Section

malabari-logo-mobile

തുര്‍ക്കി…. കാഴ്ചയുടെ കലവറ

HIGHLIGHTS : Zarina MT writes about Turkish sights

ഒരു തുര്‍ക്കിയാത്ര കഴിഞ്ഞു ഞങ്ങള്‍ തിരിച്ചെത്തി. Tukish food is the best, തുര്‍ക്കിയെ കുറിച്ച് എനിക്ക് ആകെ ഉള്ള അറിവ് ഇതായിരുന്നു. ബാക്കി വിവരങ്ങള്‍ കണ്ടറിയാം എന്ന മോഹത്തില്‍ തുര്‍ക്കിയുടെ അതിശൈത്യതിലേക്ക് തണുത്തിറങ്ങി.സന്ധ്യ ആയതിനാല്‍ തുര്‍ക്കിയിലെ ആദ്യ കാഴ്ചകള്‍ നഷ്ടമായ വിഷമത്തില്‍ വണ്ടിയിലിരുന്നു. കാഴ്ചയുടെ മായികലോകംസമ്മാനിച്ചാണ് പക്ഷേ പുലരിയെത്തിയത്. ഒളിഞ്ഞിരിക്കുന്ന ഒരു മാന്ത്രികലോകം മുന്നില്‍ കണ്ടു.തുര്‍ക്കിയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പട്ടണമായ ഇസ്താംബൂളിലായിരുന്നു താമസം. സാധാരണഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ bread and butter ന് പകരം ഇവിടെ ,അതിമൃദുവായ റൊട്ടിയും , വീട്ടില്‍ ഉണ്ടാക്കിയ ബട്ടറും , ചീസും തേനും , നല്ല ശുദ്ധമായ പാലും ശരിക്കും നൊസ്റ്റാള്‍ജിയ ഉണ്ടാക്കി. ഫ്രഷ്‌നസ്സ് ആണ് ഇവരുടെ മുഖമുദ്ര. വലിയ പ്രതീക്ഷയോടെയാണ് ഉച്ചഭക്ഷണം കഴിക്കാന്‍ ഇറങ്ങിയത്. മസാല തേച്ചതും പച്ചമാംസവും നിരത്തിവെച്ചിരുന്നു. ഇത്ഞങ്ങള്‍ ഓര്‍ഡര്‍ചെയ്തു. മൊരിഞ്ഞ ഇറച്ചിയെ കാത്തുനിന്ന ഞങ്ങളുടെ മുന്നിലേക്ക് ട്രേയില്‍ അതാ വരുന്നു, പച്ചമാംസം. ചിലയിടങ്ങളില്‍ നമ്മള്‍ തനിയെ പാകം ചെയത് കഴിക്കണം. ടേബിളിന്റെ നടുവില്‍ ഗ്രില്‍ ചെയ്യാന്‍ പാകത്തില്‍ ചിലകാര്യങ്ങള്‍ ഒരുക്കി വച്ചിട്ടുണ്ട്. ‘ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്’ എന്ന പോലെ ഒന്നുകില്‍ മാംസം കരിയും അല്ലെങ്കില്‍ വേവില്ല എന്നു പേടിച്ചിരുന്നു. 15 മിനിട്ടില്‍ മാട്ടിറച്ചി പാകത്തിന് വെന്തു. അപാര സ്വാദ്. മസാലയുടെ രുചിക്ക് പകരം മാംസത്തിന്റെ തനത് രുചി തിരിച്ചറിഞ്ഞു. മിക്ക ഹോട്ടലിുകളുടെയും മുന്നില്‍ ഉമ്മമാര്‍ റൊട്ടി ചൂടോടെ ചുട്ടെടുക്കുന്നതു കാണാം.

