ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118ാം വയസില്‍ അന്തരിച്ചു. സിസ്റ്റര്‍ ആന്ദ്രേ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലൂസൈല്‍ റാന്‍ഡന്‍ എന്ന കന്യാസ്ത്രീയാണ് ഫ്രാന്‍സില്‍ വെച്ച് അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന ടൗലോണിലെ നഴ്സിംഗ് ഹോമിലായിരുന്നു അന്ത്യം. 1904 ഫെബ്രുവരി 11 ന് തെക്കന്‍ ഫ്രാന്‍സിലാണ് അവര്‍ ജനിച്ചത്.
1944ല്‍ കന്യാസ്ത്രീ ആയപ്പോഴാണ് റാന്‍ഡന്‍ ആന്ദ്രേ എന്ന പേര് സ്വീകരിച്ചത്. ജെറന്റോളജി റിസേര്‍ച്ച് ഗ്രൂപ്പിന്റെ വേള്‍ഡ് സൂപ്പര്‍ സെന്റേറിയന്‍ റാങ്കിംഗ് ലിസ്റ്റ് അനുസരിച്ചാണ് റാന്‍ഡനെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയത്. 2022ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും റാന്‍ഡന്റെ പേര് വന്നിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മരണം സംഭവിച്ചതെന്ന് സെന്റ്-കാതറിന്‍-ലേബര്‍ നഴ്‌സിംഗ് ഹോമിന്റെ വക്താവ് ഡേവിഡ് ടവെല്ല എഎഫ്പിയോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിതയായെങ്കിലും രോഗത്തെ വിജയകരമായി അതിജീവിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.
ജപ്പാന്‍കാരി കാനെ തനാക 119-ാം വയസ്സില്‍ കഴിഞ്ഞ വര്‍ഷം മരിച്ചപ്പോഴാണ് സിസ്റ്റര്‍ ഓന്ദ്‌റേ ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയായത്. ഇനി ഈ റെക്കോര്‍ഡ് സ്‌പെയിനില്‍ താമസിക്കുന്ന 115 വയസ്സുള്ള അമേരിക്കക്കാരി മരിയ ബ്രന്യസ് മൊറേറയ്ക്കാണ്.




