
കോഴിക്കോട് : മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ യുവതി ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കവേ ശുചി മുറിയിൽ ഫ്ലഷ് അടിച്ച് മാല ഒഴുക്കിക്കളഞ്ഞു. ഇതോടെ തൊണ്ടി മുതൽ കണ്ടെത്താനാകാതെ പൊലീസ് വലഞ്ഞു. നിലമ്പൂരിൽ ഒരുകുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല വിഴുങ്ങിയ മുക്കട്ടയിൽ പാലേമാട് കല്ലൻകുന്നൻ സമീന (35)യാണ് തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കിയത്.
മാല കണ്ടെത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് പൊലീസ് ഇവരെ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഞായറാഴ്ച യുവതി ശുചിമുറിയിൽ പോയപ്പോൾ വിസർജ്യത്തിനൊപ്പം പുറത്തുവ ന്ന മാല ഫ്ലഷ് അടിച്ച് കളയുകയായിരുന്നു. രണ്ടാമത് എടുത്ത എക്സറേയിൽ മാല കാണാതായതോടെയാണ് ശുചിമുറിയിൽ ഫ്ലഷ് അടിച്ച് ഒഴിവാക്കിയെന്ന് വ്യക്തമായത്.
വയറ്റിൽ മാലയ്ക്കൊപ്പം മറ്റൊരു സ്വർണ കമ്മലും കണ്ടെത്തിയിരുന്നു. ഇതും വിസർജ്യത്തിനൊപ്പം യുവതി കളഞ്ഞു. നിലമ്പൂരിലെ ആശുപത്രിയിൽനിന്ന് കുട്ടിയുടെ മാല മോഷ്ടിച്ചപ്പോൾ രക്ഷപ്പെടാനായി മാല വിഴുങ്ങുകയായിരുന്നു. കമ്മൽ യുവതിയുടേതു തന്നെയെന്നാണ് സംശയം. കുട്ടിയുടെ സ്വർണ മാലയല്ല തന്റെ സ്വർണമാണ് വിഴുങ്ങിയതെന്ന് വരുത്തിത്തീർക്കാനാണ് കമ്മൽ വിഴുങ്ങിയതെന്നാണ് വിവരം. യുവതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