Sulthanahamet ലെ തെരുവില്‍, കണ്ണഞ്ചിപ്പിക്കുന്ന നിറക്കൂട്ടുകള്‍, ചില്ലുപാത്രങ്ങള്‍, വശ്യതയാര്‍ന്ന തൂക്കുവിളക്കുകള്‍, അതിസ്വാദിഷ്ഠമായ മധുരപലഹാരങ്ങള്‍, പലതരം സുഗന്ധവ്യഞ്ജനങ്ങള്‍…..

sameeksha-malabarinews

ഹയാ സോഫിയ ചര്‍ച്ച് ആറാം നൂറ്റാണ്ടില്‍ (AD 537) ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയാണ് നിര്‍മ്മിത്, പിന്നീട് ഇത്1453 ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴില്‍ പള്ളിയാവുകയായിരുന്നു, 1935 ഇല്‍ UNESCO ഇത് WORLD HERITAGE SITE മ്യൂസിയമാക്കി. 2020 ഇല്‍ ക്രിസ്ത്യന്‍സിന്ു സന്ദര്‍ശനത്തിനും മുസ്ലിങ്ങള്‍ക്ക് ആരാധനക്കുമായി തുറന്നു കൊടുത്തു.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന പള്ളിയില്‍ നമസ്‌കരിച്ച് വന്നപ്പോള്‍ സമീര്‍ക്കയെ സ്വാധീനിച്ചത് അകത്തളങ്ങളിലെ നിര്‍മ്മാണവൈദഗ്ധ്യവും, ഖുറാന്‍ പാരായണത്തിലെ സൂഫി സ്വാധീനവും ആയിരുന്നു. പുറത്തിറങ്ങിയ ഉടന്‍ മൂപ്പര്‍ തനി തിരോന്തരം ഭാഷയില്‍ ‘ എന്തുവാ സെറി, ഇത് വല്ലാത്ത അനുഭവം തന്നെ” എന്ന് ആശ്ചര്യപ്പെട്ടു.ഹിപ്പോഡ്രോം സ്‌ക്വയറിലെ മരബെഞ്ചിലിരുന്ന് ചെസ്‌നട്ട് കൊറിച്ചിരിക്കാന്‍ എന്ത് രസമാണെന്നോ…!

തനി നീലനിറത്തിന്റെ ഗാംഭീര്യത്തില്‍ അലയടിക്കുന്ന ബോസ്ഫറസ് കടല്‍ തുര്‍ക്കിയെ ഏഷ്യക്കും യൂറോപ്പിനും പകുത്ത് നല്‍കി. ഞങ്ങള്‍ താമസിച്ച യൂറോപ്പിന്റെ സൈഡില്‍ നിന്നും ഒരു പാലത്തിലൂടെ നമുക്ക് ഏഷ്യയില്‍ എത്താം!.

മൂന്നാം ദിവസം മഞ്ഞിന്‍തലപ്പാവണിഞ്ഞ കുന്നിന്‍മുകളിലൂടൊഴുകുന്ന മാന്‍ഡ്രോസ് നദിക്കരയിലെ ഇസ്മിറിലെത്തി. മണിചിത്രതാഴിലെ നാഗവല്ലി തെക്കിനി തുറന്ന പോലെ നമ്മെ കാത്തിരിക്കുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള സംസ്‌കാരശേഷിപ്പുകള്‍…എഫ്‌സസ് . BC 3000 ലെ ഗ്രീക്ക് നഗരം….ഈജിയന്‍ കടല്‍ 6 km ഉള്‍വലിഞ്ഞപ്പോള്‍ തിരിച്ചു കിട്ടിയ നഗരം. പ്രശസ്ത തത്ത്വചിന്തകന്‍ ഹെര്‍ക്ക്യൂലിസിന്റെ ജന്മസ്ഥലം. നമ്മള്‍ പണ്ട് പാഠപുസ്തകങ്ങളില്‍ പഠിച്ച സകല ഗ്രീക്ക് ദൈവങ്ങളെയും തൊട്ടറിയാം.റോമന്‍ സെനറ്റര്‍ സെല്‍സസ് ന്റെ വിശാലമായ ലൈബ്രറി, 25000 കാണികള്‍ക്ക് ഇരിപ്പിടമുള്ള ഓപ്പണ്‍ ഓഡിറ്റോറിയം,അഗോറ എന്ന് വിളിപ്പേരുള്ള വിശാലമായ മാര്‍ക്കറ്റ് എന്നിവ റോമന്‍ സാമ്രാജ്യത്തിന്റെ അതുല്യ പ്രൗഢി മനസ്സിലാക്കി തരികയായിരുന്നു.

