യുവാക്കള്‍ കേരളം വിട്ടുപോകുന്ന പ്രവണതയ്ക്ക് മാറ്റം വന്നതായി ലോകപ്രശസ്ത കാര്‍ഡിയോളജിസ്റ്റ് പ്രൊഫ സലിം യൂസഫ്

സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനും കരിയറില്‍ പുതിയ മേച്ചില്‍പ്പുറവും തേടി യുവാക്കള്‍ കേരളം വിട്ടു പോകുന്ന സമ്പ്രദായത്തിന് മാറ്റം വന്നതായാണ് താന്‍ മനസിലാക്കുന്നതെന്നും ആ മാറ്റം സൃഷ്ടിച്ച നേതാക്കളോട് നന്ദിയുണ്ടെന്നും ലോകപ്രശസ്ത മലയാളി കാര്‍ഡിയോളജിസ്റ്റും കാനഡ, മക്മാസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് പ്രൊഫസറുമായ സലിം യൂസഫ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബയോമെഡിക്കല്‍ ട്രാന്‍സ്ലേഷനല്‍ റിസര്‍ച്ച് ശില്‍പ്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും 2021ലെ കൈരളി ഗ്ലോബല്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിച്ചശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

നിരവധി വര്‍ഷങ്ങള്‍ വിദേശത്ത് സേവനമനുഷ്ഠിച്ച താന്‍ പലതവണ കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചതാണ്. എന്നാല്‍, തനിക്ക് ക്ലിനിക്കല്‍ മെഡിസിന്‍ മേഖലയില്‍ തസ്തിക ലഭിക്കുമെന്നും തന്റെ ഇഷ്ടമേഖലയായ അക്കാദമിക് ഗവേഷണത്തില്‍ തസ്തിക കിട്ടാന്‍ സാധ്യത ഇല്ലെന്നുമായിരുന്നു മറുപടി. ”കാരണം എന്റെ മെഡിക്കല്‍ ബിരുദാനന്തര ബിരുദം ഇന്ത്യയില്‍നിന്നുള്ളത് അല്ലായിരുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഞാന്‍ നേടിയ ഡി.ഫില്ലും ഇംഗ്ലണ്ടില്‍ നിന്നുള്ള എം.ആര്‍.സി.പിയും വിദേശത്തെ എന്റെ ഏഴു വര്‍ഷത്തെ ക്ലിനിക്കല്‍ ട്രെയിനിങ്ങും ഇന്ത്യയില്‍ പരിഗണിക്കാത്ത അവസ്ഥ വന്നു. അതുകൊണ്ടാണ് എനിക്ക് കേരളത്തിലേക്കു മടങ്ങാന്‍ സാധിക്കാഞ്ഞത്. പക്ഷേ ഇപ്പോള്‍ ആ അവസ്ഥ മാറി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ മാറ്റത്തിന് കാരണക്കാരായ സംസ്ഥാനത്തെ നേതാക്കളോട് നന്ദി പറയുന്നു” പ്രൊഫ യൂസഫ് പറഞ്ഞു.

കേരളത്തിലെ ഒരു യുവാവും യുവതിയും സംസ്ഥാനം വിട്ടു പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അവാര്‍ഡിനോടൊപ്പം ക്യാഷ് പ്രൈസായി തനിക്ക് ലഭിച്ച 5 ലക്ഷം രൂപ വൈദ്യശാസ്ത്ര ഗവേഷണ മേഖലയില്‍ യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രൊഫ. സലിം യൂസഫ് സംഭാവന നല്‍കി. തുക വളരെ ചെറുതാണെന്നും പക്ഷേ ഈ പണം ഉപയോഗിച്ച് വലിയൊരു ഫണ്ട് കെട്ടിപ്പടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ലോകത്തിലെ പ്രധാന രോഗങ്ങളില്‍ 80 ശതമാനവും ദരിദ്ര രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ആണെന്നും എന്നാല്‍ ആരോഗ്യ മേഖലയില്‍ ലോകത്ത് നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ 80 ശതമാനവും സമ്പന്ന രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ആണെന്നും പ്രൊഫ സലിം യൂസഫ് ചൂണ്ടിക്കാട്ടി. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് പ്രൊഫ. സലിം യൂസഫ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top