താനൂര്‍: കേരളത്തിലുടനീളം അമ്പത് കൊല്ലത്തോളം കാലം ടെക്നോളജിയുടെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ‘ക്ലിക്കെ’ടുക്കുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ബാലേട്ടന്.
ഏകദേശം 170 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആഗസ്റ്റ് 19 ‘ലോക ഫോട്ടോഗ്രാഫി ദിന’മായി ആചരിക്കാന്‍ തീരുമാനമെടുത്തത്. ലൂയി മാന്‍ഡെ ടാഗുറെ എന്ന മെക്കാനിക്കാണ് ആദ്യം ക്യാമറയുടെ പ്രാക്രൂപം കണ്ടുപിടിച്ചത്. 1839ല്‍ ആയിരുന്നു ഇത്. അന്ന് തൊട്ട് ഇന്ന് വരെ ലോകമെമ്പാടും വിവിധ തരത്തില്‍ ഫോട്ടോഗ്രാഫി ദിനം ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് വിനയപൂര്‍വ്വം സൗമ്യതയോടെ മാറി നില്‍ക്കുകയാണ് ബാലേട്ടന്.
നമ്മുടെ നാട്ടില്‍ ഫോട്ടോഗ്രാഫിക്ക് പ്രചാരം ലഭിക്കാത്ത കാലത്ത് പോലും ബ്ലാക്ക് & വൈറ്റ് ഫോട്ടോഗ്രാഫിയില്‍ തിളങ്ങിയിരുന്നു ബാലേട്ടന്. അച്ഛന്റെ, മകളുടെ, മകളുടെ മകളുടെ തുടങ്ങി മൂന്ന് തലമുറുകളുടെ ഫോട്ടോ എടുക്കുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് അദ്ദേഹത്തിന്. പഴയകാല തറവാട്ടുവീടുകളില്‍ കറുപ്പിലും വെളുപ്പിലും പ്രിന്റ് ചെയ്ത ആല്‍ബങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നു. കോട്ടം തട്ടാതെ,
ഇപ്പോള്‍ ചെമ്മാട് സൗമ്യ സ്റ്റുഡിയോയില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫിയിലെ മാനങ്ങള്‍ സൂക്ഷ്മതയോടെ നോക്കിക്കാണുകയാണ് അദ്ദേഹം. ലക്ഷകണക്കിന് ഫോട്ടോകളാണ് ആ വിരല്‍സ്പര്‍ശമേറ്റ് മനോഹരമായത്. ഒപ്പം നൂറു കണക്കിന് ശിഷ്യന്മാരും. കുഞ്ഞു കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ബാലേട്ടന് എന്നാണ് അഭിസംബോധന ചെയ്യുന്നത്. വിനയവും സൗമ്യ ഭാവവുമാണ് ബാലേട്ടനെ വ്യത്യസ്തനാക്കുന്നത്. ആ വിരല്‍ത്തുമ്പില്‍ നിന്നുതിര്‍ന്നത് ഒട്ടനവധി ഓര്‍മകളുടെ ക്ലിക്കുകള്‍…ഒപ്പം ചരിത്രവും
ബാലേട്ടന് നടന്നു നീങ്ങുന്നു കാലത്തിനൊപ്പം… സൗമ്യമായി. സൗമ്യ ബാലേട്ടന്



