
കളമശേരി : എറണാകുളം കൊല്ലംപടി സ്വദേശിയായ യുവാവിനോട് പ്രണയം നടിച്ച് മൊബൈൽ ഫോണും സ്കൂട്ടറും മോഷ്‌ടിച്ചുകടന്ന കേസിൽ യുവതിയും സുഹൃത്തും പിടിയിലായി. എളമക്കര ചെമ്മാത്ത് വിട്ടിൽ സി എസ് അപർണ (20), എടയ്ക്കാട്ടുവയൽ പടിഞ്ഞാറെ കൊല്ലംപടിക്കൽ വീട്ടിൽ പി എസ് സോജൻ (25) എന്നിവരെയാണ് മുളന്തുരുത്തിയിൽനിന്ന് കളമശേരി പൊലീസ് പിടികൂടിയത്.
വാട്സാപ് വഴി പരിചയപ്പെട്ട യുവാവിനോട് നേരിൽക്കാണാൻ ലുലു മാളിൽ എത്താൻ അപർണ ആവശ്യപ്പെടുകയായിരുന്നു. അപർണ പറഞ്ഞ സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിലാണ് സ്തുട്ടർ നിർത്തിയത്. യുവാവ് ആറിന് പകൽ മുന്നോടെ ലുലു മാളിലെ ഭക്ഷണശാലയിൽ എത്തി. പരിചയപ്പെട്ടശേഷം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവാവിന്റെ മൊബൈൽ ഫോണും സ്കൂട്ടറിന്റെ താക്കോലും തന്ത്രപൂർവം അപർണ കൈക്കലാക്കി. തുടർന്ന് സൗഹൃദം നടിച്ച് ഇയാളുടെ മൊബൈൽഫോണിൻ്റെ പാസ്‌വേഡും മാറ്റി.
യുവാവ് കൈകഴുകാൻ പോയപ്പോൾ മൊബൈൽഫോണും താക്കോലുമായി പുറത്തിറങ്ങിയ അപർണ, പുറത്ത് കാത്തുനിന്ന സോജനുമായിച്ചേർന്ന് യുവാവിൻ്റെ സ്കൂട്ടറും മോഷ്‌ടിച്ച് കടന്നു. യുവാവിന്റെ ഫോണിൽനിന്ന് 950 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയുംചെയ്തു.
കോയമ്പത്തൂർ, മൈസൂരു എന്നിവിടങ്ങളിൽ കറങ്ങിയ അപർണയും സോജനും തിരികെ വരുംവഴി പാലക്കാട് എത്തിയപ്പോൾ സ്കൂട്ടർ കേടായി. തുടർന്ന് നമ്പർപ്ലേറ്റുകളും ബാറ്ററിയും അഴിച്ചുമാറ്റി സ്കൂട്ടർ ഉപേക്ഷിച്ച് മൊബൈൽ ഫോൺ ഓഫാക്കി.
കളമശേരി പൊലീസ് ഇൻസ്പെക്ടർ ടി ദിലീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നവീൻ, ഷെമീർ, എസിപിഒ പ്രദീപ്, സിപിഒ ധന്യശ്രീ, മാഹീൻ, വിനു എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




