കൊച്ചി: കൊച്ചി നഗരസഭ, ആദി ഗ്രൂപ്പ്, മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഒപ്‌റ്റോമെട്രി വിഭാഗം എന്നിവയുമായി സഹകരിച്ച് ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി എഎസ്ജി വാസന്‍ ഐ ഹോസ്പിറ്റല്‍ നേത്ര പ്രദര്‍ശനവും വാക്കത്തോണും സംഘടിപ്പിച്ചു. നേത്രാരോഗ്യത്തെക്കുറിച്ചും വിവിധ നേത്രരോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി കൊച്ചി നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
നേത്ര പ്രദര്‍ശനത്തില്‍ കണ്ണിന്റെ വിശദമായ മാതൃകകള്‍, ഘടന, കോര്‍ണിയ, ഗ്ലോക്കോമ, റെറ്റിന, തിമിരം എന്നിവയുടെ പ്രത്യേകതകള്‍ ഉള്‍പ്പെടെ നേത്രാരോഗ്യത്തിന്റെ വിവിധ വശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആറ് വിജ്ഞാനപ്രദമായ കൗണ്ടറുകളുണ്ടായിരുന്നു. സാധാരണമായ നേത്രരോഗങ്ങളും അവയുടെ ചികിത്സയും എടുത്തു പറയുന്നവയായിരുന്നു ഓരോ സ്റ്റാളും. പ്രദര്‍ശനത്തിനു ശേഷം പൊതുജനങ്ങള്‍ക്ക് നേത്രസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും നടന്നു. തേവര എസ്.എച്ച് ഹൈ സ്‌കൂള്‍, ആദി ഇന്‍സ്റ്റിറ്റ്യൂട്ട്, ഐബിസ് അക്കാഡമി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുള്‍പ്പെടെ നാനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.വാക്കത്തോണ്‍ പള്ളിമുക്കിലെ ആദി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആരംഭിച്ച് എഎസ്ജി വാസന്‍ ഐ ഹോസ്പിറ്റലില്‍ അവസാനിച്ചു.




