തിരൂനാവായ – ഗുരുവായൂര്‍ റെയില്‍പാത സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ്. നിര്‍ദിഷ്ട റെയില്‍പാത സംബന്ധിച്ച് ഭൂവുടമകളുടെയും പാടശേഖര സമിതികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങളും നിര്ദേശങ്ങളുമറിയുന്നതിന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം സര്വെയടക്കമുള്ള മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും അഭിപ്രായമനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി, പി. ശ്രീരാമകൃഷ്ണന് എം.എല്‍.എ, ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ്, എ.ഡി.എം പി. മുരളീധരന്, റെയില്‍വെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡാനി തോമസ്, റെയില്‍വെ എഞ്ചിനിയര്‍ ഷാജി സ്കറിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പാത നിര്‍മാണത്തിന്റെ മൊത്തം ചെലവിന്റെ 50 ശതമാനം സംസഥാന സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ദേശം ഒഴിവാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലത്തുമെന്നും മന്ത്രി പറഞ്ഞു.
റെയില്‍ വെ വികസനത്തിനായി കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ സമയബന്ധിതമായി ചെലവഴിക്കാത്തതാണ് കേരളത്തില്‍ റെയില്‍ വികസനമില്ലാതിരിക്കാന് കാരണമെന്ന് ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
തിരുനാവായ മുതല്‍ ഗുരുവായൂര്‍ വരെ 34.5 കി. മി ദൂരമാണ് പാത നിര്‍മിക്കാനുദ്ദേശിക്കുന്നത്. 12.7 കി. മീ തൃശൂര്‍ ജില്ലയിലും 21.8 കി. മീ മലപ്പുറം ജില്ലയിലുമാണ്. തൃശൂര്‍ ജില്ലയിലെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയില്‍ പെരുമ്പടപ്പ്, നന്നംമുക്ക്, വെളിയംകോട്, ഈഴവതുരുത്തി വില്ലേജുകളിലായി എട്ട് കി.മീ സര്‍വെ പൂര്‍ത്തിയായിട്ടുണ്ട്. വെളിയംകോട്, പെരുമ്പടപ്പ് വില്ലേജുകളില്‍ എട്ട് കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. നന്നംമുക്ക്, ഈഴവതിരുത്തി വില്ലേജുകളില്‍ ഒരു കെട്ടിടം പോലും പൊളിക്കേണ്ടി വരില്ല. കാലടി, തിരുനാവായ, തവനൂര്‍, എടപ്പാള്‍, മാറഞ്ചേരി വില്ലേജുകളിലായി 27.5 കി.മീ സര്‍വെ പൂര്‍ത്തിയാക്കാനുണ്ട്.
3643 ഹെക്റ്റര്‍ വിസ്തീര്‍ണമുള്ള പൊന്നാനി കോള്‍ മേഖലയിലൂടെയാണ് നിര്‍ദിഷ്ട പാത കടന്ന് പോകുന്നത്. 21 മീറ്റര്‍ വീതിയില്‍ ഏഴ് കിലോ മീറ്റര്‍ ദൂരം പാത നിര്‍മിക്കുമ്പോള്‍ 16 ഹെക്റ്റര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടതായി വരൂ. വെള്ളം കെട്ടി നില്ക്കുന്ന ഭാഗങ്ങളില്‍ പാലം നിര്‍മിക്കുന്നതിനാല്‍ കൃഷിക്ക് തടസ്സമുണ്ടാവില്ലെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.
നിര്‍ദിഷ്ട പാതയ്ക്ക് പകരം കുറ്റിപ്പുറം- ഗുരുവായൂര്‍ പാതയോ തീരദേശം വഴി പുതിയ പാതയോ നിര്‍മിക്കണമെന്ന് പാടശേഖര സമിതിയംഗങ്ങളും ഭൂവുടമകളും ആവശ്യപ്പെട്ടു.



