കൊച്ചി:സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ഡിജിപിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വൈശാല്‍ കല്ലാട്ട്. രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കേസെടുക്കണമെന്നും ആവശ്യപെട്ടാണ് പരാതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ, രഞ്ജിത്ത് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
എന്നാല്‍ ‘പാലേരി മാണിക്യ’ത്തില്‍ അഭിനയിക്കാനല്ല ഓഡിഷനുവേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയതെന്നും അവരുടെ പ്രകടനം തൃപ്തികരമായി തോന്നാത്തത് കൊണ്ട് തന്നെ തിരിച്ചയച്ചുവെന്നും മറ്റ് ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും രഞ്ജിത്ത് പ്രതികരിച്ചിരുന്നു.




