കരിപ്പൂരില്‍ ഒരുകിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കരിപ്പൂര്‍: ഒരുകിലോ സ്വര്‍ണവുമായി യുവാവ് പോലീസിന്റെ പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിയ വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസ്(24) ആണ് പിടിയിലായത്.

ഗുളികരൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നും സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്.

55 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങി കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ ബന്ധുക്കളോടൊപ്പം കാറില്‍ കയറുമ്പോഴാണ് പോലീസ് പിടികൂടിയത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചില്ല. എന്നാല്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി എക്‌സറെ എടുത്തപ്പോഴാണ് വയറില്‍ സ്വര്‍ണം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top