രാമഭക്തര്‍ ബിജെപിക്ക് വോട്ടുചെയ്യും, രാവണഭക്തര്‍ കോണ്‍ഗ്രസ്സിനും, ഹനുമാന്‍ ദളിത് വനവാസി.. വിചിത്രങ്ങളായ തെരഞ്ഞെടുപ്പു പ്രചരണങ്ങളുമായി യോഗി ആദിത്യനാഥ് രാജസ്ഥാനില്‍

വിചിത്രങ്ങളായ തെരഞ്ഞെടുപ്പു പ്രചരണങ്ങളുമായി യോഗി ആദിത്യനാഥ് രാജസ്ഥാനില്‍

ജയ്പൂര്‍ : വിലക്കയറ്റവും വികസനവും ചര്‍ച്ച ചെയ്യാതെ, രാമ, രാവണയുദ്ധവും പുരാണകഥാപാത്രമായ ഹനുമാനുമൊക്കെ പ്രചരണായുധമാക്കി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ യുക്തിരഹിതമായ പ്രചരണങ്ങള്‍ കൊഴുക്കുന്നത്.

ദളിത് വോട്ട് ലക്ഷ്യമിട്ട് ഇത്തവണ ഹനുമാന്റെ ജാതിയാണ് പ്രസംഗത്തില്‍ അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത് ഒരു ദളിത് ആദിവാസിയാണ് ഹനുമാനെന്നും, രാജ്യത്തിന്റെ വടക്കും കിഴക്കും തെക്കും പടിഞ്ഞാറുമുള്ള എല്ലാ ഇന്ത്യന്‍ സമൂഹങ്ങളെയും ബന്ധിപ്പിക്കുന്നതിന് ശ്രമിച്ചികൊണ്ടിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ദളിത് വിഭാഗങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ അല്‍വാറിലായിരുന്നു ആദിത്യനാഥിന്റെ പ്രസംഗം.

രാമഭക്തര്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്നും, രാവണഭക്തര്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ടുചെയ്യുകയെന്നും യോഗി മറ്റൊരു യോഗത്തില്‍ പറഞ്ഞു.

ശ്രീരാമനെ തെരഞ്ഞെടുപ്പ് ആയുധമാക്കി ഉയര്‍ത്തിക്കാണിച്ചാണ് പല ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുന്നത്. അയോധയില്‍ രാമക്ഷേത്രം പണിയുമെന്ന് വാഗ്ദാനം ഇത്തവണയും ബിജെപി നല്‍കുന്നുണ്ട്.

ഹനുമാന്‍ വനവാസിയാണ് രാമനും വനവാസം അനുഭവിച്ചിട്ടുണ്ട്. രാക്ഷസരുടെയും ഭുതങ്ങളുടെയും കയ്യില്‍ നിന്ന് വനവാസികളെ രക്ഷിച്ചത് ത്രേതായുഗത്തിലെ രാമനായിരുന്നു. രാമരാജ്യം സ്ഥാപിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. എന്നൊക്കയാണ് ആദിത്യനാഥിന്റെ പ്രചരണത്തില്‍ മുഴച്ചുനില്‍ക്കുന്നത്.

Related Articles