കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 4 ഹൗസ് സര്‍ജന്‍മാര്‍ മരിച്ചു.

ഇടുക്കി: വാഗമണ്‍ തങ്ങള്‍ പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 4 ഹൗസ് സര്‍ജന്‍മാര്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാരായ ജോസഫ് ജോര്‍ജ്ജ്, ആന്റോ, അനീഷ്, രതീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിഷ്ണു ദയാല്‍സ്, അല്‍ഫോന്‍സ് എന്നിവരെ കോട്ടയം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും അപകടനില തരണം ചെയ്തു എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ആറംഗ സഘമാണ് കാറില്‍ ഉണ്ടായിരുന്നത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യും. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

കാര്‍ നിരത്തില്‍ നിന്ന് തെന്നിമാറി 1200 അടിയോളം താഴെ പതിക്കുകയായിരുന്നു. ജനവാസകേന്ദ്രമല്ലാത്തതിനാല്‍ അപകടവിവരം പുറത്തറിയാന്‍ നേരം വൈകി. വഴിയാത്രക്കാരും, റിസോര്‍ട്ട് ജീവനക്കാരുമാണ് കാറപകടത്തില്‍ പെട്ടത് ആദ്യം കണ്ടത്. കോടമഞ്ഞും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്ത ഡോക്ടര്‍മാരാണ് പണിമുടക്ക് പിന്‍വലിച്ച ശേഷം വാഗമണ്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് 3മണിയോടെ വാഗമണ്‍ സന്ദര്‍ശനത്തിന് പോയ ഇവര്‍ തിരിച്ചുവരവെയാണ് അപകടത്തില്‍ പെട്ടത്.

ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് അപകട വിവരം നാട്ടുകാര്‍ അറിയുന്നത്. പീരുമേട് എസ്‌ഐയും സംഘവും എത്തിയ ശേഷമാണ് നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലാണ് 2 പേരുടെ ജീവന്‍ രക്ഷിച്ചത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top