക്കും. നിലവില്‍ ഉള്‍നാട്ടിലേക്ക് സര്‍വീസ് നടത്തുന്ന മിനി ബസുകള്‍ക്ക് പുറമെ പുതിയ ബസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും ആലോചിക്കും.
നിലവില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ ഐജിബിറ്റി കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തുന്നത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌ക്കാരമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എ.ഡി.എം പി. മുരളീധരന്‍, നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, സി.ഐ വി.ഐ കൃഷ്ണദാസ്, എം.വി.ഐ ഇ. മോഹന്‍ദാസ്, എസ്.ഐ മാരായ എ.പി ശശികുമാര്‍, പി.വി ബലദേവന്‍, ബസ് ഉടമ പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




