താനൂരില്‍ ലഹരി വേട്ട തുടരുന്നു;കഞ്ചാവ് വില്‍പ്പനക്കാരടക്കം നാലു പേര്‍ പിടിയില്‍

താനൂര്‍ : ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ഓപ്പറേഷനായ ഡി -ഹണ്ടിന്റെ ഭാഗമായുള്ള ലഹരി വേട്ട താനൂരില്‍ തുടരുന്നു. താനൂര്‍ വാഴക്കതെരുവ്, ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് കച്ചവടം ചെയ്യുന്ന രണ്ടുപേരെയും കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ടുപേരെയുമാണ് ബുധനാഴ്ച താനൂര്‍ പൊലീസ് പിടികൂടിയത്. താനൂര്‍ ചെറിയ മൊയ്തീങ്കാനകത്ത് ഷഹനന്‍ (24) , ചേക്കാമാടത്ത് മുജീബ് റഹ്‌മാന്‍ (24) എന്നിവരാണ് പിടിയിലായ കഞ്ചാവ് വില്‍പ്പനക്കാര്‍. 40 ഗ്രാം കഞ്ചാവാണ് ഇരുവരില്‍ നിന്നുമായി പൊലീസ് പിടിച്ചെടുത്തത്.

താനൂര്‍ ഡിവൈ.എസ്.പി പി.പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ സി.ഐ ടോണി.ജെ.മറ്റം,എസ്.ഐ എന്‍.ആര്‍.സുജിത്ത്, എ.എസ്.ഐ ഉഷ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ്, സുജിത്ത്, ലിബിന്‍, രാഗേഷ്, ജ്യോതിഷ്, പ്രബീഷ്, രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഒഴൂര്‍ ഹാജിപ്പടി, താനാളൂര്‍ എന്നിവിടങ്ങളില്‍ നിന്നും എം.ഡി.എം.എ, കഞ്ചാവ് വില്‍പ്പനക്കാരെയും താനൂര്‍ പൊലീസ് പിടികൂടിയിരുന്നു. ലഹരി മാഫിയക്കെതിരെ വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് താനൂര്‍ ഡിവൈ.എസ്.പി പി.പ്രമോദ്അറിയിച്ചു.

Share news
error: Content is protected !!
Scroll to Top