Section

malabari-logo-mobile

ഇനിയും നിങ്ങള്‍ ഹ്യുമാനിറ്റീസുകാരെ വെയിലത്ത് നിര്‍ത്തരുത്.

HIGHLIGHTS :             മലയാളി രക്ഷിതാക്കള്‍ക്ക് ഹ്യുമാനിറ്റീസിനോടുള്ള കാഴ്ചപ്പാട് മാറാനുള്ള സമയമായിരിക്കുന്നു. കാലാകാലങ്ങളായി അവ...

 

 

 

 

 

 

മലയാളി രക്ഷിതാക്കള്‍ക്ക് ഹ്യുമാനിറ്റീസിനോടുള്ള കാഴ്ചപ്പാട് മാറാനുള്ള സമയമായിരിക്കുന്നു. കാലാകാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജം പകരുന്ന വാര്‍ത്തകള്‍ ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷഫലവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എന്‍.കെ സലീം എഴുതുന്നു.

ഇനിയും നിങ്ങള്‍ ഹ്യുമാനിറ്റീസുകാരെ വെയിലത്ത് നിര്‍ത്തരുത്. കാലങ്ങളായി തുടരുന്ന അവഗണനയും മാറ്റി നിര്‍ത്തലും കൊണ്ട് എപ്പഴും പിന്നിലാക്കപ്പെട്ട ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും പകരുന്ന വാര്‍ത്തകളാണ് സിവില്‍ സര്‍വീസ് പരീക്ഷഫലവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്.

sameeksha-malabarinews

പ്ലസ്ടുവില്‍ ഹ്യുമാനിറ്റീസ് തന്നെ പഠിച്ച് രാജ്യത്തെ ഏറ്റവും തിളക്കമുള്ള സിവില്‍ സര്‍വീസിന്റെ തലപ്പെത്തെത്തിയ വിദ്യാര്‍ത്ഥി. മലപ്പുറം കരുവാരക്കുണ്ട് പുല്‍വെട്ട സ്വദേശിയായ പി. മുഹമ്മദ് സജാദ് 390ാം റാങ്കോടെയാണ് അഭിമാന വിജയം സ്വന്തമാക്കിയത്. പ്ലസ്ടുവിന് സയന്‍സ് ലഭിക്കാത്തതും ഹ്യുമാനിറ്റീസ് എടുത്തുപഠിച്ചതും തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി കരുതുന്ന സജാദിന് അഭിനന്ദനങ്ങളും ആശംസകളും…

ഇരുപത്തിയഞ്ച് പേരാണ് കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ സ്വപ്ന സമാനമായ വിജയം നേടിയത്.കഴിഞ്ഞ വര്‍ഷവും ഇതേ പോലുള്ള വിജയക്കുതിപ്പ് കേരളം നടത്തിയിരുന്നു. കുറിച്യ വിഭാഗത്തില്‍ നിന്ന് ആദ്യ ഐ.എസുകാരിയായി ശ്രീധന്യയും കേരളത്തിന്റെ യശസ്സ് ഉയര്‍ത്തി.

കേരളത്തില്‍ വര്‍ഷങ്ങളായി തുടരുന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഹ്യുമാനിറ്റീസ് പുറംതള്ളപ്പെട്ടതും സയന്‍സിന് അപ്രമാദിത്യം കല്‍പിച്ചതും. സയന്‍സ് എടുത്ത് പഠിക്കുന്നവന് ലഭിച്ച പ്രിവിലേജ് മറ്റൊരു സ്ട്രീമിലെ വിദ്യാര്‍ത്ഥിക്കും ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പ്രിവിലേജിന് ഇളക്കം തട്ടിയിരിക്കുന്നു. രക്ഷിതാക്കളുടെ നിര്‍ബന്ധത്തില്‍ നിന്ന് മാറി വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ട്രീമില്‍ ചേരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസ് സ്വപ്നം കണ്ട് പഠിക്കുന്നു. പരീക്ഷ എഴുതുന്നു. വിജയിക്കുന്നു. സിവില്‍ സര്‍വീസ് ചര്‍ച്ചയാകുന്നു.ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ മാത്രം സംഭവിച്ച ഏറ്റവും വിപ്ലവകരമായ മാറ്റമാണ്. സര്‍ക്കാര്‍ ഈ മാറ്റത്തെ മുന്നില്‍ കണ്ട് കൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളെ അതിന്റെ ഏറ്റവും നിലവാരമുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.മെഡിക്കലിനും എഞ്ചിനീയറിംഗിനും ബാധിച്ച തളര്‍ച്ച സിവില്‍ സര്‍വീസ് രംഗത്തേക്ക് മിടുക്കരായ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.അത് കൊണ്ട് തന്നെ ഇനിയും നിങ്ങള്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തരുത്. മറ്റ് സ്ട്രീമുകളുടെ പ്രിവിലേജ് അതേ അര്‍ത്ഥത്തില്‍ തന്നെ അവര്‍ക്കും അവകാശപ്പെട്ടതാണ്.അത് അവര്‍ തെളിയിച്ച് കൊണ്ടിരിക്കുന്നു എന്ന വാര്‍ത്തകളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് കേള്‍ക്കുന്നത്, കാണുന്നത്.

എന്‍.കെ. സലീം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!