
കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി കറങ്ങിനടന്ന് വയോധികരെ കവർച്ച നടത്തുന്ന യുവാവ് പിടിയിൽ. അരീക്കാട് ഉള്ളിശേരികുന്ന് സ്വദേശി നിവാസ് അലി (36)യെയാണ് ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് എസിപി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്.
ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. രാവിലെ എട്ടോടെ കോംട്രസ്റ്റ് ആശുപത്രിയിൽനിന്ന് ജോലി കഴിഞ്ഞ് വരികയായിരുന്ന ബിന്ദുവിന്റെ രണ്ട് കാൽ പവന്റെ മാല സ്കൂട്ടറിൽ വന്ന പ്രതി പറിച്ചെടുത്ത് രക്ഷപ്പെട്ടു. കേസെടുത്ത പൊലീസ് നഗരത്തിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചപ്പോഴാണ് വാഹനം അശ്വിനി ലാബിന്റെ പാർക്കിങ്ങിൽനിന്ന് മോഷണം പോയതാണെന്ന് മനസ്സിലായിയത്. ഇതോടെ ഈരീതിയിൽ കവർച്ച നടത്തുന്ന ജയിൽമോചിതരായ മുൻ കുറ്റവാളികളെ നിരീക്ഷിച്ച സിറ്റി ക്രൈം സ്ക്വാഡ് പ്രതിയിലേക്ക് എത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പള്ളിയിൽ പോകുകയായിരുന്ന 75 വയസുള്ള പന്നിയങ്കര സ്വദേശിനിയുടെ മാലപൊട്ടിച്ചതും പുതിയറയിൽ കവർച്ച നടത്തിയതും ഒരാളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലൂടെയാണ് പ്രതി ക്രൈം സ്ക്വാഡിൻ്റെ വലയിലാകുന്നത്. ശാസ്ത്രീയ തെളിവുകൾ നിരത്തി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇയാളിൽനിന്ന് ഒരുലക്ഷ ത്തോളം രുപയും പുതിയ മോഡൽ ഐഫോണും കണ്ടെടുത്തു. മാരക ലഹരിമരുന്നിന് അടിമയായ ഇയാൾ ലഹരിമരുന്നുകൾ വാങ്ങുന്നതിനും ആർഭാട ജീവിതം നയിക്കുന്നതിനും വേണ്ടിയാണ് കവർച്ച ചെയ്യുന്നതെന്ന് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞവർഷം പന്നിയങ്കര, കസബ എന്നീ സ്റ്റേഷൻ പരിധികളിൽനിന്ന് വയോധികരുടെ മാല കവർന്നതിന് രണ്ട് സ്റ്റേഷനുകളിലും കേസുകളുണ്ട്.
കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. കൃത്യത്തിനുപയോഗിച്ച വാഹനവും കണ്ടെത്തു. അന്വേഷക സംഘത്തിൽ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ യു വി വി പിൻ, സബ് ഇൻസ്പക്ടർ സുലൈമാൻ, എഎസ്ഐ ഷാജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്ദുഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മുസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ദീപക്, സൈബർ സെൽ സിപിഒ പി പി ദിവ്യ എന്നിവരാണുണ്ടായത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




