തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഈവനിംഗ് ഒ.പി നിലച്ചിട്ട് രണ്ടാഴ്ച്ച…. പെരുമാറ്റച്ചട്ടം പറഞ്ഞ് ചികിത്സ നിഷേധം അനുവദിക്കില്ല: മുസ്ലിം യൂത്ത് ലീഗ്

തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഈവനിംഗ് ഒ.പി പൂര്‍ണമായും നിലച്ചിട്ട് രണ്ടാഴ്ച പിന്നിട്ടത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയായി മാറുന്നു. ദിവസേന ഏകദേശം രണ്ടായിരത്തോളം രോഗികള്‍ ആശ്രയിക്കുന്ന ഈ ആശുപത്രിയില്‍ നിലവില്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 6 വരെ പ്രവര്‍ത്തിച്ചിരുന്ന ഈവനിംഗ് ഒ.പി ഡോക്ടര്‍മാരുടെ അഭാവം മൂലം പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്. ഇതോടെ സാധാരണക്കാരായ ജനങ്ങള്‍ പ്രത്യേകിച്ച് ദിവസവേതന തൊഴിലാളികള്‍, വയോധികര്‍, സ്ത്രീകള്‍, കുട്ടികള്‍, നിത്യരോഗികള്‍ എന്നിവര്‍ കടുത്ത ബുദ്ധിമുട്ടിലാണ്.

ദിവസവേതന ജോലികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരങ്ങളില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ഇപ്പോള്‍ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ഉച്ചയ്ക്ക് മുമ്പ് എത്തിയ രോഗികള്‍ക്കുപോലും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടറെ കാണാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നു.ഈ അവസ്ഥ രോഗികളുടെ ആരോഗ്യ നിലയെ ഗുരുതരമായി ബാധിക്കുന്നതിനൊപ്പം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനും അമിതഭാരം സൃഷ്ടിക്കുന്നു.

ഏറെ നേരം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ രോഗികള്‍ പ്രതിഷേധിക്കുന്നതും, സുരക്ഷാ ജീവനക്കാരുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവാകുകയാണ്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ മടങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
ഇപ്പോള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദേശീയപാത, തീരദേശ മേഖല, എയര്‍പോര്‍ട്ട്, റെയില്‍വേ എന്നിവ ഉള്‍പ്പെടുന്ന അതീവ പ്രധാന പ്രദേശങ്ങളിലെ അപകട കേസുകളും, തിരൂരങ്ങാടി, പരപ്പനങ്ങാടി, തേഞ്ഞിപ്പാലം, വേങ്ങര, താനൂര്‍, കോട്ടക്കല്‍ പൊലീസ് സ്റ്റേഷനുകളിലെ പ്രതികളുടെ വൈദ്യപരിശോധനയും ഇവിടെ തന്നെ നടത്തുന്നതിനാല്‍ ഡോക്ടര്‍മാരുടെ സമയം പൂര്‍ണമായും അത്യാഹിത ആവശ്യങ്ങളില്‍ ചെലവാകുന്നു. ഇതോടെ സാധാരണ രോഗങ്ങളുമായി എത്തുന്നവര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ദുരവസ്ഥയിലാണ്.

പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ. റസാഖ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പുതിയ ഡോക്ടര്‍മാരെ നിയമിക്കാന്‍ സാധിക്കില്ലെന്നാണ് ഡി.എം.ഒ അറിയിച്ചത്. നിലവിലുള്ള ഡോക്ടറുടെ കാലാവധി പൂര്‍ത്തിയാവുകയും ഡോക്ടറെ നിയമിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുതിയ ഇന്റര്‍വ്യൂ നടത്താത്തതുമാണ് പ്രതിസന്ധിക്ക് കാരണം. എന്നാല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ മെയ്-9 വരെ കാത്തിരിക്കാതെ അടിയന്തരമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും യൂത്ത് ലീഗ് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കലക്ടറെ കാണാനുള്ള ശ്രമവും യൂത്ത്‌ലീഗ് ഭാരവാഹികള്‍ നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് മാനവികതയ്‌ക്കെതിരായ സമീപനമാണെന്നും ആരോഗ്യസംരക്ഷണം ഒരു അടിസ്ഥാന അവകാശമാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി ഈവനിംഗ് ഒ.പി പുനരാരംഭിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണംമെന്നും യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ. റസാഖ് പറഞ്ഞു

Share news
error: Content is protected !!
Scroll to Top