നിയമസഭ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് യൂത്ത് ലീഗ്

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗില്‍ നിന്നുളള വനിതാ സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ മത്സരിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. യൂത്ത് ലീഗിന് അര്‍ഹമായ സീറ്റ് കിട്ടും. എത്ര സീറ്റുകളെന്നതും ആരൊക്കെയെന്നും തീരുമാനിച്ചിട്ടില്ല. ഇക്കാര്യം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വനിതാ സ്ഥാനാര്‍ത്ഥികളുണ്ടാകണം. സ്ത്രീകള്‍ക്ക് നേതൃപദവി എല്ലാ പാര്‍ട്ടികളും നല്‍കുന്നുണ്ട്. ആ പരിഗണന വെച്ച് ലീഗിലും സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. യൂത്ത് ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.

ആഗോള തലത്തിലായാലും കേരളത്തിലായാലും സ്ത്രീകള്‍ നേതൃനിരയിലേക്ക് വരുന്നുണ്ട്. നേരത്തെ മുസ്ലിം ലീഗും പ്രധാന്യം നല്‍കിയിരുന്നു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും നല്‍കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നേരത്തെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തെരഞ്ഞെടുപ്പില്‍ വനിതകളെ നിര്‍ത്തിയതിനെതിരെ രംഗത്തെത്തിയിരുന്നു. ചിലര്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ചമഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നു എന്നുമായിരുന്നു കെ.പി.എ മജീദ് പറഞ്ഞത്.

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി യൂത്ത് ലീഗില്‍ നിന്ന് ഫാത്തിമ തഹ്ലിയ അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് മുനവ്വറലി തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •