പെണ്ണുടല്‍ ഉള്‍പ്പെട്ട വിവാദക്കേസുകളില്‍ മലയാളിയുടെ മുഖഭാവ ചേഷ്ടകള്‍ ബാലന്‍ കെ നായരുടേത്

സതീഷ് തോട്ടത്തില്‍

വിവാദക്കേസുകളില്‍ ഒരു പെണ്ണുടല്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്ങില്‍ മലയാളി നടത്തുന്ന ആണ്‍നോട്ടങ്ങളിലെ കപടത തുറന്നെഴുതുന്ന സതീഷ് തോട്ടത്തിലിന്റെ ഫെയ്‌സബുക്ക് പോസ്റ്റ്

വിവാദകേസുകളില്‍ ഒരു പെണ്ണുടല്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍
പരമ്പരാഗതമായ് ഒരു പറ്റം മലയാളികളുടെ മുഖഭാവചേഷ്ടകള്‍ ബാലന്‍ കെ നായരുടേ തായിരിക്കും.
ചര്‍ച്ചയിലുടനീളം ഈ ഭാവങ്ങള്‍ മിന്നിമറിയും.
ആത്മീയക്കാരും രാഷ്ട്രീയക്കാരും
ഈ കൂട്ടുകെട്ടുകളില്‍ ലയിച്ചിട്ടുണ്ടാവും.
വിപ്ലവകാരികള്‍പോലും മാറിനില്‍ക്കില്ല.
പെണ്ണുടലുകളില്‍ കണ്ണുടക്കിയും
യഥാര്‍ത്ഥവിഷയങ്ങളില്‍ നിന്നും വ്യതിചലിച്ചും
അവര്‍ വാര്‍ത്തകള്‍ കണ്ടും വായിച്ചും
സ്‌കലിച്ചുകൊണ്ട് ജീവിക്കും.
ചാനലുകളുടെ അഭാവത്തില്‍
പത്രങ്ങളായിരുന്നൂ ഇതിന്റെ തുടക്കക്കാര്‍.
ഇരയായികിട്ടുന്ന പെണ്ണുടലുകളില്‍
സൗന്ദര്യമില്ലെങ്കില്‍ അവര്‍ കണ്ണടച്ചുകളയും.
ചാരകേസില്‍ മറിയം റഷീദയായിരുന്നൂ
പത്രമാധ്യമങ്ങളിലൂടെ വന്ന ഉടല്‍മാഹാത്മ്യങ്ങള്‍.
ശരീരത്തിന്റെ അളവുകള്‍ മുതല്‍
കുടിക്കുന്ന മദ്യം മുതല്‍
മത്സരബുദ്ധിയോടെ മാധ്യമങ്ങളെഴുതി.
മനോരമായായിരുന്നൂ ഈ കമ്പികഥകളില്‍
മുന്നിട്ടു നിന്നത്.
അത്തരം പുസ്തകങ്ങള്‍പോലും വായിക്കാതെ
പലരും പത്രങ്ങളുടെ നിത്യവായനക്കാരായി.
മറിയം റഷീദയില്ലാതെ ഒരു രാത്രിപോലും
തള്ളിനീക്കാന്‍ മലയാളിക്കായില്ല.
അത്രക്കും വശ്യതയും മാദകത്വവും നിറഞ്ഞിരുന്നൂ ആ വാര്‍ത്തകളില്‍.
അതില്‍ പരിശീലനം നേടിയ പത്രപ്രവര്‍ത്തകരുടെ നിരയുമുണ്ടായിരുന്നു.
അവരില്‍പലരും അതിപ്പോഴും തുടരുന്നുമുണ്ട്.
എല്ലാ പ്രായക്കാരേയും തൃപ്തിപ്പെടുത്തും മട്ടില്‍
ഭാഷയുടെ മസാലകളില്‍ ഉപ്പും മുളകും ചേര്‍ക്കാന്‍ ഇവര്‍ മത്സരിച്ചു.
അതിനിടയില്‍ നമ്പിനാരായണന്‍ എന്ന
ഒരു പുരുഷയുടല്‍കൂടി വന്നതോടെ
കഥകള്‍ക്ക് തൊങ്ങലുകള്‍ കൂടികൂടി വന്നു.
റഷീദയുമായ് ബന്ധപ്പെടുത്താന്‍
ഒരു നായകനില്ലാതെ കുഴങ്ങുകയായിരുന്നിവര്‍.
