സ്ത്രീകളോടുള്ള അനാദരവുകളെ ശക്തമായി നേരിടണം:മന്ത്രി കെ.കെ. ശൈലജടീച്ചര്‍

സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകളെ ശക്തമായി നേരിടണമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.  അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ഉപന്യാസ, ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു്  മന്ത്രി.

മറ്റു സംസ്ഥാനങ്ങളെപ്പോലെ  കേരളവും പെണ്‍കുട്ടികളെ ആഗ്രഹിക്കാതിരിക്കുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആറുവയസ്സുവരെയുള്ള കുട്ടികളുടെ എണ്ണത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം ആണ്‍ക്കുട്ടികളെക്കാള്‍ കുറയുന്നത് ഇവിടെ ഭ്രൂണഹത്യകള്‍ ഉള്ളതുകൊണ്ടല്ല, ജൈവികമായ കാരണങ്ങള്‍ കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ആറു വയസ്സിനു മുകളിലുള്ള ആണ്‍-പെണ്‍ അനുപാതം നോക്കിയാല്‍ സ്ത്രീകളാണ് കൂടുതലെന്ന് കാണാം. സ്ത്രീപ്രാതിനിധ്യത്തില്‍ കേരളം മുമ്പിലാണെങ്കിലും സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകള്‍ സമീപകാലത്ത് ഏറിവരുന്നതായും ഇത് ചെറുക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ജൈവപരമായ കാരണങ്ങളാല്‍ സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടായിക്കൂടാ. സ്വയം വരുമാനമാര്‍ജജിച്ച് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ ഓരോ സ്ത്രീയും കരുത്തരാകണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ. മോഹനന്‍ കെ, കെയര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ ബിഹേവിയര്‍ (കാര്‍ബ്) സിഇഒ ഡോ. എസ്.കെ. ഹരികുമാര്‍, കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് മാനേജര്‍ ഡോ. ആര്‍. രമേഷ്, ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ ദേശീയ കോര്‍ഡിനേറ്റര്‍ ഡോ. സോന പുങ്ഗാവല്‍കര്‍, ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. റിജോ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles