HIGHLIGHTS : Women should find more time to come out into society: Adv. P. Satidevi
സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്ന് കേരള വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. കോഴിക്കോട് എലത്തൂരില്‍ വനിതാ കമീഷന്‍ സംഘടിപ്പിച്ച തീരദേശ ക്യാമ്പിന്റെ ഭാഗമായ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സാങ്കേതികമായും സാമൂഹികമായും നാം ഏറെ വളര്‍ന്നുവെന്ന് പറയുമ്പോഴും സമൂഹത്തിന്റെ പൊതുബോധ മണ്ഡലത്തില്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് സമീപകാല സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് വികലമായ മനസ്സ് കൊണ്ടുനടക്കുന്നവര്‍ സമൂഹത്തില്‍ ഉള്ളതുകൊണ്ടാണ്. അവിടെ തിരുത്തുണ്ടാകുന്നതിന് തുടര്‍ച്ചയായ ഇടപെടലുകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കണമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.
സേതു സീതാറാം എഎല്‍പി സ്‌കൂളില്‍ നടന്ന സെമിനാറില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സാഫ് പദ്ധതികളെക്കുറിച്ച് കോഴിക്കോട് ഫിഷറീസ് ഓഫീസര്‍ ടി അനുരാഗും തീരദേശ മേഖലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് കോഴിക്കോട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി കെ ആതിരയും ക്ലാസെടുത്തു. വനിതാ കമീഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍ ജയശ്രീ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ കമീഷന്‍ മെമ്പര്‍ സെക്രട്ടറി വൈ ബി ബീന സ്വാഗതവും പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ എട്ടിന് ഗൃഹസന്ദര്‍ശനവും നടന്നു. എലത്തൂര്‍ തീരദേശ മേഖലയില്‍ ഒറ്റക്ക് കഴിയുന്നവരും കിടപ്പുരോഗികള്‍ ഉള്ളതുമായ സ്ത്രീകളുടെ ഭവനങ്ങളാണ് കമീഷന്‍ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്. ജനപ്രതിനിധികള്‍, വനിതാ കമീഷന്‍ ഉദ്യോഗസ്ഥര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു. ആദ്യദിനമായ 20ന് തീരദേശ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ഏകോപനയോഗം ചേര്‍ന്നിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു