കേര പദ്ധതിക്ക് 1655.85 കോടിയുടെ ലോകബാങ്ക് സഹായം: മന്ത്രി പി. പ്രസാദ്

HIGHLIGHTS : World Bank assistance of 1655.85 crores for Kera project: Minister P. Prasad

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും അതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമര്‍പ്പിച്ച കേരളാ ക്ലൈമറ്റ് റെസിലിയന്റ്‌റ് അഗ്രി-വാല്യൂ ചെയിന്‍ (കേര) പദ്ധതിയ്ക്ക് ലോകബാങ്ക് സഹായം ലഭിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒക്ടോബര്‍ 31ന് കൂടിയ ലോക ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ യോഗം സംസ്ഥാന കൃഷി വകുപ്പ് സമര്‍പ്പിച്ച 2,365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ആദ്യ ഗഡുവായി 1,655.85 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതില്‍ ആനുപാതിക സംസ്ഥാന വിഹിതം 709.65 കോടി രൂപയാണ്. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ അടുത്ത 5 വര്‍ഷം കൊണ്ട് പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

കാലാവസ്ഥാനുപൂരകമായ കൃഷി രീതികള്‍ അനുവര്‍ത്തിക്കുന്നതിലൂടെ ഏകദേശം 4 ലക്ഷം കര്‍ഷകര്‍ക്ക് പ്രത്യക്ഷമായും, 10 ലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതില്‍ സ്ത്രീകള്‍ നടത്തുന്ന ചെറുകിട, ഇടത്തരം കാര്‍ഷിക സംരംഭങ്ങള്‍ക്കുള്ള വാണിജ്യ സഹായമായി 76 കോടി രൂപ പ്രത്യേക ധനസഹായവും ഉള്‍പ്പെടുന്നു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചു കൊണ്ട് നെല്ലിന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ ഉദ്ദേശത്തോടെ പദ്ധതി തുകയില്‍ നിന്ന് 500 കോടി രൂപ മുതല്‍ മുടക്കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കും. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കര്‍ഷകന്റെ സാങ്കേതിക- സാമ്പത്തിക-സാമൂഹിക ക്ഷേമ സംബന്ധമായ എല്ലാ വെല്ലുവിളികളെയും പങ്കാളിത്ത രീതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നേരിടാനുള്ള തുടക്കമെന്ന നിലയില്‍ കൃഷി സമൃദ്ധി പദ്ധതിക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

തരിശിട്ടിരിക്കുന്ന ഭൂമി ഏറ്റെടുത്ത് കൃഷിയിറക്കുന്നതിനായി സര്‍ക്കാര്‍ രൂപം നല്‍കിയ നവോത്ഥാന്‍ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ക്രോപ്പ് കള്‍ട്ടിവേറ്റേഴ്‌സ് കാര്‍ഡ് അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ മൊത്തം കൃഷി ഭൂമിയില്‍ ഏകദേശം 103,334 ഹെക്ടര്‍ തരിശിട്ടിരിക്കുകയാണ്. ഇതില്‍ 50,000 ഹെക്ടര്‍ ഭൂമി അടുത്ത വര്‍ഷങ്ങളില്‍ കൃഷിയോഗ്യമാക്കാന്‍ സാധിച്ചാല്‍ സംസ്ഥാനത്തിന്റെ പഴം, പച്ചക്കറി ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുകയും കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!