പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘ നാളത്തെ ആവിശ്യമായ ഹാര്‍ബര്‍ പരപ്പനങ്ങാടിക്ക് അനുവദിക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇപ്പോഴിതാ ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 65 കോടി രൂപ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചും കഴിഞ്ഞു.
എന്നാല്‍ നിര്‍ദിഷ്ട ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികവാദത്തിന്റെ തിട്ടയില്‍ തകര്‍ന്നടിയുമോ എന്ന ആശങ്കയിലാണ് പരപ്പനങ്ങാടിക്കാര്‍. നിരവധി കടമ്പകള്‍ മറികടന്ന് അങ്ങാടിക്കടപ്പുറത്ത് ഹാര്‍ബറിന്റെ പൈലിംഗ് പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ക്കകം നിര്‍ത്തിവെച്ചതാണ് ഈ ആശങ്കയ്ക്ക് കാരണം. പരപ്പനങ്ങാടിക്ക് ഹാര്‍ബര്‍ അനുവദിച്ചതുമുതല്‍ ചാപ്പപ്പടിയിലും ആലുങ്ങലിലും ഹാര്‍ബറിന് സ്ഥാനം കണ്ടെത്തണമെന്ന പ്രാദേശിക തര്‍ക്കമാണ് ഈ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണമായത്. വടക്കന്‍ മേഖലയിലുള്ളവര്‍ അങ്ങാടിക്കടപ്പുറം അംഗീകരിച്ചെങ്കിലും ചാപ്പപ്പടി മേഖലയിലുള്ളവര്‍ ഇതിന് ഇപ്പോഴും തയ്യാറായിട്ടില്ല.
ഭരണകക്ഷിയിലെ സംഘടനകള്‍ തന്നെ ഇതിന്റെ പേരില്‍ ബലപരീക്ഷണത്തിന് ഇറങ്ങിയപ്പോഴാണ് പദ്ധതി നിര്‍ത്തിവെക്കേണ്ടി വന്നിരിക്കുന്നത്. ചാപ്പപ്പടിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് സ്ഥലം എംഎല്‍എയും വിദ്യഭ്യാസ മന്ത്രിയുമായ അബ്ദുറബ്ബിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും രാജി ഭീഷണി മുഴക്കുകയും ചെയ്തതോടെ ലീഗിന്റെ സംസ്ഥാന നേതൃത്വം ഇടപ്പെട്ട് ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയായിരുന്നു. ഇപ്പോഴും ചാപ്പപ്പടിയല്ലാത്ത മറ്റൊരിടത്ത് ഹാര്‍ബര്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികള്‍ എന്നത് കൂടുതല്‍ സങ്കീര്‍ണതയിലേക്കാണ് കാര്യങ്ങളെ എത്തക്കുന്നത്.
സ്വന്തമായി ഫിഷിങ് ഹാര്‍ബര്‍ ഇല്ലാത്തതിനാല്‍ പരപ്പനങ്ങാടി സ്വദേശികള്‍ പൊന്നാനിയിലേക്കും ചാലിയത്തേക്കും വാഹനത്തില്‍ സഞ്ചരിച്ചാണ്് മത്സ്യബന്ധനത്തിന് പോകുന്നത്. ഈ യാത്രയ്ക്കിടെയുള്ള അപകടങ്ങളില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ എട്ടോളം മത്സ്യത്തൊഴിലാളികളുടെ ജീവനാണ് പൊലിഞ്ഞത്.
നാടിന്റെ വികസന പദ്ധതികള്‍ ഒരു രാഷ്ട്രീയ പ്രാര്‍ട്ടിയുടെ ഗ്രൂപ്പുകളിക്കും കേവല പ്രാദേശിക വാദങ്ങള്‍ക്കും അടിയറവെക്കപ്പെടുമ്പോള്‍ ഇല്ലാതാകുന്നത് ജീവിക്കാനായി കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളികളുടെ സ്വപ്‌നങ്ങളാണ്.




