യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

HIGHLIGHTS : Youth Commission announces Youth Talent Awards

കേരള സംസ്ഥാന യുവജന കമ്മീഷന്‍ പ്രഥമ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്കാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നത്.വൈകല്യത്തെ നീന്തി തോല്‍പിച്ച് ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മുഹമ്മദ് ആസിം വെളിമണ്ണ, കാഴ്ച പരിമിതിയെ അതിജീവീച്ച് ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും മികവു തെളിയിച്ച സിനിമാ പിന്നണി ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ ഫാത്തിമ അന്‍ഷി, അക്കോണ്ട്രോപ്ലാസിയ എന്ന ജനിതക ശാരീരിക അവസ്ഥയെ അതിജീവിച്ച് പഠനത്തില്‍ മുന്നേറി ഗ്ലാഡ് ബേക്ക്‌സ് എന്ന വ്യവസായ സംരംഭം തുടങ്ങിയ പാരാ അത്‌ലറ്റിക് സംസ്ഥാന മീറ്റിലെ മെഡല്‍ ജേതാവുമായ പ്രിയ മാത്യു എന്നിവര്‍ക്കാണ് പുരസ്‌കാരം.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വെച്ച് നടന്ന നാഷണല്‍ പാരാ സ്വിമ്മിങ്ങ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ 52 കാറ്റഗറിയില്‍ 50 മീറ്റര്‍, 100 മീറ്റര്‍ ഫ്രീ സ്റ്റെലിലും 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും(മത്സരിച്ച മൂന്നിനത്തിലും) അടക്കം 3 സ്വര്‍ണ്ണ മെഡലുകള്‍ കേരളത്തിന് വേണ്ടി കോഴിക്കോട് വെളിമണ്ണ സ്വദേശിയായ മുഹമ്മദ് ആസിം കരസ്ഥമാക്കിയിരുന്നു. യൂണിസെഫിന്റെ ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡും മുഹമ്മദ് ആസിമിന് ലഭിച്ചിരുന്നു.

sameeksha-malabarinews

സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ‘ഉജ്ജ്വലബാല്യം’ പുരസ്‌കാര ജേതാവ് കൂടിയാണ് തിരുവനന്തപുരം കുന്നുകുഴി സ്വദേശിയായ ഫാത്തിമ അന്‍ഷി.എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ പൂര്‍ണമായും കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതി സമ്പൂര്‍ണ എ പ്ലസ് വിജയം നേടിയ അന്‍ഷി ഫാത്തിമ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നിരവധി ശ്രദ്ധേയമായ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരവും രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്.

വികസന പഠനവും തദ്ദേശവികസനവും എന്ന വിഷയത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രിയ മാത്യു കേരള സംസ്ഥാന പാര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടിനും ബാഡ്മിന്റണിലും സ്വര്‍ണമെഡലും ഡിസ്‌കസ് ത്രോയില്‍ വെള്ളിമെഡലും കരസ്ഥമാക്കിയിരുന്നു. പത്തനംതിട്ട അടൂര്‍ സ്വദേശിയായ പ്രിയ ഇന്ന് ചെറുപ്പക്കാര്‍ക്ക് മുഴുവന്‍ മാതൃകയും പ്രചോദനവുമായ സംരംഭക കൂടിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!