അതിന്റെ തിരിവുകളെല്ലാം പിന്നീടറിഞ്ഞപ്പോള്‍
കേസുതന്നെ ഇല്ലാതാവുകയായിരുന്നു.
അതിന്റെ ആശാന്‍മാര്‍ ഇപ്പോള്‍ പ്രതിപക്ഷത്തുണ്ടുതാനും.
കെട്ടിച്ചമച്ചെടുത്ത കഥകളുടെ ആശാന്‍മാര്‍.
നമ്പി നാരായണന്‍ ആത്മഹത്യചെയ്യാത്തതിനാല്‍
(ആത്മഹത്യചെയ്യാനദ്ദേഹം തീരുമാനിച്ചിരുന്നു )
തന്റെ നിരപരാധിത്വം അദ്ദേഹത്തിനുതന്നെ
നേരിട്ടറിയാനായി.
പാവം മറിയം റഷീദ ജീവിച്ചിരിക്കുന്നുണ്ടോ ആവം.
സോളാറിലും കിട്ടി സുന്ദരിയായ നായികയെ.
സരിതയില്ലാത്ത വാര്‍ത്തകള്‍ മലയാളിയിഷ്ടപ്പെട്ടില്ല.
അവരുടെ ഇച്ഛക്കനുസരിച്ച് ഭാഷകളില്‍ മാദകത്വം പൂശി മാധ്യമ ജിഹ്വകള്‍ മത്സരിച്ചുകൊണ്ടിരുന്നു.
കോട്ടുംസൂട്ടുമിട്ട് വാര്‍ത്താവതാരകര്‍
ചാനല്‍ റൂമുകളിലിരുന്ന്
നിത്യേനയെന്നോണം പെണ്ണുടലിനെ
മാനഭംഗപ്പെടുത്തികൊണ്ടിരുന്നു.
അത് കേട്ട് കോള്‍മയിര്‍ കൊള്ളാനും
മാദകചിരികള്‍ പൊഴിക്കാനും
ആണുടലുകള്‍ വെമ്പല്‍പൂണ്ടു.
ആ സത്രീ തന്റേടിയായതിനാല്‍
സകലതിനോടും ഒറ്റക്കുനിന്ന് പോരാടി.
കുറിയേടത്ത് താത്രിക്കുട്ടിയെപോലെ
ഓരോരോ പേരുകള്‍ വിളിച്ചുപറഞ്ഞ്
പലരുടേയും ഉറക്കംകെടുത്തി…..
ഇപ്പോളിതാ സ്വപ്നാസുരേഷിലൂടെയത്
തുടര്‍ന്നുകൊണ്ടിരിക്കുന്നു.
സൗന്ദര്യമില്ലായിരുന്നുവെങ്കില്‍
അവളും പടിക്കുപുറത്താകുമായിരുന്നു.
മാധ്യമങ്ങള്‍ മൈന്റ് ചെയ്യില്ലായിരുന്നു.
സ്വര്‍ണ്ണകടത്തിലെ ആദ്യ ദിവസങ്ങളില്‍
അവളുടെ ഉടല്‍ചര്‍ച്ചകളായിരുന്നൂ മുറികളില്‍.
കോട്ടും സൂട്ടുമിട്ടവര്‍ വാര്‍ത്തകളിലൂടെ സ്ഖലിച്ചുകൊണ്ട് മുന്നേറി.
മലയാളിതില്‍ മുഴുകിമുന്നേറുമ്പോഴും
സ്വര്‍ണ്ണത്തിന്റെ ഉത്ഭവവും
അതിന്റെ എത്തിചേരലും ചര്‍ച്ചയേയായില്ല.
അതായിരുന്നില്ലാ ജിഹ്വകളുടെ ആവശ്യവും.
മസാലകൂട്ടുകളായിരുന്നു.
പൂര്‍വികര്‍ പറഞ്ഞുകോടുത്ത മറിയംകഥകള്‍
അവരെ ആവേശംകൊള്ളിച്ചിട്ടുണ്ടാകണം.
ആ പാത തുടരാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടാവണം.
കേസിന്റെ ഗതി മാറിയപ്പോള്‍
പെണ്ണുടലില്‍ നിന്നും
സ്വര്‍ണ്ണത്തിന്റേയും കള്ളക്കടത്തിന്റേയും
ശരിയായ പാതയിലേക്കതുവന്നു.
അത് പലരുടേയും ഉറക്കം കെടുത്തുന്നുമുണ്ട്
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുകതന്നെ വേണം.