Section

malabari-logo-mobile

തെറ്റായ സിബില്‍ സ്‌കോര്‍: സിബില്‍ കമ്പനി ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി

HIGHLIGHTS : Wrong CIBIL Score: District Consumer Commission orders CIBIL company to pay Rs 1 lakh compensation

തെറ്റായ സിബില്‍ സ്‌കോറിന്റെ പേരില്‍ ലോണ്‍ നിഷേധിക്കപ്പെട്ട അപേക്ഷകന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചു. സിബില്‍ കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. തൃക്കലങ്ങോട് സ്വദേശി വിജീഷ് നല്‍കിയ പരാതിയിലാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും, സി. പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. കുടുംബ സ്വത്തിന്റെ മതിയായ രേഖകളുമായി ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ച പരാതിക്കാരന് സിബില്‍ സ്‌കോര്‍ ഇല്ലാതെ പോയതിനാല്‍ ഒരു സ്ഥാപനവും വായ്പ നല്‍കാന്‍ തയ്യാറായില്ല.

തനിക്ക് എവിടേയും കടബാധ്യതകളില്ലെന്നും എടുത്ത വായ്പകളെല്ലാം തിരിച്ചടച്ചുവെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചെങ്കിലും സിബില്‍ സ്‌കോര്‍ പ്രകാരം 3,00,000 രൂപ കുടിശ്ശികയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വായ്പ നിഷേധിച്ചത്. വായ്പ നിഷേധിച്ച ബാങ്കിലും, സിബില്‍ കമ്പനിയിലും പരാതിപ്പെട്ടെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.

sameeksha-malabarinews

ബാങ്കിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായി എന്നായിരുന്നു പരാതിക്കാരന്‍ ബോധിപ്പിച്ചത്. എന്നാല്‍ പരാതിക്കാരനെ സംബന്ധിച്ച ശരിയായ വിവരമാണ് ബാങ്ക് സിബില്‍ കമ്പനിയെ ധരിപ്പിച്ചതെന്നും ബാങ്കിന്റെ ഭാഗത്തു നിന്നും വീഴ്ചയില്ലെന്നുമാണ് ബാങ്ക് വാദിച്ചത്. സിബില്‍ കമ്പനിയാകട്ടെ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായ തയ്യാറാക്കപ്പെടുന്നതാണ് സിബില്‍ സ്‌കോര്‍ എന്നും വീഴ്ച വന്നിട്ടില്ലെന്നും പരാതി ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ മുമ്പാകെ നിലനില്‍ക്കില്ലെന്നും തെറ്റ് കണ്ടെത്തിയ ഉടന്‍ തന്നെ തിരുത്തിയിട്ടുണ്ടെന്നും ബോധിപ്പിച്ചു. പരാതിക്കാരന്റെ അതേ പേരും ജനന തിയ്യതിയുമുള്ള ഒരാളുടെ വായ്പാ കുടിശ്ശികയിലെ ആറെണ്ണം പരാതിക്കാരന്റെ സിബില്‍ സ്‌കോറില്‍ ചേരാന്‍ ഇട വന്നത് കമ്പനിയുടെ വീഴ്ചയായി കാണാനാകില്ലെന്നും വാദിച്ചു.

എന്നാല്‍ കമ്പനിയുടെ ഭാഗത്തു നിന്നും തെറ്റായ സ്‌കോര്‍ നല്‍കിയതില്‍ വീഴ്ചയുണ്ടായെന്നും പരാതിക്കാരന് നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടെന്നും പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് അധികാരമുണ്ടെന്നും കണ്ടെത്തിയാണ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ വിധി. പരാതിക്കാരന് 10,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം ഹരജി തിയ്യതി മുതല്‍ വിധി സംഖ്യയുടെ ഒമ്പത് ശതമാനം പലിശയും നല്‍കണമെന്നും വിധിയില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!