ചെമ്പുകടവ് പാലം നിര്‍മാണം അവസാനഘട്ടത്തില്‍; നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു

HIGHLIGHTS : കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിലെ രണ്ട് അങ്ങാടികളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. 7.85 കോടി രൂപ ചെലവിട്ട് നിര്‍മിക്...

കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിലെ രണ്ട് അങ്ങാടികളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. 7.85 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന പാലത്തിന്റെ അവസാനഘട്ട പെയിന്റിങ്ങും റോഡിന്റെ സൈഡ് കോണ്‍ക്രീറ്റിങ്ങുമാണ് ശേഷിക്കുന്നത്. ചാലിപ്പുഴക്ക് കുറുകെ ജലസേചന വകുപ്പ് നിര്‍മിച്ച ബണ്ടാണ് നിലവില്‍ രണ്ട് അങ്ങാടികളെ ബന്ധിപ്പിക്കുന്നത്. ചെമ്പുകടവ് മൂന്നാം വാര്‍ഡിലെ ആളുകള്‍ക്ക് ആശുപത്രി സൗകര്യം, പോസ്റ്റ് ഓഫീസ്, റേഷന്‍ കട, സ്‌കൂള്‍ എന്നിവയെല്ലാം പുഴക്ക് മറുകരയിലാണ്. ബണ്ടില്‍ മഴക്കാലത്ത് വെള്ളം കയറുന്നതിനാല്‍ പ്രദേശവാസികള്‍ വലിയ പ്രയാസമാണ് അനുഭവിച്ചിരുന്നത്. പാലം പണി പൂര്‍ത്തിയായതോടെ ഇതിന് പരിഹാരമാകും.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ജോര്‍ജ് എം തോമസ് എംഎല്‍എ ആയിരുന്നപ്പോഴാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്. ജൂലൈയില്‍ പാലത്തിന്റെ ഉദ്ഘാടനം നടത്താനാകുമെന്ന് ലിന്റോ ജോസഫ് എംഎല്‍എ അറിയിച്ചു.

56 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചത്. രണ്ട് വശങ്ങളിലായി 1.5 മീറ്റര്‍ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. നൂറാം തോട് ഭാഗത്തേക്ക് 142 മീറ്ററും കോടഞ്ചേരി ഭാഗത്തേക്ക് 84 മീറ്ററും നീളത്തില്‍ ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ അപ്രോച്ച് റോഡും ഇതില്‍ ഉള്‍പ്പെടുന്നു. യുഎല്‍സിസിക്കായിരുന്നു നിര്‍മാണ ചുമതല. 2021ല്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും അപ്രോച്ച് റോഡിനാവശ്യമായ സ്വകാര്യ വ്യക്തികളുടെ സ്ഥലം വിട്ടുകിട്ടുന്നതില്‍ വന്ന പ്രതിസന്ധിയാണ് പൂര്‍ത്തീകരണം വൈകാനിടയായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!