വിവാഹം കഴിക്കുന്നത് ജീവിത പങ്കാളിയെ ആണ് , വീട്ടുജോലിക്കാരിയെ അല്ല; ഭർത്താവും വീട്ടുജോലി ചെയ്യണം: സുപ്രീംകോടതി

ന്യൂഡൽഹി : ഭാര്യ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നോ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നോ ഉള്ള കാരണത്താൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി.വിവാഹം കഴിക്കുന്നത് ജീവിതപങ്കാളിയെ ആണെന്നും വീട്ടുജോലിക്കാരിയെ അല്ലെന്നും സുപ്രീംകോടതി. ഭാര്യ വീട് വൃത്തിയാക്കുന്നില്ലെന്നും ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടി വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജിയിലാണ് ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ പരാമർശം.

വീട്ടുജോലികളിലെ കുറവുകൾ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭാര്യ ഭക്ഷണം പാകം ചെയ്‌തില്ല, വീട് തുടച്ച് വൃത്തിയാക്കിയില്ല തുടങ്ങിയവ ഭർത്താവിനോടുള്ള ക്രൂരതയല്ല. പാചകം ചെയ്യുന്നതിലും, വൃത്തിയാക്കുന്നതിലും, തുണി അലക്കുന്നതിലും മറ്റും തുല്യമായി ഭർത്താവും പങ്കെടുക്കണം. ഇന്നത്തെ കാലം വ്യത്യസ്തമാണ്. ഒരു വീട്ടുവേലക്കാരിയേയല്ല നിങ്ങൾ വിവാഹം കഴിക്കുന്നത്, ഒരു ജീവിത പങ്കാളിയെയാണ്- ബെഞ്ച് നിരീക്ഷിച്ചു.

സ്‌കൂൾ അധ്യാപകനായ ഭർത്താവിനും ലക്‌ചററായ ഭാര്യയ്ക്കും എട്ടുവയസുള്ള പെൺകുട്ടിയുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. അനുരഞ്ജനത്തിനായി ഏപ്രിൽ 27ന് നേരിട്ട് ഹാജരാകാൻ ഇരുവരോടും നിർദേശിച്ചു. കീഴ്ക്‌കോടതി വിവാഹമോചനം നൽകിയെങ്കിലും ഭാര്യ ഹൈക്കോടതിയെ സമീപിച്ച് റദ്ദാക്കി. തുടർന്നാണ് ഭർത്താവ് സുപ്രീം കോടതിയിൽ എത്തിയത്.

Share news
error: Content is protected !!
Scroll to Top