പ്രാചീനകാല ദേവത ആര്‍ട്ടിമിസ് ന്റെ അമ്പലം, സെന്റ് ജോണ്‍സ് ചര്‍ച്ച്, ഓട്ടോമന്‍ രാജാവിന്റെ പള്ളി എന്നിവ ഇവിടെ ഒറ്റ ഫ്രെയിമില്‍ കാണാം. കൗതുകം തോന്നിയ മറ്റൊരുകാര്യം, ഇവിടുത്തെ യൂറോപ്യന്‍ശൈലിയിലുള്ള ശൗചാലയമായിരുന്നു. തണുപ്പുകാലങ്ങളില്‍ ധനികര്‍ കാര്യം സാധിക്കണമെങ്കില്‍ ആദ്യം അടിമയെ ഇരുത്തി കക്കൂസ് തറ ചൂടാക്കുമായിരുന്നത്രെ. കോഫിഷോപ്പുകളില്ലാതിരുന്ന കാലത്ത് ആളുകള്‍ കുശലം പറഞ്ഞിരുന്നത് ഈ പൊതുകക്കൂസുകളിലിരുന്നായിരുന്നു!

ഓട്ടോമന്‍ സുല്‍ത്താന്‍ മെമദ് രണ്ടാമന്‍ 1460 ഇല്‍ പണി കഴിപ്പിച്ച ടോപ്കാപ്പി കൊട്ടാരവും പരിസരവും കാണേണ്ടത്തന്നെ. രാജാവിന്റെ കാലത്ത് ഉപയോഗിച്ച അമൂല്യമായ വസ്തുക്കളും, പ്രവാചകന്മാരുടെ എഴുത്തുകളും മറ്റും ഇവിടെ സൂക്ഷിച്ച് വച്ചിട്ടുണ്ട്. പല രാജ്യങ്ങളില്‍ നിന്നും ലഭിച്ച സമ്മാനങ്ങളുടെ കൂട്ടത്തില്‍ നമ്മുടെ ഇന്ത്യ സമ്മാനിച്ച അതിഗംഭീര സ്വര്‍ണസിംഹാസനവും അഭിമാനത്തോടെ നോക്കികണ്ടു.

മലിനീകരണം ഒട്ടുമില്ലാത്ത പൊതു ഗതാഗതമായ ട്രാം യാത്ര നല്ലൊരു അനുഭവമായി. ഗലാട്ട ടവര്‍,റിപ്പബ്ലിക്ക് സ്മാരകം നിലകൊള്ളുന്ന ടെക്‌സിം സ്‌ക്വയര്‍ എന്നിവ ഇസ്താംബൂളിന്റെ ഹൃദയത്തുടിപ്പുകളാണ്. കൂര്‍ത്തകുന്നിന്‍ നിരകളുള്ള കപ്പഡോക്കിയ…ഈജിപ്ഷ്യന്‍ സുന്ദരി ക്ലിയോപാട്ര നീന്തിതുടിച്ച തടാകം……കാഴ്ചകള്‍ അവസാനിക്കുന്നില്ല ഇനിയുമേറെയുണ്ട്. ചരിത്രമുറങ്ങുന്ന ഈ മണ്ണില്‍ കാലമെത്ര കഴിഞ്ഞാലും നിത്യയൗവ്വനം പേറി ഈ സ്മാരകങ്ങള്‍ നിലകൊള്ളുമെന്ന് മനസ്സില്‍ക്കുറിച്ച്‌കൊണ്ട് ഞങ്ങളിറങ്ങി…..

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!