HIGHLIGHTS : Women should not be judged based on the clothes they wear: High Court
ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ബാക്കിയാണെന്നുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എംബി സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടത്.
ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബകോടതി ഉത്തരവിനെതിരെ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. ‘ഏതു വസ്ത്രമാണ് ധരിക്കേണ്ടതെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അതിന്റെ പേരില്‍ കോടതിയുടെ മോറല്‍ പൊലീസിങ്ങിന് വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളില്‍ ഉണ്ടാകരുത്’- ഹൈക്കോടതി പറഞ്ഞു.
യുവതി പരസ്പര സമ്മതത്തോടെ ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു. ഈ യുവതിയാണ് മാവേലിക്കര കുടുംബകോടതി കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ശരീരം പുറത്തുകാണുന്ന വസ്ത്രങ്ങള്‍ ധരിച്ചു, ഡേറ്റിങ് ആപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു എന്നിങ്ങനെയുള്ള കാരണങ്ങളില്‍ കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചത്.
അതേസമയം, വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചത്തിനും മാവേലിക്കര കുടുംബകോടതി യുവതിയെ കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിതരായ സ്ത്രീകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന തരത്തിലുള്ള കുടുംബകോടതിയുടെ വിലയിരുത്തല്‍ അംഗീകരിക്കാനേ കഴിയില്ലെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.