കോട്ടക്കല്‍; ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരണപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയക്കാണ് അപകടമുണ്ടായത്. വളവന്നൂര്‍ പാറമ്മിലങ്ങാടി തുറക്കല്‍ ചെങ്ങണക്കാട്ടില്‍ സല്‍മാനുല്‍ ഫാരിസ് എന്ന മുത്തു, കന്മനം തുവ്വക്കാട് കൊടുവട്ടത്ത് കുണ്ടില്‍ വീട്ടില്‍ മുബാരിസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നിരത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ പൊലിഞ്ഞ ആഘാതത്തിലാണ് ഇപ്പോഴും നാട്ടുകാര്‍.
അപകടത്തില്‍ സല്‍മാന്റെ പിതാവ് രാമന്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സല്‍മാനും പിതാവും പുത്തനത്താണിയില്‍ നിന്ന് പുല്ലൂരിലേക്ക് വരികയായിരുന്നു. അങ്ങാടിയിലെത്തി സാധനം വാങ്ങി മടങ്ങുകയായിരുന്നു മുബാരിസ്. രണ്ടാലില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്ടെന്ന് മുന്നോട്ടെടുത്തതിന് പിന്നാലെയാണ് അപകടമുണ്ടായത്. കാര്‍ പെട്ടെന്ന് മുന്നോട്ടെടുത്തതോടെ ബൈക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ബൈക്കുകളും വേഗതയിലായിരുന്നുവെന്ന് പറയുന്നു. മൂന്നു പേരും ബൈക്കുകളില്‍ നിന്ന് ദൂരേക്ക് തെറിച്ച് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ മൂന്നു പേരെയും പുത്തനത്താണിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സല്‍മാനും മുബാരിസും മരണപ്പെടുകയായിരുന്നു. രാമന്‍കുട്ടി ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ ആശുപത്രിയില്‍ തുടരുകയാണ്.
വളാഞ്ചേരിയില്‍ ബസ് ഡ്രൈവറാണ് ഫാരിസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ പുത്തനത്താണിയില്‍ നിന്നാണ് രാമന്‍കുട്ടി ബൈക്കില്‍ കയറിയത്.




