പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു; 2 പേര്‍ക്ക് പരിക്ക്‌

ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.

പ്രീമിയര്‍ ഷോയ്ക്ക് എത്തിയ അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടി അടക്കം രണ്ട് പേര്‍ ബോധം കെട്ട് വീണു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം എത്തി സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ ആളുകള്‍ സന്ധ്യ തിയറ്ററിലേക്ക് വലിയ തോതില്‍ ഒഴുകിയെത്തുകയായിരുന്നു.

വന്‍ വിജയമായി മാറിയ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് ‘പുഷ്പ 2’. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top